മാവോവാദി വേട്ടക്കായി ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കാനുള്ള തീരുമാനത്തിനെതിരേ രമേശ് ചെന്നിത്തല
പവൻഹൻസ് എന്ന കമ്പനിയുമായി ഉണ്ടാക്കിയ ധാരണ ഉയർന്ന തുകക്കാണെന്ന് കാണിച്ചാണ് വാടക കരാര്‍ സംന്ധിച്ച് സര്‍ക്കാറുമായി നേരത്തെ ചര്‍ച്ച നടത്തിയ ചിപ്സൺ ഏവിയേഷൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
തിരുവനന്തപുരം: മാവോവാദി വേട്ടക്കായി സംസ്ഥാനത്ത് ഹെലികോപ്റ്റര്‍ മാസ വാടകക്ക് എടുക്കാനുള്ള തീരുമാനത്തിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കുന്നത് ചില കമ്പനികളെ സഹായിക്കാനാണ്. മുഖ്യമന്ത്രി ഇപ്പോൾ തന്നെ ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നുണ്ട്. ആകാശക്കൊള്ളക്കാണ് കേരളത്തിൽ അവസരമൊരുങ്ങുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്ത് ഉള്ളത്. അതിനിടയിലാണ് കോടികളുടെ ബാധ്യത വരുത്തുന്ന തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. മാവോയിസ്റ്റുകളുടെ പേരിൽ ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കേണ്ട യാതൊരു സാഹചര്യവും കേരളത്തിലില്ലെന്നും ചില വ്യക്തികളുടെ താൽപര്യം മാത്രമാണ് നടപ്പാകുന്നതെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം പവൻഹൻസ് എന്ന കമ്പനിയുമായി ഉണ്ടാക്കിയ ധാരണ ഉയർന്ന തുകക്കാണെന്ന് കാണിച്ചാണ് വാടക കരാര്‍ സംന്ധിച്ച് സര്‍ക്കാറുമായി നേരത്തെ ചര്‍ച്ച നടത്തിയ ചിപ്സൺ ഏവിയേഷൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. കൂടിയ തുകക്ക് കരാര്‍ ഉറപ്പിക്കാൻ പവൻഹൻസ് എന്ന കമ്പനിയുമായി ചർച്ച നടത്തിയ മുഖ്യമന്ത്രിയുടെ പോലിസ് ഉപദേശകൻ രമൺ ശ്രീവാസ്തവ ബോധപൂര്‍വ്വം ഇടപെട്ടെന്നാണ് പരാതിയിൽ വിശദമാക്കുന്നത്.
സംസ്ഥാന സർക്കാറിനു വേണ്ടി കേരള പൊലിസാണ് പവൻഹൻസുമായി ധാരണയിലെത്തിയത്. ചര്‍ച്ചകളിൽ ഉരുത്തിരിഞ്ഞ ധാരണയനുസരിച്ച് ഈ മാസം പത്തിനാണ് സര്‍ക്കാര്‍ ഈ കമ്പനിയുമായി കരാർ ഒപ്പിടുന്നത്. പ്രതിമാസം 20 മണിക്കൂർ പറക്കാൻ നൽകേണ്ടത് ഒരു കോടി നാൽപ്പത്തിനാല് ലക്ഷം രൂപയാണ് . 11 പേർക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എഞ്ചിനുള്ള ഹെലികോപ്റ്ററാണ് പവൻഹൻസ് വാടകക്ക് നൽകുന്നത്. എന്നാൽ ബംഗളൂരു ആസ്ഥാനമായ ചിപ്സൺ ഏവിയേഷൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞമാസം എട്ടിന് നൽകിയ കത്ത് ഈ കരാറിലെ ദുരൂഹത ശക്തമാക്കുന്നു.
മുഖ്യമന്ത്രിയുടെ പോലിസ് ഉപദേശകൻ രമൺ ശ്രീവാസ്തവയാണ് ആദ്യ ഘട്ട ചർച്ചകൾ നടത്തിയത്. ചർച്ചയിൽ ഒരിക്കലും 11 പേർക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എഞ്ചിൻ ഹെലികോപ്റ്റർ വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നില്ലെന്നാണ് ചിപ്സൺ ഏവിയേഷന്‍റെ വാദം. ഹെലികോപ്റ്ററിൽ രക്ഷാ പ്രവർത്തനത്തിനുള്ള ഉപകരണങ്ങൾ വേണമെന്ന് ശ്രീവാസ്തവ ആവശ്യപ്പെട്ടു. അതില്ലെന്ന് അറിയിച്ചതോടെ ചർച്ച തുടർന്നില്ല. എന്നാൽ ഇപ്പോൾ ധാരണയിലെത്തിയ പവൻഹൻസ് ഹെലികോപ്റ്ററിലും ഈ ഉപകരണങ്ങൾ ഇല്ലെന്ന് ചിപ്സൺ ഏവിയേഷൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.