റേഷന്‍ കാര്‍ഡ് മസ്റ്ററിങ്: ആശങ്കകളകറ്റാതെ മസ്റ്ററിങ് നടത്തരുത്- എസ് ഡിപിഐ

Update: 2024-03-15 16:46 GMT

മലപ്പുറം: റേഷന്‍ കാര്‍ഡ് മസ്റ്ററിങിനായി സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാതെയും ഉയര്‍ന്നുവന്ന ആശങ്കകള്‍ പരിഹരിക്കാതെയും മസ്റ്ററിന് നടപടികളുമായി മുന്നോട്ടുപോവരുതെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് എ ബീരാന്‍ കുട്ടി പറഞ്ഞു. മൂന്ന് ദിവസത്തെ റേഷന്‍ വിതരണം നിര്‍ത്തിവച്ചാണ് മസ്റ്ററിങ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, ഇപ്പോള്‍ റേഷനുമില്ല, മസ്റ്ററിങുമില്ലാത്ത അവസ്ഥയാണ്. ഇത് ജനങ്ങളെ ദുരിതത്തിലാക്കുന്ന നടപടിയാണ്. സെര്‍വര്‍ തകരാറിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് റേഷന്‍ മസ്റ്ററിങ് മുടങ്ങിയിരിക്കുന്നത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. റേഷന്‍ വിതരണത്തില്‍ തന്നെ സര്‍വര്‍ തകരാറുകള്‍ നിത്യസംഭവമായിരിക്കെ അത് പൂര്‍ണമായി പരിഹരിക്കാതെയുള്ള മസ്റ്ററിങ് ജനദ്രോഹ നടപടിയാണ്. മസ്റ്ററിങിനായി ഇന്ന് രാവിലെ റേഷന്‍ കടകളിലും ഇതിനായി സജ്ജമാക്കിയ പ്രത്യേക കേന്ദ്രങ്ങളിലും എത്തിയവര്‍ ഏറെനേരം കാത്തിരുന്ന ശേഷം മടങ്ങിപ്പോവേണ്ട അവസ്ഥയാണ് ഉണ്ടായത്. ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് എ ബീരാന്‍ കുട്ടി ആവശ്യപ്പെട്ടു.

Tags:    

Similar News