തിരുവനന്തപുരം: കേരളത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. ജൂണ്‍ 25നാണ് തിരഞ്ഞെടിപ്പ്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ വിശ്വം, സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എന്നിവരുടെ കാലാവധി ജൂണ്‍ ഒന്നിന് അവസാനിക്കും. നിലവിലെ എംഎല്‍എമാരുടെ എണ്ണം അനുസരിച്ച് എല്‍ഡിഎഫിന് രണ്ടു പേരെയും യുഡിഎഫിന് ഒരാളെയുമാണ് വിജയിപ്പിക്കാനാവുക. ലോക്‌സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ തന്നെ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, സിപിഎമ്മും സിപി ഐയും വിട്ടുവീഴ്ച ചെയ്യാന്‍ സാധ്യതയില്ല. യുഡിഎഫില്‍നിന്ന് എല്‍ഡിഎഫിലേക്കെത്തിയതിനെ തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിനു വേണ്ടി കാഞ്ഞിരപ്പള്ളി, ഇരിക്കൂര്‍ സീറ്റുകള്‍ വിട്ടുനല്‍കിയത് സിപി ഐ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. സിപിഎമ്മില്‍ എം സ്വരാജിന്റേത് ഉള്‍പ്പെടെയുള്ള പേരുകളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. യുഡിഎഫിനുള്ള ഒരു രാജ്യസഭാ സീറ്റ് മുസ് ലിം ലീഗിന് നല്‍കാനാണ് തത്വത്തില്‍ ധാരണ. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുകയോ ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല.