പൊതുപരിപാടികള്‍ക്ക് നിയന്ത്രണം: ഉത്തരവ് പിന്‍വലിച്ചത് സമ്മര്‍ദം മൂലമല്ല; വിശദീകരണവുമായി കാസര്‍കോട് കലക്ടര്‍
കാസര്‍കോട്: ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് പിന്‍വലിച്ചത് ആരുടെയും സമ്മര്‍ദം മൂലമല്ലെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍. നേരത്തെ നിലവിലുണ്ടായിരുന്ന മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വന്നതിനെ തുടര്‍ന്നാണ് തീരുമാനം റദ്ദാക്കിയത്. തന്റെ ഉത്തരവ് റദ്ദാക്കുന്നതിന് സമ്മര്‍ദ്ദമുണ്ടായെന്ന തരത്തില്‍ വരുന്ന മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും കലക്ടര്‍ വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ തീരുമാനം രണ്ട് മണിക്കൂറിന് ശേഷം കലക്ടര്‍ പിന്‍വലിച്ചിരുന്നു.
ഇന്ന് സിപിഎം ജില്ലാ സമ്മേളനം ആരംഭിക്കുന്നതുകൊണ്ടാണ് കലക്ടര്‍ തീരുമാനം റദ്ദാക്കിയതെന്നായിരുന്നു മാധ്യമ റിപോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് കലക്ടര്‍ ഫേസ്ബുക്കില്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പകരം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി പുതിയ മാനദണ്ഡം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തോട് താന്‍ വ്യക്തിപരമായി യോജിക്കുന്നു. അത് നല്ലൊരു തീരുമാനമാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടിയാല്‍ മാത്രമേ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുന്നുള്ളൂ.
ആവശ്യമില്ലെങ്കില്‍ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ് ? ലോക്ക് ഡൗണ്‍ ബാധിക്കുന്നത് തന്നെപ്പോലുള്ള ശമ്പളക്കാരെയല്ല. റിക്ഷാ ഡ്രൈവര്‍മാരാണ് കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലയളവില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്തത്. ടിപിആര്‍ ഉയര്‍ന്നതാണെങ്കിലും ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് നടത്തിയ പരിശോധനകളുടെ എണ്ണം കുറവാണ്. മൊത്തം കേസുകളുടെ എണ്ണവും ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ മൊത്തം എണ്ണവും നോക്കുകയാണെങ്കില്‍ സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.