പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ ശെയ്ഖ് യൂസുഫുല്‍ ഖറദാവി നിര്യാതനായി
ഇന്ന് ജീവിക്കുന്ന ഏറ്റവും സ്വാധീനമുള്ള ഇസ്ലാമിക പണ്ഡിതന്മാരില്‍ ഒരാളായാണ് അദ്ദേഹത്തെ പരിഗണിക്കുന്നത്.
പ്രമുഖ ഇസ് ലാമിക പണ്ഡിതന്‍ ശെയ്ഖ് യൂസുഫുല്‍ ഖറദാവി നിര്യാതനായി. 96 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ഖത്തറില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. അന്താരാഷ്ട്ര മുസ് ലിം പണ്ഡിത വേദിയുടെ (ഐയുഎംഎസ്) തലവനായ യൂസുഫുല്‍ ഖറദാവി അന്ത്യശ്വാസം വലിച്ചതായി അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് അറിയിച്ചു.
120ലധികം പുസ്തകങ്ങള്‍ ഖറദാവി രചിച്ചിട്ടുണ്ട്. ഇസ് ലാമിക ലോകത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് എട്ട് അന്താരാഷ്ട്ര പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ന് ജീവിക്കുന്ന ഏറ്റവും സ്വാധീനമുള്ള ഇസ്ലാമിക പണ്ഡിതന്മാരില്‍ ഒരാളായാണ് അദ്ദേഹത്തെ പരിഗണിക്കുന്നത്.
1926ല്‍ ഈജിപ്തിലെ ത്വന്‍തക്ക് സമീപം സ്വഫ്ത് തുറാബിലാണ് ജനനം. അതീവ ബുദ്ധിമാനായിരുന്ന ഖറദാവി പത്ത് വയസ്സിനു മുമ്പു തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കി. ത്വന്‍തയിലെ മതപാഠശാലയില്‍ പ്രാഥമിക, സെക്കന്ററി വിദ്യാഭ്യാസം കരസ്ഥമാക്കിയ അദ്ദേഹം ഉപരിപഠനത്തിനായി അല്‍ അസ്ഹറില്‍ ചേര്‍ന്നു.
1953ല്‍ ഒന്നാം സ്ഥാനത്തോടെ ആലിയ ബിരുദം നേടിയ ഖറദാവി 54ല്‍ ഒന്നാം റാങ്കോടെ മാസ്റ്റര്‍ ഡിഗ്രിയും കരസ്ഥമാക്കി. 1958ല്‍ ഭാഷയിലും സാഹിത്യത്തിലും ഡിഗ്രിയും 1960ല്‍ ഉലൂമുല്‍ ഖുര്‍ആനിലും സുന്നത്തിലും മാസ്റ്റര്‍ ഡിഗ്രിയും ലഭിച്ചു. പഠനഗവേഷണ മാര്‍ഗങ്ങള്‍ ജീവിതത്തിന്റെ മുഖമുദ്രയാക്കിയ യൂസുഫുല്‍ ഖറദാവി 'സാമൂഹ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സക്കാത്തിന്റെ സ്വാധീനം' എന്ന വിഷയത്തില്‍ 1973ല്‍ ഡോക്ടറേറ്റ് നേടി.
അധ്യാപനവും ഖുത്വ്ബയും നടത്തിയാണ് ഔദ്യോഗിക ജീവിതത്തിലേക്കുള്ള രംഗപ്രവേശം. ഈജിപ്തിലെ ചില പ്രധാന സ്ഥാനങ്ങള്‍ വഹിച്ചതിനു ശേഷം 1961ല്‍ റിലീജ്യസ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഇന്‍സ്‌പെക്ടറായി ദോഹയിലെത്തിയ ഖറദാവി 1973ല്‍ ഖത്തറിന്റെ മതകാര്യ മേധാവിയായി. മതപരമായ കാര്യങ്ങളില്‍ വരും തലമുറക്ക് ഉന്നത വീക്ഷണം ഉണ്ടാവണമെന്ന നിര്‍ബന്ധബുദ്ധിയില്‍, ഖത്തര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഒരു ശരീഅത്ത് സ്ഥാപനം തുടങ്ങാന്‍ മുന്‍കൈയെടുത്തു.
1977ല്‍ സാക്ഷാത്കരിച്ച ആ കോളജിന്റെ പ്രിന്‍സിപ്പലായി 1990 വരെ ഖറദാവി തുടര്‍ന്നു. അള്‍ജീരിയയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെയും അനുബന്ധ സ്ഥാപങ്ങളുടെയും നിരീക്ഷകനായി സേവനമനുഷ്ഠിച്ച ഖറദാവി നാല് പതിറ്റാണ്ടിലേറെയായി ദോഹയിലെ വലിയ പള്ളിയില്‍ തറാവീഹ് നമസ്‌കാരത്തിന് നേതൃത്വം നല്‍കുകയും ഉമറുബ്‌നുല്‍ ഖത്ത്വാബ് പള്ളിയില്‍ ഖുത്വുബ നിര്‍വഹിക്കുകയും ചെയ്യുന്നു.
നൂറിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഇദ്ദേഹം മക്കയിലെ മുസ്‌ലിം വേള്‍ഡ് ലീഗ്, കുവൈത്തിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക ചാരിററബ്ള്‍ ഓര്‍ഗനൈസേഷന്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളിലും കൗണ്‍സിലുകളിലും അംഗമാണ്. ഇസ്‌ലാമിക പ്രചാരണത്തിനായി വെബ്‌സൈറ്റു വഴി നടത്തുന്ന ഇസ്‌ലാം ഓണ്‍ലൈന്‍ പരിപാടിക്ക് മികച്ച സ്വാധീനം ലോകത്ത് ചെലുത്താനായിട്ടുണ്ട്. ഖത്തറില്‍ തന്നെ താമസിക്കുന്ന ഖറദാവി നിരവധി അംഗീകാരങ്ങളും അവാര്‍ഡുകളും നേടിയിട്ടുണ്ട്.