ഫേസ് ബുക്കില്‍ മതസ്പര്‍ധയുണ്ടാക്കുന്ന പോസ്റ്റ്; യുവമോര്‍ച്ച നേതാവിനെതിരേ പരാതി

താടിയും തൊപ്പിയും ധരിച്ച മുസ് ലിംകള്‍ പൂര്‍ണ നഗ്‌നരായി ആരോഗ്യപ്രവര്‍ത്തകരെ തുപ്പുന്ന ചിത്രം നിര്‍മിച്ച് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്‌തെന്നാണു പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

Update: 2020-04-11 15:13 GMT

കണ്ണൂര്‍: സാമൂഹിക മാധ്യമങ്ങളിലൂടെ മതസ്പര്‍ധയുണ്ടാക്കുന്നതും മുസ് ലിംകളെ അധിക്ഷേപിക്കുന്നതുമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനു യുവമോര്‍ച്ച നേതാവിനെതിരേ പോലിസില്‍ പരാതി. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി വിജയ് ആയിക്കരയ്‌ക്കെതിരേയാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂര്‍ ഡിവിഷന്‍ സെക്രട്ടറി ബി മുസ്തഫ സിറ്റി പോലിസില്‍ പരാതി നല്‍കിയത്. താടിയും തൊപ്പിയും ധരിച്ച മുസ് ലിംകള്‍ പൂര്‍ണ നഗ്‌നരായി ആരോഗ്യപ്രവര്‍ത്തകരെ തുപ്പുന്ന ചിത്രം നിര്‍മിച്ച് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്‌തെന്നാണു പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. നിസാമുദ്ദീന്‍ മര്‍കസിലെ ചടങ്ങില്‍ പങ്കെടുത്ത തബ് ലീഗ് പ്രവര്‍ത്തകര്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ ആരോഗ്യപ്രവര്‍ത്തകരെ തുപ്പുന്നുവെന്ന വ്യാജ വാര്‍ത്തയുടെ മറപിടിച്ചാണ് പ്രകോപനപരവും മുസ് ലിം സമുദായത്തെ ഒന്നടങ്കം അപമാനിക്കുന്നതുമായ പോസ്റ്റ് അജയ് ആയിക്കര എന്ന അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുള്ളത്. 'തബ് ലീഗ് ജമാഅത്തെ തെമ്മാടികള്‍ മോഡേണ്‍ മെഡിക്കല്‍ സയന്‍സിന് എതിരാണ്. കാടയിറച്ചിയും തേനുമാണ് എല്ലാത്തിനുമുള്ള മരുന്ന്. ഇതാണ് കൊവിഡ് 19 പ്രതിരോധത്തിന്റെ പുതിയ ഭീഷണി' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.

    യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയായ വിജയ് ആയിക്കര പോസ്റ്റ് ചെയ്ത ചിത്രം നിരവധി പേരാണ് ഷെയര്‍ ചെയ്തിട്ടുള്ളത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ കാലത്തും സംഘപരിവാര്‍ തങ്ങളുടെ മനസ്സിനുള്ളിലെ വര്‍ഗീയ വൈറസ് പൂര്‍വാധികം ശക്തമായി തന്നെ തുടരുന്നുവെന്നാണ് ഇതില്‍ നിന്നു വ്യക്തമാവുന്നതെന്നും മതവിദ്വേഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ചിത്രം പോസ്റ്റ് ചെയ്തയാള്‍ക്കും ഷെയര്‍ ചെയ്തവര്‍ക്കുമെതിരേ ഐപിസി 153(എ) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.


Tags:    

Similar News