അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; സോണിയാഗാന്ധി പങ്കെടുത്തേക്കും

Update: 2023-12-21 16:42 GMT
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; സോണിയാഗാന്ധി പങ്കെടുത്തേക്കും

ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി പങ്കെടുത്തേക്കും. രാമജന്‍മഭൂമി ട്രസ്റ്റ് പ്രതിനിധി സംഘം നല്‍കിയ ക്ഷണക്കത്ത് സോണിയാ ഗാന്ധി സ്വീകരിച്ചതായും സോണിയാ ഗാന്ധി നേരിട്ടോ അവരുടെ പ്രതിനിധിയോ ചടങ്ങളില്‍ പങ്കെടുക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് പറഞ്ഞു. സോണിയാജിയില്‍ നിന്നു വളരെ പോസിറ്റീവായ പ്രതികരണമാണ് ഉണ്ടായത്. ഒന്നുകില്‍ സോണിയയോ അല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നുള്ള ഒരു പ്രതിനിധി സംഘമോ പോവും. ഇതില്‍ എന്താണ് എതിര്‍പ്പെന്നും ദിഗ്‌വിജയ് സിങ് ചോദിച്ചു. രാമ ജന്മഭൂമി ട്രസ്റ്റ് ഏതെങ്കിലും പാര്‍ട്ടിയുടേതല്ല, കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേ, ബാബരി ധ്വംസനത്തിലേക്ക് വഴിതെളിയിച്ച പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുതിര്‍ന്ന സംഘപരിവാര നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്ക് ട്രസ്റ്റ് അധികൃതര്‍ പ്രതിഷ്ഠാ ചടങ്ങിലേക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് വിവാദമായതോടെ വിഎച്ച്പി നേതാക്കള്‍ നേരിട്ട് ഇരുവരുടെയും വീടുകളിലെത്തി ക്ഷണക്കത്ത് നല്‍കുകയും ചെയ്തിരുന്നു. ജനിവരി 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തുടങ്ങിയവരെ ക്ഷണിച്ചിട്ടുണ്ട്.

Tags:    

Similar News