പ്രമേഹത്തിന് കാരണം ഈ ഭക്ഷണങ്ങള്‍; ഐസിഎംആര്‍ പഠനം പറയുന്നത്

ഇന്ത്യ പ്രമേഹത്തിന്റെ ലോക തലസ്ഥാനമായി മാറാന്‍ കാരണമായ ഭക്ഷണങ്ങളുടെ വിവരമാണ് പുറത്തുവന്നിരിക്കുന്നത്‌

Update: 2024-10-10 10:21 GMT

ന്യൂഡല്‍ഹി: ഇന്ത്യ പ്രമേഹത്തിന്റെ ലോക തലസ്ഥാനമായി മാറാന്‍ കാരണമായ ഭക്ഷണങ്ങളുടെ വിവരം പുറത്തുവിട്ട് പഠന റിപ്പോര്‍ട്ട്. അമിതമായി ഫ്രൈ ചെയ്തതും സംസ്‌കരിച്ചതുമായ ഭക്ഷണങ്ങളും കേക്കുകളും ചിപ്‌സുകളും മയോണൈസുമെല്ലാം പ്രമേഹം കൂടുതല്‍ പേരെ ബാധിക്കാന്‍ കാരണമാവുന്നതായി പഠനം പറയുന്നു. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെയും മദ്രാസ് ഡയബറ്റിസ് റിസര്‍ച്ച് ഫൗണ്ടേഷനിലെയും ഗവേഷകരാണ് പഠനം നടത്തിയത്.

അഡ്വാന്‍സ്ഡ് ഗ്ലൈക്കേഷന്‍ എന്‍ഡ് പ്രൊഡക്ട്‌സ്(എ.ജി.ഇ) കൂടുതലായി അടങ്ങിയ ഭക്ഷണങ്ങളാണ് അപകടമെന്ന് 38 പേരില്‍ നടത്തിയ പഠനം മുന്നറിയിപ്പ് നല്‍കി.

എന്താണ് എജിഇ?

പ്രോട്ടീനോ കൊഴുപ്പോ രക്തത്തില്‍ വെച്ച് പഞ്ചസാരയുമായി കൂടിച്ചേരുമ്പോഴാണ് എജിഇ സാധാരണഗതിയില്‍ രൂപപ്പെടാറ്. എന്നാല്‍, ഇത് ഭക്ഷണത്തിലും രൂപപ്പെടും. ഗ്രില്ലിങ്, ഫ്രൈയിങ്, ടോസ്റ്റിങ് തുടങ്ങിയ കഠിനമായ ചൂടുപയോഗിക്കുന്ന പാചകരീതികളാണ് കാരണം. കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അമിതമായി അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ കഠിനമായ ചൂടിലോ അധികസമയമോ പാചകം ചെയ്യുന്നത് എജിഇ കൂടുതലായി ഉല്‍പ്പാദിപ്പിക്കപ്പെടാന്‍ കാരണമാവും.

ശരീരത്തെ എങ്ങനെ ബാധിക്കും?

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇന്‍സുലിന്‍ ഹോര്‍മോണിനെ എജിഇ തടസപ്പെടുത്തും. ഇത് ഇന്‍സുലിന്‍ പ്രതിരോധത്തിനും തുടര്‍ന്ന് ടൈപ്പ് 2 പ്രമേഹത്തിനും കാരണമാവും. ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്ന പാന്‍ക്രിയാസ് ഗ്രന്ഥിയിലെ കോശങ്ങളെയും എജിഇ നശിപ്പിക്കും. എജിഇയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളും ശരീരത്തിലെ വിവിധ ഭാഗങ്ങളിലെ കോശങ്ങളെ നശിപ്പിക്കും.

നേരിയ തോതില്‍ അകത്തെത്തുന്ന എജിഇകളെ നേരിടാനുള്ള സംവിധാനം ശരീരത്തിലുണ്ട്. എന്നാല്‍, അളവ് കൂടും തോറും ഈ സംവിധാനം ഫലപ്രദമാവില്ല. പ്രമേഹത്തിന് പുറമെ ഹൃദ്രോഗങ്ങളും വൃക്കയുടെ പ്രവര്‍ത്തനം തടസപ്പെടലും എല്ലാം വരാന്‍ ഉള്ള സാധ്യത ഇതോടെ വര്‍ധിക്കും. ഗുണമേന്‍മയുള്ള ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുന്നതിനൊപ്പം പാചകരീതിയിലും ശ്രദ്ധപുലര്‍ത്തണമെന്നാണ് പഠനം നിര്‍ദേശിക്കുന്നത്.

Tags:    

Similar News