അങ്കോല മണ്ണിടിച്ചില്‍; ഏഴാംദിനവും തിരച്ചില്‍ വിഫലം, നാളെ പുഴയിലേക്ക്

Update: 2024-07-22 14:08 GMT

അങ്കോല: കര്‍ണാടകയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ ഏഴാംദിനവും കണ്ടെത്താനായില്ല. ഇന്ന് രാവിലെ മുതല്‍ തുടങ്ങിയ തിരച്ചില്‍ വൈകീട്ടോടെ അവസാനിപ്പിച്ച് സൈന്യം ഷിരൂറില്‍ നിന്ന് മടങ്ങി. ഇതോടെ കരയിലെ തിരച്ചില്‍ അവസാനിപ്പിച്ചതായും നാളെ പുഴയില്‍ പരിശോധന നടത്തുമെന്നും കാര്‍വാര്‍ എംഎല്‍എ സതീഷ് സെയ്ല്‍ പറഞ്ഞു. വാഹനം പുഴയിലേക്ക് ഒഴുകിപ്പോയതായാണ് നിഗമനമെന്നും അതിനാലാണ് ഗംഗാവലി നദിയിലേക്ക് തിരച്ചില്‍ വ്യാപിപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരച്ചില്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി എന്‍ഡിആര്‍എഫിന്റെ വിദഗ്ധ സംഘം നാളെ രാവിലെ സ്ഥലം സന്ദര്‍ശിക്കും.

    അതിനിടെ, സൈന്യത്തിന്റെ തിരച്ചിലിലും അതൃപ്തിയുമായി അര്‍ജുന്റെ കുടുംബം രംഗത്തെത്തി. സൈന്യം വേണ്ടവിധത്തില്‍ ഇടപെട്ടില്ലെന്നും യാതൊരുവിധ ഉപകരണങ്ങളുമില്ലാതെ സൈന്യം എന്തിനാണ് വന്നതെന്നും കുടുംബം ചോദിച്ചു. പട്ടാളത്തെക്കുറിച്ച് അഭിമാനം ഉണ്ടായിരുന്നു. ഇപ്പോഴത് നഷ്ട്ടപ്പെട്ടു.

    കര്‍ണാടക സര്‍ക്കാരില്‍ വിശ്വാസമില്ലെന്നും കുടുംബം പറഞ്ഞു. കേരളത്തില്‍ നിന്നെത്തിയ രക്ഷാപ്രവര്‍ത്തകരെ കടത്തിവിടാത്തതില്‍ കുടുംബം അതൃപ്തി പ്രകടിപ്പിച്ചു. കര്‍ണാടകയില്‍ നിന്ന് മരവുമായി കേരളത്തിലേക്ക് വരുന്നതിനിടെയാണ് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനും ലോറിയും കാണാതായത്.

Tags:    

Similar News