എയ്ഡഡ് കോളജുകളില്‍ മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് വ്യാപക നിയമനം

ഇന്റര്‍വ്യൂവില്‍ ലഭിക്കുന്ന ആകെ മാര്‍ക്ക് 100 ആണ്. ഇതില്‍ 70 മാര്‍ക്ക് അക്കാദമിക യോഗ്യതക്കുള്ളതാണ്. ബാക്കിയുള്ള 30 മാര്‍ക്കില്‍ തട്ടിപ്പ് നടത്തിയാണ് സ്വന്തക്കാരുടെ നിയമനവും ലക്ഷങ്ങളുടെ കോഴക്കച്ചവടവും പൊടിപൊടിക്കുന്നത്.

Update: 2021-09-03 16:09 GMT

സ്വന്തം പ്രതിനിധി

കോഴിക്കോട്: എയ്ഡഡ് കോളജുകളിലെ അധ്യാപക, അധ്യാപകേതര നിയമനങ്ങളില്‍ മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് മാനേജ്‌മെന്റുകള്‍ നിയമനങ്ങള്‍ നടത്തുന്നതായി ആക്ഷേപം. കൊവിഡ് മറയാക്കി ഇത്തരത്തില്‍ വ്യാപകമായി ഇത്തരം നിയമനങ്ങള്‍ നടക്കുന്നതായാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

എയ്ഡഡ് കോളജുകളില്‍ തസ്തിക ഒഴിവു വന്നാല്‍ ആദ്യം സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്യണം എന്നാണ് നിയമം. തുടര്‍ന്ന് രണ്ട് ഇംഗ്ലീഷ് പത്രങ്ങളിലും രണ്ട് മലയാള പത്രങ്ങളിലും വിവരം പ്രസിദ്ധപ്പെടുത്തണം. 30 ദിവസം കഴിഞ്ഞാണ് അപേക്ഷകരെ കൂടിക്കാഴ്ചക്ക് ക്ഷണിക്കേണ്ടത്.

ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കേണ്ട കമ്മിറ്റിയില്‍ സെക്രട്ടറി തലത്തിലുള്ള ഒരു ഗവ. പ്രതിനിധി, അധ്യാപക നിയമനമാണെങ്കില്‍ സബ്ജക്ട് എക്‌സ്പര്‍ട്ട്, വൈസ് ചാന്‍സലറുടെ പ്രതിനിധി, വനിത ഭിന്നശേഷി വിഭാഗക്കാര്‍ക്കാണെങ്കില്‍ അവരുടെ പ്രതിനിധികള്‍, സ്ഥാപന മാനേജര്‍, പ്രിന്‍സിപ്പല്‍ എന്നിവരാണുണ്ടാവുക.

സര്‍ക്കാര്‍ പ്രതിനിധികളെ കണ്ടെത്തി സര്‍ക്കാരിന് ശുപാര്‍ശ ചെയ്യാനുള്ള ആനുകൂല്യം സ്ഥാപന മേധാവികള്‍ക്കുണ്ട്. ഇതാണ് അട്ടിമറിയുടെ ആദ്യതലം. യൂനിവേഴ്‌സിറ്റി പാനലില്‍ നിന്ന് സബ്ജക്ട് എക്‌സ്പര്‍ട്ടിനെയും വിസിയുടെ പ്രതിനിധിയെയും കണ്ടെത്തുമ്പോഴും സ്ഥാപന നടത്തിപ്പുകാരുടെ ഇംഗിതത്തിന് വഴങ്ങുന്നവരെയാണ് കണ്ടെത്തുക. ഇന്റര്‍വ്യൂവില്‍ ലഭിക്കുന്ന ആകെ മാര്‍ക്ക് 100 ആണ്. ഇതില്‍ 70 മാര്‍ക്ക് അക്കാദമിക യോഗ്യതക്കുള്ളതാണ്. ബാക്കിയുള്ള 30 മാര്‍ക്കില്‍ തട്ടിപ്പ് നടത്തിയാണ് സ്വന്തക്കാരുടെ നിയമനവും ലക്ഷങ്ങളുടെ കോഴക്കച്ചവടവും പൊടിപൊടിക്കുന്നത്.

സബ്ജക്ട് എക്‌സ്പര്‍ട്ട് 10 മാര്‍ക്കും ബാക്കിയുള്ള എല്ലാവരും ചേര്‍ന്ന് 20 മാര്‍ക്കുമാണ് നല്‍കേണ്ടത്. തസ്തികക്ക് വേണ്ട മിനിമം യോഗ്യതയെക്കാള്‍ ഉയര്‍ന്ന അധിക യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പോലും ഒന്നും രണ്ടും മാര്‍ക്ക് നല്‍കിയും സ്ഥാപന മേധാവികള്‍ നേരത്തെ കണ്ടെത്തിയ ആള്‍ക്ക് വാരിക്കോരി മാര്‍ക്ക് നല്‍കിയും തട്ടിപ്പ് അരങ്ങേറുന്നു. മാത്രമല്ല, ഇത്തരം ഒരു തസ്തികക്ക് അപേക്ഷിക്കാന്‍ തന്നെ ഉദ്യോഗാര്‍ഥികള്‍ക്ക് ചുരുങ്ങിയത് 5000 രൂപ ചെലവാകും. ഇതില്‍ അഞ്ചിലൊന്നെങ്കിലും സ്ഥാപനത്തിലേക്കാണ് പോവുക.

നേരത്തെ തീരുമാനിച്ചുവെച്ച തസ്തികയിലേക്കാണ് പരസ്യം നല്‍കി ഉദ്യോഗാര്‍ഥികളെ സാമ്പത്തികമായും മാനസികമായും നിഷ്‌ക്കരുണം വഞ്ചിക്കുന്നത്. കോഴിക്കോടിനടുത്തും മലപ്പുറത്തും വര്‍ഷത്തിനിടെ നടന്ന നിയമനങ്ങള്‍ ചില ഉദ്യോഗാര്‍ഥികള്‍ കോടതിയില്‍ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. മലപ്പുറത്ത് ഏറ്റവും കൂടുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥി തഴയപ്പെട്ടതോടെ യാഥാര്‍ത്ഥ്യമറിയാന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇന്റര്‍വ്യൂ ബോര്‍ഡിന്റെ സ്‌കോര്‍ ഷീറ്റ് കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ സബ്ജക്ട് എക്‌സ്പര്‍ട്ട് നല്‍കിയ മാര്‍ക്ക് കണ്ട് കോടതി പോലും ഞെട്ടിയത്രെ. പത്തില്‍ ഒരു മാര്‍ക്കായിരുന്നു അയാള്‍ക്ക് ലഭിച്ചത്.

Tags:    

Similar News