നവോഥാന മൂല്യ സംരക്ഷണ സമിതി പിരിച്ചുവിടണം: മെക്ക

Update: 2024-06-24 12:03 GMT

കൊച്ചി: കേരളത്തില്‍ വര്‍ഗീയ കലാപങ്ങള്‍ക്കും സാമുദായിക സംഘര്‍ഷങ്ങള്‍ക്കും തിരികൊളുത്തി സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള സംഘപരിവാര്‍-കാസ-വെള്ളാപ്പള്ളി കൂട്ടുകെട്ടിന് കടിഞ്ഞാണിടാന്‍ അടിയന്തിരമായി സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് നവോത്ഥാന മൂല്യ സംരക്ഷണ സമിതി പിരിച്ചു വിടണമെന്ന് മെക്ക സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെട്ടു. ഒരു കോടിയോളം വരുന്ന കേരള മുസ്‌ലിം സമൂഹത്തെയും നേതാക്കളെയും പണ്ഡിതന്മാരെയും ചെറുതും വലുതുമായ മുഴുവന്‍ സംഘടനകളേയും അടച്ചാക്ഷേപിക്കുന്നതിന് തിരിച്ചടി നേരിടേണ്ടിവരും. ഇല്ലാത്ത പ്രീണനം എന്ന ഗീബല്‍സിയന്‍ നുണ പ്രചാരണത്തിലൂടെ പീഡിപ്പിക്കുന്ന പ്രവര്‍ത്തനം വെള്ളാപ്പള്ളി അവസാനിപ്പിക്കണം. മഹിതമായ മൂല്യങ്ങള്‍ക്കും സാഹോദര്യത്തിനും സഹവര്‍ത്തിത്വത്തിനും അപരിഹാര്യമായ സ്ഥിതിവിശേഷം സംജാതമാവുമെന്നതിനാല്‍ സത്വര നടപടി അനിവാര്യമാണ്. പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരമുണ്ടാക്കുന്നതിന് ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും ക്രിയാത്മക ഇടപെടല്‍ നടത്തി പ്രായോഗിക നടപടികള്‍ സ്വീകരിക്കണം. അനര്‍ഹമായോ അന്യായമായോ കേരള മുസ്‌ലിംകള്‍ കൈവശം വച്ചിട്ടുള്ള എന്തും തിരിച്ചെടുത്ത് അവ ലഭിക്കാത്ത വിഭാഗങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാരും ബന്ധപ്പെട്ട അധികാരികളും തയ്യാറാവണം. വിശ്വാസി സമൂഹമെന്ന നിലയില്‍ അനര്‍ഹമായത് അനുഭവിക്കുവാന്‍ വിലക്കുള്ള വിഭാഗമാണ് മുസ്‌ലിംകള്‍.

    അപ്രകാരം ഇതര വിഭാഗങ്ങള്‍ അര്‍ഹതയ്ക്കും അവകാശങ്ങള്‍ക്കും പുറമെ അധികമായി കൈയടക്കി വച്ചിട്ടുള്ള സകലവിധ വിഭവങ്ങളും സ്ഥാപനങ്ങളും അധികാര പങ്കാളിത്തവും ആനുപാതികമായി എല്ലാ വിഭാഗങ്ങള്‍ക്കും ഉറപ്പുവരുത്തുവാനും സര്‍ക്കാരും മുന്നണികളും നീതിബോധവും സമൂഹ മനസ്സുമള്ള മുഴുവന്‍ ജനവിഭാഗങ്ങളും തയ്യാറാവണമെന്നും മെക്ക സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പ്രഫ. ഡോ. പി നസീര്‍ അധ്യക്ഷത വഹിച്ചു. എന്‍ കെ അലി, എം അഖ്‌നിസ്, എം എ ലത്തീഫ്, ടി എസ് അസീസ്, എ എസ് എ റസാഖ്, ജുനൈദ് കടയ്ക്കല്‍, വി കെ അലി, എ മഹ്മൂദ്, അബ്ദുസ്സലാം ക്ലാപ്പന, പി എസ് അഷ്‌റഫ്, മന്‍സൂര്‍ നെല്ലിക്കല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. 29ന് കോട്ടയത്ത് ചേരുന്ന സമുദായ നേതൃസംഗമവും കണ്‍ വന്‍ഷനും വിജയിപ്പിക്കാന്‍ യോഗം അഭ്യര്‍ഥിച്ചു.

Tags:    

Similar News