മൃഗശാല പരിസരത്ത് വെടിക്കെട്ട്:ബേബി റെഡ് പാണ്ട റോക്‌സി ഭയന്നു മരിച്ചു
റോക്‌സിയുടെ അമ്മയായ ജിഞ്ചര്‍ അടുത്തിടെ മരിച്ചിരുന്നു.
എഡിങ്ടണ്‍: മൃഗശാല പരിസരത്ത് വെടിക്കെട്ട് നടത്തിയതിനെ തുടര്‍ന്ന് ബേബി റെഡ് പാണ്ട ഭയന്നുമരിച്ചു. സ്‌കോട്ട്‌ലാന്‍ഡിലെ എഡിങ്ടണ്‍ മൃഗശാലയിലാണ് സംഭവം. വെടിക്കെട്ടിന്റെ ശബ്ദമാണ് റോക്‌സി എന്ന ബേബി റെഡ് പാണ്ടയുടെ മരണത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി മൃഗശാലയുടെ നടത്തിപ്പ് ചുമതലയുള്ള റോയല്‍ സുവോളജിക്കല്‍ സൊസൈറ്റി ഓഫ് സ്‌കോട്ട്‌ലാന്‍ഡ് അറിയിച്ചു.
റോക്‌സിയുടെ അമ്മയായ ജിഞ്ചര്‍ അടുത്തിടെ മരിച്ചിരുന്നു. തുടര്‍ന്ന് പ്രത്യേക പരിചരണം നല്‍കി റോക്‌സിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ഇടയിലാണ് പ്രദേശത്ത് ചിലര്‍ വെടിക്കെട്ട് സംഘടിപ്പിച്ചത്. ഭയന്നു വിറച്ച റോക്‌സി ഛര്‍ദ്ദിക്കുകയും അത് തൊണ്ടയില്‍ കുടുങ്ങി മരിക്കുകയുമായിരുന്നു. രാജ്യത്ത് വെടിക്കെട്ട് നിരോധിക്കണമെന്ന് സുവോളജിക്കല്‍ സൊസൈറ്റി ഓഫ് സ്‌കോട്ട്‌ലാന്‍ഡ് ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ബെന്‍ സപ്പിള്‍ ആവശ്യപ്പെട്ടു.
ഒളിച്ചിരിക്കാന്‍ താവളമുണ്ടായിരുന്നുവെങ്കിലും ശബ്ദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ റോക്‌സിക്ക് കഴിഞ്ഞില്ലെന്നാണ് ബെന്‍ സപ്പിള്‍ പറയുന്നത്. '' വെടിക്കെട്ടുകള്‍ ജീവികളെ ഭയപ്പെടുത്തും. അതിനാല്‍ പടക്കവും മറ്റും വില്‍ക്കുന്നതിന് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്താനെങ്കിലും യുകെയും സ്‌കോട്ട്‌ലാന്‍ഡും തയ്യാറാവണം. ശബ്ദം ഒഴിവാക്കി വെളിച്ചം മാത്രമുണ്ടാക്കുന്ന തരം പടക്കങ്ങള്‍ അനുവദിച്ചാലും കുഴപ്പമില്ല'-അദ്ദേഹം പറഞ്ഞു.
ചില പ്രദേശങ്ങളെ വെടിക്കെട്ട് രഹിത മേഖലകളാക്കിയ സര്‍ക്കാരിന്റെ മുന്‍തീരുമാനത്തെ അദ്ദേഹം പ്രകീര്‍ത്തിച്ചു. പക്ഷെ, ശബ്ദം ആ പ്രദേശങ്ങള്‍ക്ക് അപ്പുറവും എത്തുമെന്നത് പ്രശ്‌നമണ്. ചെറിയ ശബ്ദം പോലും പല ജീവികള്‍ക്കും സഹിക്കാന്‍ കഴിയില്ല. പ്രശ്‌ന പരിഹാരത്തിന് ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് സമൂഹ സുരക്ഷാ മന്ത്രി സിയോബിയാന്‍ ബ്രൗണ്‍ പറഞ്ഞു. വളര്‍ത്തു മൃഗങ്ങളെയും പൊതുജനത്തെയും സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് യുകെ ബിസിനസ്-ട്രേഡ് വകുപ്പ് വക്താവും അറിയിച്ചു.