പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള തടസ്സം നീക്കണം: അബ്ദുല്‍ മജീദ് ഫൈസി

Update: 2020-04-24 14:59 GMT

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് 19 രോഗമല്ലാത്ത കാരണങ്ങളാല്‍ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള തടസ്സങ്ങളും കാലതാമസവും ഒഴിവാക്കാന്‍ ബന്ധപ്പെട്ട ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രവാസി ബന്ധുക്കളുടെ മൃതദേഹം ഒരു നോക്ക് കാണാനുള്ള അവസരം പോലും നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. പല വിമാന കമ്പനികളും കാര്‍ഗോ വിമാനങ്ങളില്‍ മൃതദേഹം കൊണ്ടുവരാനുള്ള സന്നദ്ധത അറിയിച്ചിട്ടും കേന്ദ്രസര്‍ക്കാരിന്റെ മനുഷ്യത്വ വിരുദ്ധമായ നിലപാട് തടസ്സമായിരിക്കുകയാണ്. ഹൃദ്രോഗവും മസ്തിഷ്‌ക്കാഘാതവും സംഭവിച്ച്് മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോലും നാട്ടിലെത്തിക്കാനാവുന്നില്ല. ഇത് കൊടും ക്രൂരതയാണ്. മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കാനുള്ള അപേക്ഷ പരിഗണിക്കുന്നതിന് ബന്ധപ്പെട്ട ഇന്ത്യന്‍ എംബസിയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം.

    ഇന്ത്യന്‍ എംബസികളാവട്ടെ, ഡല്‍ഹിയിലെ കേന്ദ്ര ആഭ്യന്തര മന്താലയത്തില്‍ നിന്ന് നിരാക്ഷേപ പത്രം (നോ ഒബ്ജക്ഷന്‍) വേണമെന്ന് നിര്‍ബന്ധിക്കുന്നു. എന്നാല്‍ കൊവിഡ്-19 കാരണമല്ലാതെ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തേ അനുവദിച്ചിരുന്നു. അതിന് ഇത്തരത്തിലുള്ള സര്‍ട്ടിഫിക്കറ്റോ നിരാക്ഷേപ പത്രമോ ആവശ്യമില്ല. അന്താരാഷ്ട്ര വിമാനങ്ങള്‍ നിര്‍ത്തിയതുകൊണ്ട് ചരക്ക് വിമാനങ്ങളിലാണ് മൃതദേഹങ്ങള്‍ അയച്ചുകൊണ്ടിരുന്നത്. ഇതാണ് ഇപ്പോള്‍ തടസ്സപ്പെട്ടിരിക്കുന്നത്. ആഭ്യന്തര മന്ത്രലയത്തിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റില്ലാതെ തന്നെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ക്ലിയറന്‍സ് നല്‍കാന്‍ ബന്ധപ്പെട്ട എംബസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും അതുവഴി ഉറ്റവരുടെ ഭൗതിക ശരീരമെങ്കിലും ഒരുനോക്കുകാണാനും അന്ത്യകര്‍മങ്ങള്‍ നടത്താനും കുടുംബാംഗങ്ങള്‍ക്ക് സൗകര്യമൊരുക്കണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു.




Tags:    

Similar News