ഹൃദ്രോഗം, സ്‌ട്രോക്ക്, മറ്റ് ഹൃദയ സംബന്ധമായ സങ്കീര്‍ണതകള്‍ എന്നിവയിലേക്ക് നയിക്കുന്ന, ഇന്ന് തികച്ചും സാധാരണമായ രോഗാവസ്ഥയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നറിയപ്പെടുന്ന രക്താധിസമ്മര്‍ദ്ദം(ഹൈപര്‍ടെന്‍ഷന്‍). ജീവിതശൈലിയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളും മരുന്നുകളും കൊണ്ട് മിക്കവരിലും ഹൈപര്‍ടെന്‍ഷന്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയും. എന്നാല്‍, ചിലരില്‍ മതിയായ ചികില്‍സ നല്‍കിയിട്ടും രക്തസമ്മര്‍ദ്ദം ഉയര്‍ന്ന നിലയില്‍ തുടരാറുണ്ട്. അതിനെയാണ് റെസിസ്റ്റന്റ് ഹൈപര്‍ടെന്‍ഷന്‍(മരുന്നുകളോട് പ്രതികരിക്കാത്ത രക്താതിസമ്മര്‍ദ്ദം) എന്നറിയപ്പെടുന്നത്. ഡൈയൂറിട്ടിക് ഉള്‍പ്പെടെ ബിപി നിയന്ത്രിക്കാനുള്ള മൂന്ന് മരുന്നുകള്‍ നല്‍കിയിട്ടും രക്തസമ്മര്‍ദ്ദം 140/90ല്‍ കൂടുതല്‍ തുടരുകയാണെങ്കില്‍ ഒരു വ്യക്തിക്ക് റെസിസ്റ്റന്റ് ഹൈപര്‍ ടെന്‍ഷന്‍ ഉണ്ടെന്ന് കണക്കാക്കാം. ഇതിന്റെ കാരണങ്ങള്‍, ലക്ഷണങ്ങള്‍, അപകടഘടകങ്ങള്‍ എന്നിവ എന്തൊക്കെയെന്ന് അറിയാം.
കാരണങ്ങള്‍
മരുന്നിന്റെ ഉപയോഗം കൃത്യമല്ലാതിരിക്കുക: ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുകള്‍ കൃത്യമായി കഴിക്കാതിരിക്കുകയോ അനുചിതമായി ഉപയോഗിക്കുകയോ ചെയ്യുന്നത് ചികില്‍സ പ്രതിരോധത്തിലാക്കും. ഡോക്ടര്‍ നിര്‍ദേശിക്കുന്ന പ്രകാരം മരുന്നുകള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. മരുന്നുകളെ സംബന്ധിച്ച് എന്തെങ്കിലും ആശങ്കകളും പാര്‍ശ്വഫലങ്ങളും കണ്ടാല്‍ ഡോക്ടറോട് സംസാരിക്കുക.
സെക്കന്‍ഡറി ഹൈപര്‍ടെന്‍ഷന്‍: ചിലയാളുകളില്‍ രക്താതിസമ്മര്‍ദ്ദം നിയന്ത്രിക്കാനാവാത്തതിന് അടിസ്ഥാന ആരോഗ്യാവസ്ഥകള്‍ കാരണമാവാം. വൃക്കരോഗം, പ്രൈമറി ആല്‍ഡോസ്‌റ്റെറോണിസം അല്ലെങ്കില്‍ കുഷിങ്‌സ് സിന്‍ഡ്രോം പോലുള്ള ഹോര്‍മോണ്‍ തകരാറുകള്‍, സ്ലീപ് അപ്നിയ പോലെയുള്ള ഉറക്കത്തകരാറുകള്‍, ചില മരുന്നുകള്‍ ഒക്കെ ഇതിന് കാരണങ്ങളാവാം. 30 വയസ്സില്‍ താഴെ രക്തസമ്മര്‍ദ്ദം കണ്ടെത്തുന്നവരില്‍ മറ്റുകാരണങ്ങള്‍ കൊണ്ടുള്ള രക്താതിസമ്മര്‍ദ്ദം(സെക്കന്‍ഡറി ഹൈപര്‍ടെന്‍ഷന്‍) സാധ്യതയുണ്ടോയെന്ന് സംശയിക്കാം.
ജീവിതശൈലി ഘടകങ്ങള്‍: സോഡിയം(ഉപ്പ്) കൂടുതലടങ്ങിയ ഭക്ഷണശീലം, അമിത മദ്യപാനം, പുകവലി, ശരീരം അനങ്ങാതിരിക്കുക തുടങ്ങിയ അനാരോഗ്യകരമായ ജീവിതശൈലി രക്താതിസമ്മര്‍ദ്ദം വിട്ടുമാറാത്തതിന് കാരണമാവും. ജീവിതശൈലി മാറ്റുന്നതിലൂടെ ഈ ഘടകങ്ങളെ നേരിടുന്നത് റെസിസ്റ്റന്റ് ഹൈപര്‍ടെന്‍ഷന്‍ നിയന്ത്രിക്കാന്‍ സഹായിക്കും.
ലക്ഷണങ്ങള്‍
രക്തസമ്മര്‍ദവുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങള്‍ റെസിസ്റ്റന്റ് ഹൈപര്‍ടെന്‍ഷനിലും കാണാറുണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
തലവേദന: തുടര്‍ച്ചയായ അല്ലെങ്കില്‍ കഠിനമായ തലവേദന. ശ്വാസതടസ്സം: ശ്വസിക്കാന്‍ ബുദ്ധിമുട്ട് അല്ലെങ്കില്‍ പ്രത്യേകിച്ച് ചില ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴുണ്ടാവുന്ന ശ്വാസം മുട്ടല്‍. നെഞ്ചുവേദന: നെഞ്ചുവേദന, നെഞ്ചില്‍ മുറുക്കം അനുഭവപ്പെടുക. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇത് ശ്രദ്ധിക്കേണ്ടതാണ്. ക്ഷീണം: അമിതമായ ക്ഷീണം അല്ലെങ്കില്‍ തലകറക്കം അനുഭവപ്പെടുക.
റെസിസ്റ്റന്റ് ഹൈപര്‍ടെന്‍ഷന്റെ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍
പ്രായം: രക്തക്കുഴലുകളുടെ ഇലാസ്റ്റിസിറ്റി കുറയുകയും രക്തസമ്മര്‍ദ്ദ നിയന്ത്രണം കൂടുതല്‍ വെല്ലുവിളിയാവുകയും ചെയ്യുന്നതിനാല്‍ പ്രായം അപകടഘടകമാണ്. പൊണ്ണത്തടി: അമിതവണ്ണവും പൊണ്ണത്തടിയും ഹൃദയവ്യവസ്ഥയില്‍ സമ്മര്‍ദം അധികമാക്കുന്നു. ഇത് രക്തസമ്മര്‍ദം നിയന്ത്രിക്കുന്നത് ബുദ്ധിമുട്ട് വര്‍ധിപ്പിക്കുന്നു. കുടുംബപാരമ്പര്യം: രക്താതിസമ്മര്‍ദ്ദമോ റെസിസ്റ്റന്റ് ഹൈപര്‍ടെന്‍ഷനോ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്.
വിട്ടുമാറാത്ത വൃക്കരോഗം: വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുകയും റെസിസ്റ്റന്റ് ഹൈപര്‍ടെന്‍ഷന്‍ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
വംശീയത: ആഫ്രിക്കന്‍-അമേരിക്കക്കാര്‍ പോലുള്ള ചില വംശീയ വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും റെസിസ്റ്റന്റ് ഹൈപര്‍ ടെന്‍ഷനും വരാനുള്ള സാധ്യത കൂടുതലാണ്.
ചികില്‍സ
റെസിസ്റ്റന്റ് ഹൈപര്‍ടെന്‍ഷന്‍ ഉണ്ടെന്ന സംശയമോ അല്ലെങ്കില്‍ എത്ര പരിശ്രമിച്ചിട്ടും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കിലോ ഡോക്ടറുടെ സഹായം തേടേണ്ടതാണ്. നിങ്ങളുടെ അവസ്ഥ വിലയിരുത്താനും പരിശോധനകള്‍ നടത്തി ഏറ്റവും അനുയോജ്യമായ ചികില്‍സ നിര്‍ണയിക്കാനും അവര്‍ക്ക് സാധിക്കും. മരുന്നുകളുടെ ഉപയോഗത്തോടൊപ്പം ജീവിതശൈലിയില്‍ മാറ്റം വരുത്തേണ്ടതും പ്രധാനമാണ്. ഡാഷ്(ഡയറ്ററി അപ്രോച്ച് ടു സ്‌റ്റോപ്പ് ഹൈപര്‍ ടെന്‍ഷന്‍) അഥവാ ഭക്ഷണക്രമീകരണത്തിലൂടെ രക്താതിസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയാണ് അതില്‍ പ്രധാനം. ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കുക, പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക, ബട്ടര്‍, ചീസ് പോലുള്ള പാലുല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക എന്നിവയോടൊപ്പം അരമണിക്കൂറെങ്കിലും നടക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യുക, മാനസിക പിരിമുറുക്കം കുറയ്ക്കുക, മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക, ഏഴുമണിക്കൂറെങ്കിലും ഉറങ്ങുക എന്നിവയാണ് ജീവിതശൈലിയില്‍ കൊണ്ടുവരേണ്ട പ്രധാന മാറ്റങ്ങള്‍.
റെസിസ്റ്റന്റ് ഹൈപര്‍ടെന്‍ഷന് ഡൈയൂററ്റിക്‌സ്, ബീറ്റാബ്ലോക്കറുകള്‍, ആന്‍ജിയോ ടെന്‍സിന്‍ കണ്‍വെര്‍ട്ടിങ് എന്‍സൈം(എസിഇ) ഇന്‍ഹിബിറ്ററുകള്‍, ആന്‍ജിയോടെന്‍സിന്‍ II റിസപ്റ്റര്‍ ബ്ലോക്കറുകള്‍(എആര്‍ബികള്‍), മറ്റ് ആന്റി ഹൈപര്‍ടെന്‍സിവ് മരുന്നുകള്‍ എന്നീ മരുന്നുകളാണ് ഉപയോഗിക്കാറുള്ളത്.
മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ലെങ്കില്‍ ചെയ്യാവുന്ന മറ്റൊരു ചികില്‍സാ മാര്‍ഗമാണ് റീനല്‍ ഡിനര്‍വേഷന്‍ എന്ന താക്കോല്‍ദ്വാര ശസ്ത്രക്രിയ. കാല്‍ ഞരമ്പുവഴി വൃക്കയിലെ രക്തക്കുഴലുകളിലേക്ക് എത്തിച്ച് രക്തസമ്മര്‍ദ്ദം കൂട്ടുന്ന ചില ഞരമ്പുകളെ കരിച്ചുകളയുന്ന മാര്‍ഗമാണിത്. ഇതുവഴി റെസിസ്റ്റന്റ് ഹൈപര്‍ടെന്‍ഷനെ നിയന്ത്രണത്തിലാക്കുകയും മരുന്നിന്റെ അളവ് കുറയ്ക്കാനും സാധിക്കും.
തയ്യാറാക്കിയത്:
ഡോ. സന്ദീപ് ആര്‍,
കണ്‍സള്‍ട്ടന്റ് ഇന്റവെന്‍ഷനല്‍ കാര്‍ഡിയോളജി,
ആസ്റ്റര്‍ മെഡ്‌സിറ്റി,
കൊച്ചി