കൈക്കൂലിക്കേസ്: സിബിഐ മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്ക് ക്ലീന്‍ചിറ്റ്

Update: 2021-02-09 10:12 GMT

ന്യുഡല്‍ഹി: മരുന്ന് കമ്പനിയായ സ്റ്റെര്‍ലിങ് ബയോടെകില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന കേസില്‍ മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്ക് സിബിഐ ക്ലീന്‍ചിറ്റ് നല്‍കി. അസ്താനയ്ക്ക് സിബിഐ നല്‍കുന്ന രണ്ടാമത്തെ ക്ലീന്‍ ചിറ്റാണിത്. മാംസ വ്യാപാരിയായ മൊയിന്‍ ഖുറേഷിയില്‍ നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു.

ആരോപണത്തെ തുടര്‍ന്ന് 2018ല്‍ രാകേഷ് അസ്താനയെ സിബിഐയില്‍ നിന്ന് നീക്കിരുന്നു. നിലവില്‍ ബിഎസ്എഫ് മേധാവിയാണ് രാകേഷ് അസ്താന. സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് കഴിഞ്ഞയാഴ്ച വിരമിച്ച ആര്‍.കെ ശുക്ല ആണ് അസ്താനയേയും മറ്റുള്ളവരെയും ആരോപണവിമുക്തരാക്കുന്ന അന്വേഷണ റിപോര്‍ട്ടില്‍ ജനുവരി പകുതിയോടെ ഒപ്പുവച്ചിരിക്കുന്നത്. സി.ബി.ഐ അന്വേഷണ സംഘത്തിന്റെ ഐക്യകണേ്ഠനയുള്ള തീരുമാനമാണിതെന്നും തെളിവുകളുടെ അഭാവത്തില്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

2017 ആഗസത് 30നാണ് മൂന്ന് ഉദ്യോഗസ്ഥര്‍ക്കും സ്‌റ്റെര്‍ലിങ് ബയോടെക്കിനും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമെതിരെ അഴിമതിയാരോപണത്തില്‍ സി.ബി.ഐ കേസെടുത്തത്. 2011ല്‍ സ്‌റ്റെറലിങ്‌സ്റ്റെര്‍ലിങ് ബയോടെക്സ് കമ്പനി ഉടമകളായ ചേതന്‍ സന്ദേസര, നിതിന്‍ സന്ദേസര എന്നീ സഹോദരങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നടന്ന റെയ്ഡിലാണ്കോഴപ്പണത്തിന്റെ കണക്കുള്ള ഡയറി കണ്ടെത്തിയത്. ഇവരില്‍ നിന്ന് നാല് കോടി കൈപ്പറ്റിയെന്നാണ് ആരോപണം. തുടര്‍ന്ന് അന്നത്തെ സി.ബി.ഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മയാണ് കേസെടുക്കാന്‍ നിര്‍ദേശിച്ചത്. അസ്താനയുടെ എന്ന പേരില്‍ ഡയറിയില്‍ എഴുതിയിരുന്ന 12 അക്ക അക്കൗണ്ട് നമ്പറിനെ കുറിച്ച് അന്വേഷിച്ചു. എന്നാല്‍ മൂന്നു വര്‍ഷത്തെ അന്വേഷണത്തില്‍ അത്തരമൊരു അക്കൗണ്ട് കണ്ടെത്താന്‍ കഴിഞ്ഞില്ല. തെളിവുകള്‍ ലഭിക്കാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കാന്‍ സംഘം തീരുമാനിക്കുകയായിരുന്നു.

2017ല്‍ അസ്താനയെ സ്പെഷ്യല്‍ ഡയറക്ടറായി നിയമിക്കുന്നത് എതിര്‍ത്തുകൊണ്ട് അലോക് വര്‍മ്മ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ ഡയറിയിലെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ എതിര്‍പ്പ് തള്ളിക്കൊണ്ട് നിയമനം നടത്തുകയായിരുന്നു. അസ്താനയെ പദവിയില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടും വിജിലന്‍സ് കമ്മീഷണര്‍ക്ക് കത്ത് ലഭിച്ചിരുന്നു. ക്ലീന്‍ചിറ്റ് ലഭിച്ചതോടെ അസ്താന വീണ്ടും സി.ബി.ഐ തലപ്പത്ത് എത്താന്‍ സാധ്യതയുണ്ടെന്നാണ് അഭ്യൂഹം. പുതിയ സി.ബി.ഐ ഡയറക്ടറെ നിയമിക്കുന്നതിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതലയോഗം വൈകാതെ ചേരും.




Similar News