കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിക്ക് വിലക്കേര്‍പ്പെടുത്തി മൂന്നു പഞ്ചായത്തുകള്‍
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ 2015ല്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയാണ് നാട്ടില്‍ വിലക്കു നേരിടുന്നത്.
ഔറംഗബാദ്: കൂട്ട ബലാത്സംഗത്തിന് ഇരയായ 30കാരിയെ ഗ്രാമപ്പഞ്ചായത്ത് യോഗം ചേര്‍ന്ന് നാട്ടില്‍നിന്നു പുറത്താക്കി. സമീപത്തെ രണ്ടു പഞ്ചായത്തുകള്‍ കൂടി യുവതിക്ക് വിലക്ക് ഏര്‍പ്പെടുത്തി പ്രമേയം പാസാക്കി.
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ 2015ല്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയാണ് നാട്ടില്‍ വിലക്കു നേരിടുന്നത്. നാട്ടുകള്‍ തന്നെ ഉപദ്രവിക്കുന്നെന്ന് കാണിച്ച് യുവതി പോലിസില്‍ പരാതി നല്കി. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് പോലിസ് പറഞ്ഞു.
അഞ്ചു വര്‍ഷം മുമ്പ് പരുത്തിപ്പാടത്തേക്കു പോവും വഴിയാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. ഈ കേസില്‍ ഈ വര്‍ഷം ആദ്യമാണ് കോടതി വിധി പറഞ്ഞത്. നാലു പേരെ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. നാട്ടില്‍ നിന്നു പോവണം എന്ന് ആവശ്യപ്പെട്ട് ഗ്രാമത്തിലുള്ളവര്‍ ഭീഷണിപ്പെടുത്തുകയാണെന്ന് യുവതി മാധ്യമങ്ങളോടു പറഞ്ഞു. തനിക്കു വിലക്ക് ഏര്‍പ്പെടുത്തിയെന്നു കാണിച്ച് വീടിനു മുന്നില്‍ നോട്ടിസ് പതിച്ചിരിക്കുകയാണ്. ഇതിനായി പഞ്ചായത്ത് പ്രമേയം പാസാക്കിയെന്നും യുവതി പറഞ്ഞു.
യുവതിക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് മൂന്നു പഞ്ചായത്തുകള്‍ പ്രമേയം പാസാക്കിയിട്ടുണ്ടെന്ന് ബ്ലോക്ക് വികസന ഓഫിസര്‍ അനിരുദ്ധ സനപ് പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് 15നാണ് പ്രമേയം പാസാക്കിയത്. വീടിനു മുന്നില്‍ നോട്ടീസ് പതിച്ചിരിക്കുന്നത് കയ്യേറ്റവുമായി ബന്ധപ്പെട്ടാണെന്നാണ് ഗ്രാമ സേവകര്‍ അറിയിച്ചതെന്നും ഓഫിസര്‍ വിശദീകരിച്ചു.