മലയാളി തടവുകാര്‍ ഭോപ്പാല്‍ ജയിലില്‍ നേരിടുന്നത് കൊടിയ പീഡനം: റാസിഖ് റഹീം
-പിസി അബ്ദുല്ല
കോഴിക്കോട്: മൂന്ന് മലയാളികള്‍ അടക്കമുള്ള തടവുകാര്‍ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നേരിടുന്നത് കടുത്ത പീഡനങ്ങളെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ റാസിഖ് റഹീം. ശിബ്‌ലി, ശാദുലി, അന്‍സാര്‍ നദ്‌വി എന്നിവരെ ഇന്നലെ ജയില്‍ സന്ദര്‍ശിച്ച ശേഷമുള്ള മടക്കയാത്രയില്‍ തേജസ് ന്യൂസിനോടാണ് ഭോപ്പാല്‍ ജയിലില്‍ നേരിട്ടു ബോധ്യപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങള്‍ റാസിഖ് വിവരിച്ചത്.
അഹമ്മദാബാദ് സ്‌ഫോടന പരമ്പരക്കേസില്‍ അവസാന ഘട്ട വിചാരണ നേരിടുകയാണ് മൂന്ന് മലയാളി തടവുകാരും. അടുത്ത ദിവസം വിധിയുണ്ടാവുമെന്നാണ് പ്രതീക്ഷ.
ഗ്ലാസ് കൊണ്ട് മറച്ച മതില്‍ക്കെട്ടിന് ഇരുപുറവും നിന്ന് ഇന്റര്‍കോമിലൂടെ ആയിരുന്നു കൂടിക്കാഴ്ചയും സംസാരവും. മൂന്ന് പേര്‍ മാത്രമുള്ള ഒരു ബ്ലോക്കില്‍ മൂന്നിടത്തായി പരസ്പരം കാണാനോ സംസാരിക്കാനോ അനുവാദമില്ല. ഏകാന്ത തടവിനു സമാനം. എഴുതാന്‍ പേനയോ വായിക്കാന്‍ പുസ്തകങ്ങളോ ഇല്ല. ആകെയുള്ളത് വിശുദ്ധ ഖുര്‍ആനാണ്. സെല്ലില്‍ കയറുന്ന ഉദ്യോഗസ്ഥര്‍ ഇടക്കിടെ വന്ന് ഖുര്‍ആന്‍ വലിച്ചെറിയും. റാസിഖ് പറഞ്ഞു.
ജയില്‍ പീഡനങ്ങക്കെതിരെ നിരന്തര നിരാഹാര സമരങ്ങള്‍. കഴിഞ്ഞ മുഹറം മുതല്‍ ഈ മുഹറത്തിനിടയില്‍ മലയാളികളടക്കം മൂന്ന് നിരാഹാരം നടത്തി. അതില്‍ രണ്ടെണ്ണം രണ്ട് മാസത്തിലധികം നീണ്ടു.
'കുറേ അനുഭവിച്ചു. ഇപ്പോഴും അനുഭവിക്കുന്നു. പക്ഷെ, ഇതുവരെ കഴിഞ്ഞ ജയിലുകളില്‍ നിന്നും ഇവിടെ എത്തിയപ്പോള്‍ വേറേ കുറേ ഗുണങ്ങളുണ്ടായി. മര്‍ദ്ദനങ്ങളേറ്റ് ഏകാന്തയില്‍ സെല്ലില്‍ കിടന്ന് ഉറങ്ങിത്തുടങ്ങുമ്പോള്‍ റസൂലുല്ലാഹ് സ്വപ്നത്തില്‍ വരും. സംസാരിച്ചിരിക്കും' ജയിലില്‍ സന്ദര്‍ശിക്കാനെത്തിയ റാസിഖിനോട് ശാദുലി പറഞ്ഞു. 'ഏതൊരു ബുദ്ധിമുട്ടിനും നമ്മളറിയാത്ത ഒരുപാട് അനുഗ്രഹങ്ങളുണ്ടാകുമെന്ന പ്രതീക്ഷയാണ് യുവാക്കളെ നയിക്കുന്നതെന്നും റാസിഖ് പറഞ്ഞു. സിമി കേസില്‍ അറസ്റ്റിലായ യുവാക്കള്‍ പതിറ്റാണ്ടിലേറെയായി തടവിലാണ്.