ഇന്ത്യയില്‍ മതപരിവര്‍ത്തനം കൂടുതല്‍ ക്രൈസ്തവ, ഹിന്ദു മതങ്ങളിലേക്ക്

Update: 2021-07-02 01:28 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മതപരിവര്‍ത്തനം അപൂര്‍വമാണെങ്കിലും താരതമ്യേന ക്രൈസ്തവ, ഹിന്ദു മതങ്ങളിലേക്കാണ് കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്നതെന്ന് പഠന റിപ്പോര്‍ട്ട്. മതപരിവര്‍ത്തനത്തിലൂടെ ഇന്ത്യയില്‍ നിലവില്‍ ഒരു മതവിഭാഗവും വളരുന്നില്ല. മാത്രമല്ല ഒരു കൂട്ടം ആളുകള്‍ സ്വന്തം മതം വിടുമ്പോള്‍ അതിനാനുപാതികമായ അളവില്‍ ആ മതത്തിലേക്ക് പുതിയ ആളുകള്‍ വരുന്നുണ്ട്. ഹിന്ദു മതം ഉപേക്ഷിക്കുന്നതിനേക്കാളേറെ ആളുകള്‍ ഹിന്ദു മതം സ്വീകരിക്കുന്നുണ്ടെന്നും സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. പ്യൂ റിസേര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

0.7 ശതമാനം ആളുകളാണ് ഹിന്ദു മതം ഉപേക്ഷിക്കുന്നത്. അതേസമയം 0.8 ശതമാനം പേര്‍ ഹിന്ദു മതത്തിലേക്ക് പുതുതായി വരികയും ചെയ്യുന്നു. ഇസ് ലാം മതത്തിന്റെ കാര്യത്തില്‍ രണ്ട് കണക്കുകളും തുല്ല്യമാണ്. 0.3 ഇന്ത്യക്കാര്‍ ഇസ് ലാം മതം ഉപേക്ഷിക്കുമ്പോള്‍ 0.3 ശതമാനം ഇന്ത്യക്കാര്‍ ഇസ് ലാം സ്വീകരിക്കുന്നു. ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ മാത്രമാണ് മതപരിവര്‍ത്തനം കുറച്ചെങ്കിലും കൂടുതലുള്ളത്. 0.4 ശതമാനം പേര്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് പുതുതായി വരുമ്പോള്‍ 0.1 ശതമാനം പേര്‍ മാത്രമാണ് ക്രിസ്തു മതം ഉപേക്ഷിക്കുന്നത്. സിഖ് മതത്തില്‍ 0.1 ശതമാനം ആളുകള്‍ പുതുതായി വരുമ്പോള്‍ അതേ അളവില്‍ തന്നെ ആളുകള്‍ സിഖ് മതം ഉപേക്ഷിക്കുന്നു. ജൈന മതത്തിലേക്ക് പുതുതായി ആരും വരുന്നില്ല. പക്ഷെ 0.1 ശതമാനം ആളുകള്‍ മതം ഉപേക്ഷിക്കുകയും ചെയ്യുന്നു.

ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും മതവിശ്വാസികളാണെന്ന് പ്യൂ സര്‍വേ ഫലം കണ്ടെത്തി. മതപരമായ സഹിഷ്ണുത വെച്ചു പുലര്‍ത്തുമ്പോള്‍ തന്നെ തങ്ങളുടെ മതത്തെ മറ്റു മതങ്ങളില്‍ നിന്നും വേര്‍തിരിച്ച് നിര്‍ത്താനും ഇവര്‍ ആഗ്രഹിക്കുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യക്കാര്‍ ഒരുമിച്ച് വ്യത്യസ്തതയോടെയാണ് ജീവിക്കുന്നതെന്നാണ് സര്‍വേ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിലെ മതം; സഹിഷ്ണുതയും വേര്‍തിരിവും എന്ന സര്‍വേ റിപ്പോര്‍ട്ടാണ് പ്യൂ റിസേര്‍ച്ച് സെന്റര്‍ പുറത്തു വിട്ടിരിക്കുന്നത്.

Tags:    

Similar News