കോഴിക്കോട്: ദുബയിലെ ഫഌറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വ്‌ളോഗര്‍ റിഫ മെഹ്‌നുവിന്റെ ഭര്‍ത്താവ് മെഹ്‌നാസിനെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചോദ്യം ചെയ്യലിന് ഹാജരാവാത്ത സാഹചര്യത്തിലാണ് ഇയാള്‍ക്കെതിരേ കാക്കൂര്‍ പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. തിങ്കളാഴ്ചയായിരുന്നു മെഹ്നാസിനോട് സ്റ്റേഷനില്‍ ഹാജരാവാന്‍ പോലിസ് ആവശ്യപ്പെട്ടത്. റിഫയുടെ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലെ സുപ്രധാന വിവരങ്ങള്‍ പോലിസിനു ലഭിച്ചതിന് പിന്നാലെ മെഹ്നാസിനെ അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഇതിനായി കേസന്വേഷണം ദുബയിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പോലിസ്.
ചോദ്യം ചെയ്യുന്നതിനായി കാസര്‍കോട്ടെ ഇയാളുടെ വീട്ടില്‍ പോലിസ് സംഘം അന്വേഷിച്ചുചെന്നെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് നോട്ടീസ് പുറപ്പെടുവിച്ചത്. റിഫയുടെ മൃതദേഹം ഖബര്‍സ്ഥാനില്‍നിന്നു പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത സാഹചര്യത്തിലാണ് പോലിസ് മെഹ്നാസിനെ തേടിയെത്തിയത്. എന്നാല്‍, ഇയാള്‍ സ്ഥലത്തുണ്ടായിരുന്നില്ല. റിഫയുടെ മരണവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരേ കാക്കൂര്‍ പോലിസ് പീഡനം, കാലില്‍ ഇരുമ്പുവടി കൊണ്ട് അടിച്ചുപരിക്കേല്‍പ്പിക്കല്‍, ആത്മഹത്യാ പ്രേരണാക്കുറ്റം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനു മെഹ്‌നാസിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. റിഫയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന്റെ റിപോര്‍ട്ട് കാത്തിരിക്കുകയാണ് താമരശ്ശേരി ഡിവൈഎസ്പി ടി കെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം.
കണ്ണൂരിലെ കെമിക്കല്‍ ലാബിലേക്ക് ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ റിപോര്‍ട്ട് കിട്ടാന്‍ വൈകും. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് കിട്ടിയാല്‍ മറ്റ് നടപടികളിലേക്ക് നീങ്ങാനാണ് പോലിസ് ആലോചിക്കുന്നത്. റിഫയുടെ മാതാപിതാക്കളില്‍നിന്ന് കഴിഞ്ഞ ദിവസം പോലിസ് സംഘം മൊഴിയെടുത്തിരുന്നു. റിഫ നേരിട്ട ശാരീരികവും മാനസികവുമായ പീഡനകാര്യങ്ങള്‍ അവര്‍ പോലിസിനോട് വിശദീകരിച്ചിട്ടുണ്ട്. മെഹ്നാസിന്റെയും റിഫയുടെയും സുഹൃത്ത് ജംഷാദിനെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു.
ജംഷാദില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കാക്കൂര്‍ പാവണ്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍നിന്ന് റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. വ്‌ളോഗറും ആല്‍ബം നടിയുമായ റിഫയെ കഴിഞ്ഞ മാര്‍ച്ച് ഒന്നിനു പുലര്‍ച്ചെയാണ് ദുബയ് ജാഹിലിയയിലെ ഫഌറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ജനുവരി അവസാനമാണ് റിഫ നാട്ടില്‍നിന്നു ദുബയിലേക്കു പോയത്. ദുബയ് കാരാമയില്‍ പര്‍ദ ഷോപ്പിലായിരുന്നു ജോലി. മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് റാഷിദ് വടകര റൂറല്‍ എസ്പി എ ശ്രീനിവാസന് പരാതി നല്‍കിയതോടെയാണ് അന്വേഷണം തുടങ്ങിയത്.