അര്‍ജുനെ കണ്ടെത്താന്‍ തിരച്ചില്‍ പുനരാരംഭിച്ചു; പ്രാര്‍ഥനയോടെ നാട്

Update: 2024-07-20 02:13 GMT

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരിനടുത്തുള്ള അങ്കോളയില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് രാവിലെ വീണ്ടും ആരംഭിച്ചു. രാവിലെ ആറരയോടെയാണ് തിരച്ചില്‍ പുനരാരംഭിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ തിരച്ചില്‍ നിര്‍ത്തിവച്ചിരുന്നു. നാവികസേന, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, പോലിസ്, അഗ്‌നിശമനസേന സംഘങ്ങള്‍ ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. പ്രദേശത്ത് ശക്തമായ മഴയും കാറ്റുമുണ്ട്. അതിനാല്‍ തന്നെ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്നത് രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമാവുന്നുണ്ട്. വെള്ളിയാഴ്ച രാത്രി രക്ഷാപ്രവര്‍ത്തനം നടത്താന്‍ വലിയ ലൈറ്റുകള്‍ അടക്കം കൊണ്ടുവന്ന് പ്രദേശത്ത് സജ്ജമാക്കിയിരുന്നു. കനത്ത മഴയെ അവഗണിച്ചും തിരച്ചില്‍ തുടര്‍ന്നെങ്കിലും മേഖലയില്‍ മഴ അതിശക്തമായ മഴ പെയ്തതോടെയാണ് തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.

    റഡാര്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുക. ബെംഗളുരുവില്‍ നിന്നാണ് റഡാര്‍ ഡിവൈസ് എത്തിക്കുക. ഏറെ ആഴത്തിലുള്ള വസ്തുക്കള്‍ വരെ കണ്ടെത്താന്‍ കഴിയുന്ന റഡാര്‍ ആണ് അപകടസ്ഥലത്തേക്ക് കൊണ്ടുവരിക. അര്‍ജുന്റെ കുടുംബവും നാടും പ്രാര്‍ഥനയോടെയാണ് കഴിയുന്നത്. അര്‍ജുനായുള്ള തിരച്ചില്‍ താല്‍കാലികമായി അവസാനിപ്പിച്ച സാഹചര്യത്തില്‍ ആശങ്ക രേഖപ്പെടുത്തി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. മൂന്ന് ദിവസം കഴിഞ്ഞിട്ടും കാര്യക്ഷമമായ തിരച്ചില്‍ നടക്കാത്തത് സങ്കടകരമാണെന്നും കുടുംബം പറഞ്ഞിരുന്നു. പിന്നാലെ അര്‍ജുനെ കണ്ടെത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഗംഗാവതി പുഴ നിറഞ്ഞൊഴുകിയതും തിരിച്ചടിയായിട്ടുണ്ട്. ഗംഗാവാലി പുഴയിലിറങ്ങി നേവിയുടെ മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി നദിയുടെ അടിത്തട്ടില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

    ചൊവ്വാഴ്ചയാണ് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനെ കര്‍ണാടക അങ്കോല ഷിരൂര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കാണാതായത്. ജിപിഎസ് സംവിധാനത്തിലൂടെയാണ് അര്‍ജുന്‍ അപകടത്തില്‍പ്പെട്ടതെന്ന നിഗമനത്തിലെത്തിയത്. അതിനിടെ, കഴിഞ്ഞ അഞ്ചുദിവസമായി മണ്ണിനടിയില്‍ നിന്ന് ഇതുവരെ രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഉള്‍പ്പെടെ ഏഴു മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. നൂറ് മീറ്ററോളം ദൂരത്തില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞത് കാരണം മൂന്നു കിലോമീറ്ററോളം ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.

Tags:    

Similar News