മുസ്‌ലിംകളോട് മിണ്ടിയാല്‍ 5000 രൂപ പിഴ..!; നിസാമാബാദില്‍ സാമൂഹിക ബഹിഷ്‌കരണം

സംഭവം വിവാദമായതോടെ പോലിസും നടപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. അര്‍മൂര്‍ എസിപി ആന്തേ രാമുലുവിന്റെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച പോലിസ് സംഘം സാമൂഹിക ബഹിഷ്‌കരണം ഒഴിവാക്കാന്‍ വിവിധ നടപടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ബാല്‍ക്കോണ്ട ജുമാമസ്ജിദില്‍ ഹിന്ദു-മുസ്‌ലിം ഇഫ്താര്‍ പാര്‍ട്ടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Update: 2019-05-31 12:50 GMT

ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദ് ജില്ലയില്‍ മുസ്‌ലിംകള്‍ക്ക് സാമൂഹിക ബഹിഷ്‌കരണം ഏര്‍പ്പെടുത്തി. മുസ്‌ലിംകളുമായി വ്യാപാര-സാമൂഹിക ബന്ധത്തിലേര്‍പ്പെട്ടാല്‍ വന്‍ പിഴ ചുമത്താനാണു ബാല്‍കോണ്ട വില്ലേജ് വികസന സമിതിയുടെ തീരുമാനമെന്ന് 'ദി സിയാസത്ത് ഡെയ്‌ലി' റിപോര്‍ട്ട് ചെയ്തു. ഗ്രാമത്തിലെ ഒരു ഖബര്‍സ്ഥാനത്തെ ചൊല്ലിയുള്ള മുസ്‌ലിംകളുടെ അവകാശവാദം ഉപേക്ഷിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വിഡിസിയുടെ തീരുമാനം. മുസ്‌ലിംകളോട് ആരെങ്കിലും സംസാരിച്ചാല്‍ അവര്‍ക്ക് 5000 രൂപ പിഴയീടാക്കും. മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള കടയില്‍ നിന്ന് ചായയോ മറ്റോ കുടിച്ചാല്‍ 20000 രൂപയാണു പിഴ. മുസ്‌ലിമിന്റെ ഉടമസ്ഥതയിലുള്ള അനാദിക്കടയില്‍ നിന്നു വല്ല സാധനവും വാങ്ങിയാല്‍ അവരില്‍നിന്നും 20000 രൂപ വീതം ഈടാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുസ്‌ലിം ഡ്രൈവര്‍മാര്‍ ഓടിക്കുന്ന ഓട്ടോറിക്ഷയിലോ ടാക്‌സിയിലോ കയറിയാലും വില്ലേജ് വികസന സമിതിക്ക് പിഴ കൊടുക്കണം. വിലക്ക് ലംഘിച്ചാല്‍ വന്‍ പിഴ നല്‍കേണ്ടി വരുമെന്നതിനാല്‍ പ്രദേശത്തെ 1200ഓളം പത്മശാലിയ(നെയ്ത്ത്), ഗൗഡ്(കള്ളുചെത്ത്) വിഭാഗത്തില്‍പെട്ടവര്‍ ബഹിഷ്‌കരണത്തോട് സമരസപ്പെടുകയാണ്.

    ഇത്തരം നിയമവിരുദ്ധ വിലക്ക് കാരണം പ്രദേശത്തെ മുസ്‌ലിംകള്‍ വിശുദ്ധ റമദാന്‍ മാസം വളരെയധികം കഷ്ടപ്പെടുകയാണ്. സാമ്പത്തിക ഞെരുക്കം കാരണം ഗ്രോസറി സാധനങ്ങള്‍ പോലും വാങ്ങാനാവാതെ നിരവധി മുസ്‌ലിം കുടുംബങ്ങളാണ് ബുദ്ധിമുട്ടുന്നത്. കുട്ടികള്‍ക്ക് ആവശ്യമായ പാല്‍ പോലും വാങ്ങാനാവാതെ കഷ്ടപ്പെടുകയാണ്. ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള വാടക വീടുകളില്‍ കഴിയുന്ന മുസ്‌ലിംകളോട് വീടൊഴിയാനും ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്‌ലിംകളെ ഖബറടക്കുന്ന മൈതാനത്ത് ഒരുസംഘം ഹിന്ദു യുവാക്കള്‍ അതിക്രമിച്ചു കയറി ഖബറുകള്‍ തകര്‍ക്കുകയായിരുന്നു. ഇതിനെതിരേ പോലിസിലും റവന്യൂ വകുപ്പിലും പരാതി നല്‍കിയിരുന്നു. സാമൂഹിക ബഹിഷ്‌കരണത്തിനെതിരേ മുസ് ലിംകള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പള്ളി കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

    സംഭവം വിവാദമായതോടെ പോലിസും നടപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. അര്‍മൂര്‍ എസിപി ആന്തേ രാമുലുവിന്റെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച പോലിസ് സംഘം സാമൂഹിക ബഹിഷ്‌കരണം ഒഴിവാക്കാന്‍ വിവിധ നടപടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ബാല്‍ക്കോണ്ട ജുമാമസ്ജിദില്‍ ഹിന്ദു-മുസ്‌ലിം ഇഫ്താര്‍ പാര്‍ട്ടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വില്ലേജ് വികസന സമിതിയെ സാമൂഹിക ബഹിഷ്‌കരണത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ എല്ലാവിധ ശ്രമവും നടത്തുന്നുണ്ടെന്ന് പോലിസ് കമ്മീഷണര്‍ കാര്‍ത്തികേയ പഞ്ഞതായി ഡെക്കാന്‍ ക്രോണിക്കിള്‍ റിപോര്‍ട്ട് ചെയ്തു. നിലവില്‍ ഇവിടെ സാമുദായിക പ്രശ്‌നങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. സാമൂഹിക ബഹിഷ്‌കരണം ഏര്‍പ്പെടുത്തിയ സംഭവത്തില്‍ 30 വിഡിസി അംഗങ്ങള്‍ക്കും കണ്ടാലറിയാവുന്നവര്‍ക്കുമെതിരേ ഐപിസി 385, 290, 506 വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി ബാല്‍ക്കോണ്ട എസ്‌ഐ ഹരി അറിയിച്ചു.

Tags:    

Similar News