തബ് ലീഗ് ജമാഅത്ത് അംഗം തുപ്പിയെന്ന വാര്‍ത്ത വ്യാജമെന്ന് റായ്പൂര്‍ എയിംസ്

സുനില്‍ സോണി എംപിയുടെ പരാമര്‍ശത്തെ ഛത്തീസ്ഗഡ് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സലാം റിസ് വി വിമര്‍ശിച്ചു

Update: 2020-04-07 03:07 GMT

റായ്പൂര്‍: തബ് ലീഗ് ജമാഅത്ത് അംഗം ഡോക്ടര്‍മാരോടും ഉദ്യോഗസ്ഥരോടും മോശമായി പെരുമാറുകയും തുപ്പുകയും ചെയ്‌തെന്ന വാര്‍ത്ത വ്യാജമാണെന്ന് റായ്പൂര്‍ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസ്(എയിംസ്) അധികൃതര്‍. ഇതുസംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ വന്‍ പ്രചാരണം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് എയിംസ് അധികൃതര്‍ തന്നെ ഇക്കാര്യം നിഷേധിച്ച് വാര്‍ത്താകുറിപ്പിറക്കിയത്. തബ് ലീഗ് ജമാഅത്തുമായി ബന്ധമുള്ള ആണ്‍കുട്ടി ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ തന്നെ പ്രശ്‌നമുണ്ടാക്കിയെന്ന് റായ്പൂര്‍ എംപി സുനില്‍ സോണി ആരോപിച്ചിരുന്നു. ഒരു പ്രാദേശിക ടിവി ചാനലും ഇത്തരത്തില്‍ സംപ്രേഷണം ചെയ്തു. പിന്നീട് ഛത്തീസ്ഗഡ് സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണത്തിലാണ് വാര്‍ത്ത വ്യാജമാണെന്നു കണ്ടെത്തിയത്. 'കോര്‍ബ ജില്ലയില്‍ നിന്നുള്ള ഒരു കൊറോണ വൈറസ് പോസിറ്റീവായ ആണ്‍കുട്ടി ഡോക്ടര്‍മാരെയോ എയിംസിലെ ഏതെങ്കിലും സ്റ്റാഫുകളെയോ തുപ്പിയിട്ടില്ല.

    കൊവിഡ് 19 രോഗികള്‍ക്ക് നല്‍കിയ പ്രോട്ടോകോള്‍ അനുസരിച്ച് അദ്ദേഹം മരുന്നുകള്‍ കഴിക്കുകയും ഉദ്യോഗസ്ഥരുമായി സഹകരിക്കുകയും ചെയ്യുന്നുണ്ട്. നിര്‍ദേശിച്ച പ്രകാരം അദ്ദേഹം ഇന്‍സുലേഷന്‍ വാര്‍ഡിന്റെ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നും എയിംസ് പ്രസ്താവനയില്‍ വ്യക്തമാക്കി. കുട്ടിയുടെ പെരുമാറ്റം മോശമാണെന്നായിരുന്നു റായ്പൂര്‍ എംപി സുനില്‍ സോണിയുടെ ആക്ഷേപം. തബ് ലീഗ് ജമാഅത്ത് അംഗമായ കുട്ടി കാണിച്ച അസ്വീകാര്യമായ പെരുമാറ്റരീതികള്‍ കാരണം ഇവിടെയെത്തുന്ന എല്ലാ തബ് ലീഗ് അംഗങ്ങള്‍ക്കും പ്രത്യേക വാര്‍ഡ് ഒരുക്കാന്‍ ഞാന്‍ എയിംസ് റായ്പൂരിനോട് ആവശ്യപ്പെട്ടെന്നായിരുന്നു സുനില്‍ സോണിയുടെ പരാമര്‍ശം. സുനില്‍ സോണി എംപിയുടെ പരാമര്‍ശത്തെ ഛത്തീസ്ഗഡ് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സലാം റിസ് വി വിമര്‍ശിച്ചു. സോണിയുടെ പരാമര്‍ശം ആസൂത്രിതമാണെന്നും കൊവിഡ് 19നെതിരേ സംസ്ഥാനവും രാജ്യവും നിര്‍ണായക പോരാട്ടം നടത്തുമ്പോള്‍ ലോക്‌സഭാ അംഗത്തെ പോലെ ഉത്തരവാദിത്ത സ്ഥാനത്തുള്ള ഒരാള്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും റിസ് വി പറഞ്ഞു.




Tags:    

Similar News