മുസ്‌ലിം പേരിലുള്ള നഗരങ്ങളുടെ പേര് മാറ്റല്‍ തുടരുന്നു; യുപിയില്‍ അലിഗഢിന്റെ പേര് മാറ്റാന്‍ നീക്കം

ഒടുവിലായി അലിഗഢ് ജില്ലയുടെ പേര് മാറ്റി ഹരിഗഢ് എന്നാക്കാനാണ് നീക്കം.

Update: 2021-08-17 14:12 GMT

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുസ്‌ലിം പേരിലുള്ള നഗരങ്ങളുടെ പേര് മാറ്റല്‍ തുടരുന്നു. തീവ്രഹിന്ദുത്വ വാദിയായ യോഗി ആതിഥ്യനാഥ് അധികാരത്തിലേറിയതിനു പിന്നാലെയാണ് ഈ വര്‍ഗീയ നീക്കത്തിന് ശക്തിപ്രാപിച്ചത്.

ഒടുവിലായി അലിഗഢ് ജില്ലയുടെ പേര് മാറ്റി ഹരിഗഢ് എന്നാക്കാനാണ് നീക്കം. അതു പോലെ മെയിന്‍പുരി ജില്ല മായന്‍ നഗറാക്കാനും നീക്കമുണ്ട്. ഇരു ജില്ലകളുടെയും പേരുമാറ്റം നിര്‍ദേശിച്ച് അലിഗഢ്, മെയിന്‍പുരി ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി. യുപി സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ ഇരു ജില്ലകളും പുതിയ പേരില്‍ അറിയപ്പെടും.

അലിഗഢ്, മെയിന്‍പുരി ജില്ലാ പഞ്ചായത്തില്‍ ഭരണം ബിജെപിക്കാണ്. ഇരു ജില്ലാ പഞ്ചായത്തുകളുടെയും ആദ്യ യോഗത്തിലാണ് പേരുമാറ്റാനുള്ള തീരുമാനം എടുത്തത്. ജില്ലയുടെ പഴയ പേര് തന്നെ പുനഃ,സ്ഥാപിക്കാനുള്ള നടപടിയുടെ ഭാഗമാണ് പേരുമാറ്റമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അവകാശവാദം.

അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പേര് മാറ്റി വര്‍ഗീയത ആളിക്കത്തിച്ച് മുതലെടുപ്പ് നടത്താനാണ് യുപി സര്‍ക്കാര്‍ നീക്കം നടത്തുന്നത്.അലിഗഢ് ജില്ലാ പഞ്ചായത്ത് ഐകകണ്‌ഠ്യേനയാണ് പ്രമേയം പാസാക്കിയത്. ആകെയുള്ള 72 അംഗങ്ങളില്‍ യോഗത്തില്‍ പങ്കെടുത്ത 50 പേരും പ്രമേയത്തെ അനുകൂലിച്ചു. മെയിന്‍ പുരി ജില്ലാ പഞ്ചായത്ത് യോഗത്തില്‍ സമാജ് വാദി പാര്‍ട്ടി അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. 11ന് എതിരെ 19 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്.

ഫിറോസാബാദിന്റെ പേര് ചന്ദ്ര നഗര്‍ എന്നാക്കണമെന്ന് നിര്‍ദേശിച്ച് ഫിറോസാബാദ് ജില്ലാ പഞ്ചായത്തും അടുത്തിടെ പ്രമേയം പാസാക്കിയിരുന്നു. 2017ല്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം നിരവധി നഗരങ്ങളുടെ പേര് മാറ്റിയിട്ടുണ്ട്.അലഹബാദ് പ്രയാഗ് രാജാക്കി. ഫൈസാബാദ് നഗരം അയോധ്യയായി മാറി. മുഗള്‍സരായ് നഗരത്തിന്റെ പേര് പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ നഗര്‍ എന്നാക്കിയും മാറ്റിയിരുന്നു.

Tags:    

Similar News