ഹൈദരാബാദ്: മുസ്‌ലിം പേരാണെന്നു ചൂണ്ടിക്കാട്ടി നിരവധി സ്ഥലനാമങ്ങള്‍ മാറ്റിയ ബിജെപി പുതിയ നീക്കവുമായി രംഗത്ത്. തെലങ്കാനയിലെ നിസാമാബാദ് ജില്ലയുടെ പേര് മാറ്റി ഇന്ദൂര്‍ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി അരവിന്ദ് ധര്‍മപുരിയാണ് രംഗത്തെത്തിയത്.
നിസാമാബാദെന്ന പേര് അശുഭകരമാണ്. 1905ലാണ് പ്രദേശത്തിന്റെ പേര് നിസാം മാറ്റിയത്. പ്രദേശത്തിന്റെ പേര് മാറ്റാനുള്ള സമയത്തിനായി മണ്ഡലത്തിലെ ജനങ്ങള്‍ കാത്തിരിക്കുകയാണ്. തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ വികാരം മാനിക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണ്- എംപി അരവിന്ദ് ധര്‍മപുരി പറഞ്ഞു.
ധര്‍മപുരിയെ പിന്തുണച്ച് ബിജെപി ജനറല്‍ സെക്രട്ടറി കൃഷ്ണ സാഗര്‍ റാവുവും പിന്നീട് രംഗത്തെത്തി.
പ്രദേശത്തിന്റെ യഥാര്‍ത്ഥ പേര് ഇന്ദൂര്‍ എന്നായിരുന്നു. 400 വര്‍ഷത്തോളം നിസാം ഭരിച്ച പ്രദേശത്തിനു പിന്നീട് മുസ്‌ലിം പേരു നല്‍കുകയായിരുന്നുവെന്നു കൃഷ്ണ സാഗര്‍ റാവു പറഞ്ഞു.
ബലമായാണ് പേര് മാറ്റിയത്. അതിനാല്‍ തന്നെ പഴയ പേര് തിരിച്ചുകൊണ്ടുവരണമെന്നും റാവു പറഞ്ഞു.