തിരുവനന്തപുരം: കോടതി മൂന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ പോയ നടന്‍ സിദ്ദിഖിനായി മാധ്യമങ്ങളില്‍ ലുക്കൗട്ട് നോട്ടീസ്. നടിയുടെ പീഡന പരാതിയില്‍ പ്രതിയാണ് സിദ്ദിഖ്. ദേശാഭിമാനി ദിനപത്രത്തിലും മറ്റൊരു ഇംഗ്ലീഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിദ്ദിഖിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് നോട്ടീസില്‍ പറയുന്നു.
'ഫോട്ടോയില്‍ കാണുന്ന ഫിലിം ആര്‍ട്ടിസ്റ്റ് സിദ്ദിഖ് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നിലവിലുള്ള കേസിലെ പ്രതിയും ഒളിവില്‍ പോയിട്ടുള്ളയാളും ആണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ താഴെ പറയുന്ന ഫോണ്‍ നമ്പറിലോ വിലാസത്തിലോ അറിയിക്കണം', ലുക്കൗട്ട് നോട്ടീസില്‍ പറയുന്നു. തിരുവനന്തപുരം സിറ്റി പോലിസ് കമ്മിഷണര്‍ (9497996991) , റെയ്ഞ്ച് ഡിഐജി (9497998993), നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ (9497990002), മ്യൂസിയം പോലിസ് സ്റ്റേഷന്‍ (04712315096) എന്നീ നമ്പറുകളിലാണ് വിവരം അറിയിക്കേണ്ടത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് പോലിസ് സൂപ്രണ്ടിന്റെ പേരിലാണ് ലുക്കൗട്ട് നോട്ടീസ്.
ബലാത്സംഗ കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം തള്ളി മൂന്ന് ദിവസം പിന്നിട്ടിട്ടും സിദ്ദിഖിനെ കണ്ടെത്താന്‍ പോലിസിനായിട്ടില്ല. ഹൈക്കോടതി നടപടിക്കെതിരെ നടന്‍ സുപ്രിംകോടതിയെ സമീപിച്ചിട്ടുമുണ്ട്. എഎംഎംഎയും ഡബ്ലൂസിസിയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഇരയാണ് താനെന്നാണ് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ പറയുന്നത്. പരാതിക്കാരിയുടെ വിശ്വാസ്യത ചോദ്യം ചെയ്തിട്ടില്ലെന്നും പരാതിയുടെ വിശ്വാസ്യതയാണ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
2016ല്‍ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വെച്ച് ലൈംഗിക പീഡനം നടന്നെന്നാണ്് യുവ നടിയുടെ പരാതി. അന്നേ ദിവസത്തെ രേഖകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം ഹോട്ടലിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. മ്യൂസിയം പോലിസാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. നിള തിയേറ്ററില്‍ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിനെത്തിയപ്പോഴാണ് പരിചയപ്പെട്ടതെന്നും സിനിമാ ചര്‍ച്ചകള്‍ക്കായി വിളിച്ചുവരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും യുവ നടി പറഞ്ഞിരുന്നു. ആരോപണത്തിന് പിന്നാലെ സിദ്ദിഖ് എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു. തിരുവനന്തപുരം മ്യൂസിയം പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.