റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഇന്ന് പൂര്‍ത്തിയാകും

Update: 2024-10-08 09:57 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഇന്ന് പൂര്‍ത്തിയാകും. അന്ത്യോദയ(മഞ്ഞ), മുന്‍ഗണന(പിങ്ക്) എന്നീ റേഷന്‍ കാര്‍ഡ് ഉടമ മസ്റ്ററിങ് ആണ് ഇന്ന് പൂര്‍ത്തിയാവുക. അതേസമയം മസ്റ്ററിങ് സമയപരിധി അവസാനിക്കെ ഇതുവരെയും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ എന്തുചെയ്യുമെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. എന്തെങ്കിലും കാരണം കൊണ്ട് മസ്റ്ററിങ് ചെയ്യാന്‍ കഴിയാതെ പോയവര്‍ക്ക് ബദല്‍ സംവിധാനം ലഭ്യമാകുമെന്നാണ് ഭക്ഷ്യവകുപ്പിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.

നിലവില്‍ എല്ലാ ജില്ലകളിലും 90 ശതമാനം ആളുകളും മസ്റ്ററിങ് പൂര്‍ത്തിയാക്കിയെന്നാണ് ഭക്ഷ്യവകുപ്പ് വ്യക്തമാക്കുന്നത്. മൂന്ന് ഘട്ടമായിട്ടായിരുന്നു സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് മസ്റ്ററിങ്. അതേസമയം പേരിലെ പൊരുത്തക്കേട് മൂലവും ആധാര്‍ കാര്‍ഡ് പുതുക്കാത്തതുമായി ബന്ധപ്പെട്ടും നിരവധിയാളുകള്‍ക്ക് മസ്റ്ററിങ് പൂര്‍ത്തിയാകാതെ പോയിട്ടുണ്ട്. ഇവര്‍ക്ക് എന്നാകും മസ്റ്ററിങ് ചെയ്യാന്‍ കഴിയുക എന്നാണ് അറിയാനുള്ളത്.

ഒക്ടോബര്‍ 8 ചൊവ്വാഴ്ചയാണ് നിലവിലെ മസ്റ്ററിങ് സമയപരിധി അവസാനിക്കുന്നത്. അനുവദിച്ചിരിക്കുന്ന സമയം കഴിഞ്ഞശേഷമാകും, ഇതുവരെ ചെയ്യാന്‍ കഴിയാത്തവരുടെയും അസാധുവാക്കപ്പെട്ടവരുടെയും കാര്യത്തില്‍ തീരുമാനമുണ്ടാവുക.

വിരലടയാളം പൊരുത്തപ്പെടാത്തതിനാല്‍ മസ്റ്ററിങ് നടത്താന്‍ കഴിയാത്തവരുമുണ്ട്. ഐറിസ് സ്‌കാനറിന്റെ സഹായത്തോടെ ഇവരുടെ കണ്ണടയാളം സ്വീകരിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കേണ്ടിവരും. എന്നാല്‍, റേഷന്‍കടകളില്‍ ഐറിസ് സ്‌കാനറില്ല. അതിനാല്‍, മറ്റുമാര്‍ഗങ്ങള്‍ സ്വീകരിക്കാനാണു സാധ്യത. റേഷന്‍കടകളിലെ ഇ പോസ് യന്ത്രത്തില്‍ വിരലടയാളം നല്‍കിയവരില്‍ ചിലരുടെ മസ്റ്ററിങ് താലൂക്കുതല പരിശോധനയില്‍ അസാധുവാക്കപ്പെട്ടിട്ടുണ്ട്. മസ്റ്ററിങ് നടപടികള്‍ പൂര്‍ത്തിയായശേഷമാകും അസാധുവായവരുടെ കണക്കുകള്‍ പുറത്തുവരിക.

ഒക്ടോബര്‍ 31നകം മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രം സംസ്ഥാനത്തിന് നിര്‍ദേശം നല്‍കിയിരുന്നു. റേഷന്‍ കാര്‍ഡില്‍ പേര് ഉള്ളവരെല്ലാം മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. ഇല്ലെങ്കില്‍ അരിവിഹിതം നല്‍കില്ലെന്ന് കേന്ദ്രം കത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് ഘട്ടമായുള്ള മസ്റ്ററിങ് വേഗത്തിലാക്കിയത്.





Tags:    

Similar News