രാമക്ഷേത്ര പ്രതിഷ്ഠ: കോണ്‍ഗ്രസ് പങ്കെടുക്കരുതെന്ന് മുരളീധരന്‍; തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വമെന്ന് സുധാകരന്‍
തിരുവനന്തപുരം: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിലും ഭിന്നാഭിപ്രായം. ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളഘടകത്തിന്റെ നിലപാടെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു. ഇക്കാര്യം കെ സി വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട്. ഇന്‍ഡ്യ മുന്നണി നേതാക്കളുമായി ആലോചിച്ച് കേന്ദ്ര നേതൃത്വം തീരുമാനമെടുക്കും. പാര്‍ട്ടിയില്‍ വിശ്വാസികളും അവിശ്വാസികളുമുണ്ട്. എല്ലാവരുടെയും വികാരങ്ങള്‍ മാനിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
എന്നാല്‍, ഇക്കാര്യം തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വമാണെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയുടെ നിലപാട്. കെപിസിസി തീരുമാനിക്കേണ്ട കാര്യമല്ല. ദേശീയ നേതൃത്വം ചോദിച്ചാല്‍ അഭിപ്രായം അറിയിക്കും. അത് മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും സുധാകരന്‍ പറഞ്ഞു. സമസ്ത മുഖപത്രത്തില്‍ കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തോടും കെ സുധാകരന്‍ പ്രതികരിച്ചില്ല. അവര്‍ക്ക് അവരുടെ അഭിപ്രായം പറയാമെന്നും അതിനോട് താന്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു സുധാകരന്റെ മറുപടി. 2024 ജനുവരി 22നാണ് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി തുടങ്ങിയവരെ രാമക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കായിരുന്നു. എന്നാല്‍, ചടങ്ങില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കോണ്‍ഗ്രസ് നിലപാടിനെതിരേ സമസ്ത രംഗത്തെത്തിയിരുന്നു.