മുസ്‌ലിം ആരാധനാലയങ്ങള്‍ക്കെതിരായ നീക്കങ്ങളെ ചെറുക്കുക: പോപുലര്‍ ഫ്രണ്ട്

Update: 2022-05-26 14:27 GMT

കോഴിക്കോട്: രാജ്യത്തെ പള്ളികള്‍ക്കും മുസ്‌ലിം ആരാധനാലയങ്ങള്‍ക്കുമെതിരായ നീക്കങ്ങള്‍ ചെറുക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം പാസാക്കിയ പ്രമേയം ജനങ്ങളോട് ആഹ്വാനം ചെയ്തു. ഗ്യാന്‍വാപി മസ്ജിദിനും മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിനും എതിരേ അവകാശവാദമുന്നയിച്ച് സംഘപരിവാര്‍ സംഘടനകള്‍ അടുത്തിടെ നല്‍കിയ ദുരുദ്ദേശപരമായ ഹരജികള്‍ 1991ലെ ആരാധനാലയ (പ്രത്യേക വ്യവസ്ഥകള്‍) നിയമത്തിന് വിരുദ്ധമാണ്. കോടതികള്‍ അവ പരിഗണിക്കാന്‍ പാടില്ലായിരുന്നുവെന്നും യോഗം വിലയിരുത്തി.

സംഘപരിവാരത്തിന്റെ പൊള്ളയായ വാദങ്ങള്‍ ഏറ്റുപിടിച്ച് ഗ്യാന്‍വാപി മസ്ജിദില്‍ അംഗശുദ്ധി വരുത്തുന്ന ഹൗള് ഉപയോഗിക്കുന്നതില്‍ മുസ്‌ലിംകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം സുപ്രിംകോടതി അംഗീകരിച്ചത് നിരാശാജനകമാണ്. വസ്തുതകളും തെളിവുകളും സഹിതം ഇത്തരം അവകാശവാദങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാന്‍ പോലും കോടതികള്‍ മെനക്കെടാത്ത സാഹചര്യത്തില്‍ രാജ്യത്തെവിടെയും ആര്‍ക്കും ഏത് ആരാധനാലയത്തെക്കുറിച്ചും സമാനമായ അവകാശവാദങ്ങള്‍ ഉന്നയിക്കാമെന്ന നിലയിലെത്തി.

ഇത്തരം അവസരങ്ങള്‍ മുതലെടുത്ത് വര്‍ഗീയവാദികള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പള്ളികള്‍ ലക്ഷ്യമിടുകയാണ്. കര്‍ണാടകയിലെ മംഗലാപുരത്ത് ജുമാ മസ്ജിദിന്റെ മേലുള്ള അവകാശവാദമാണ് ഏറ്റവും പുതിയ ഉദാഹരണം. ഇത്തരം കടന്നുകയറ്റങ്ങള്‍ വര്‍ഗീയ വിദ്വേഷത്തിനും നീതിവ്യവസ്ഥയോടുള്ള അവിശ്വാസത്തിനും ഇടയാക്കും. ആരാധനാലയ നിയമത്തോട് നീതി പുലര്‍ത്താനും രാജ്യത്തെ ആരാധനാലയങ്ങള്‍ കൈവശപ്പെടാത്താന്‍ ശ്രമിക്കുന്ന വര്‍ഗീയപ്രേരിതമായ ഹരജികള്‍ അവസാനിപ്പിക്കാനും കോടതികള്‍ തയ്യാറാവണം. മുസ്‌ലിം ആരാധനാലയങ്ങള്‍ പിടിച്ചടക്കാനുള്ള ഹിന്ദുത്വ നീക്കങ്ങളെ ചെറുക്കാന്‍ പൊതുസമൂഹം മുന്നോട്ടുവരണമെന്നും പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്തു.

ബിജെപിയുടെ നിയമവിരുദ്ധമായ രീതികള്‍ നിയമവാഴ്ചയ്ക്ക് ഭീഷണി

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന നിയമവിരുദ്ധമായ രീതികള്‍ രാജ്യത്തെ നിയമവാഴ്ചയ്ക്ക് ഭീഷണിയാണെന്ന് മറ്റൊരു പ്രമേയം ചൂണ്ടിക്കാട്ടി. യോഗിയുടെ ഉത്തര്‍പ്രദേശില്‍ പതിവായിരുന്ന ഏറ്റുമുട്ടലുകള്‍, ബുള്‍ഡോസര്‍ രാജിലൂടെ സ്വത്തുവകകള്‍ ഇടിച്ചുനിരത്തല്‍, കസ്റ്റഡി കൊലപാതകങ്ങള്‍ എന്നിവ ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും വ്യാപകമായി. പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്ലിം യുവാക്കളെ അസം പോലിസ് അടുത്തിടെ വെടിവച്ചുകൊന്നു.

രാമനവമി റാലികളുടെ പേരിലുള്ള ഹിന്ദുത്വ അക്രമത്തിന്റെ മറവില്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ മുസ്‌ലിം സമുദായത്തെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണ്. മധ്യപ്രദേശ്, അസം, ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളില്‍ മുസ്‌ലിം സ്വത്തുക്കള്‍ ബുള്‍ഡോസര്‍ ചെയ്തു. നിയമാനുസൃതമായ നടപടിക്രമങ്ങളോടുള്ള ബിജെപിയുടെ വര്‍ധിച്ചുവരുന്ന അവഗണനയുടെ തെളിവാണിത്. ഇത് ആത്യന്തികമായി നിയമലംഘനത്തിലേക്ക് നയിക്കും.

ഏതെങ്കിലും കുറ്റകൃത്യം നടന്നാല്‍ പോലും ഒരു പോലിസിനും ജില്ലാ ഭരണകൂടത്തിനും പൗരന്‍മാരെ ഏതു വിധേനയും ശിക്ഷിക്കാന്‍ അധികാരമില്ല. ആരെങ്കിലും കുറ്റക്കാരനാണെങ്കില്‍ എന്ത് ശിക്ഷ നല്‍കണമെന്ന് തീരുമാനിക്കേണ്ടത് കോടതികളുടെ കടമയാണ്. ക്രൂരമായ നിയമവിരുദ്ധ നടപടികള്‍ തടയാന്‍ കോടതികള്‍ ഇടപെടാത്തത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. ഇത്തരം അനീതിക്കെതിരേ മനസ്സാക്ഷിയുള്ള പൗരന്‍മാര്‍ ശബ്ദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കഴിഞ്ഞവര്‍ഷം മരണപ്പെട്ട കെ എം ഷെരീഫിനും ആരോഗ്യകാരണങ്ങളാല്‍ രാജിവച്ച ഇ അബൂബക്കറിനും പകരമായി ഡോ.മിനാറുല്‍ ഷെയ്ഖ്, മുഹമ്മദ് ആസിഫ് എന്നിവരെ കൗണ്‍സിലിലേക്ക് ഉള്‍പ്പെടുത്തിയതായും എന്‍ഇസി അറിയിച്ചു.

Tags:    

Similar News