ഉത്തരാഖണ്ഡില്‍ കലാപം; 4 പേര്‍ കൊല്ലപ്പെട്ടു, 250 പേര്‍ക്കു പരിക്ക്

Update: 2024-02-09 03:10 GMT

ഹല്‍ദ്വാനി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ അനധികൃത നിര്‍മാണം ആരോപിച്ച് മദ്‌റസയും അതിനോട് ചേര്‍ന്നുള്ള പള്ളിയും തകര്‍ത്തതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷം കലാപത്തിലേക്ക്. വ്യാപക ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 250ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉള്‍പ്പെടെയുള്ള ഉത്തരവിറക്കി. ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണമായും അടച്ചു. നഗരത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. സംഘര്‍ഷ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഹല്‍ദ്വാനിയിലെ വന്‍ഭൂല്‍പുര പ്രദേശത്ത് ഇന്നലെ മദ്‌റസയും അതിനോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന പള്ളിയും മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ വന്‍ പോലിസ് സന്നാഹത്തോടെ പൊളിച്ചുനീക്കാനെത്തിയപ്പോഴാണ് സംഘര്‍ഷം തുടങ്ങിയത്. കോടതി ഉത്തരവെന്നു പറഞ്ഞ് ബുള്‍ഡോസറുമായെത്തിയ ഉദ്യോഗസ്ഥരെ പ്രദേശവാസികള്‍ ചെറുക്കുകയായിരുന്നു. ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ തുടങ്ങിയതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ബാരിക്കേഡുകള്‍ തകര്‍ത്ത് പോലിസുമായി രൂക്ഷമായി ഏറ്റുമുട്ടി. പോലിസ്, മുനിസിപ്പല്‍ തൊഴിലാളികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കല്ലേറില്‍ പരിക്കേറ്റതായാണു റിപോര്‍ട്ട്. ജനക്കൂട്ടം പോലിസ് ബസുകള്‍ കത്തിച്ചതായും റിപോര്‍ട്ടുകളുണ്ട്. 50ലധികം പോലിസുകാര്‍ക്ക് പരിക്കേറ്റതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.

   


സര്‍ക്കാര്‍ ഭൂമി കൈയേറിയാണ് മദ്‌റസയും മസ്ജിദും നിര്‍മിച്ചതെന്ന് ആരോപിച്ചാണ് കനത്ത പോലിസിന്റെയും പിഎസി(പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി)യുടെയും സാന്നിധ്യത്തില്‍ ബുള്‍ഡോസര്‍ രാജ് നടപ്പാക്കിയത്. കോടതി ഉത്തരവ് അനുസരിച്ചാണ് പൊളിച്ചു നീക്കിയതെന്നാണ് സീനിയര്‍ പോലിസ് സൂപ്രണ്ട് പ്രഹ്ലാദ് മീണ പറയുന്നത്. ഇതിനെ ചെറുത്ത പ്രദേശവാസികള്‍ക്കെതിരേ പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ സംഘര്‍ഷം വ്യാപിച്ചു. പോലിസ് സ്‌റ്റേഷനു പുറത്തുള്ള വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. മദ്‌റസയും മസ്ജിദും പൊളിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ വ്യാഴാഴ്ച വാദം കേട്ട ഉത്തരാഖണ്ഡ് ഹൈക്കോടതി നടപടിയില്‍ ഇളവ് അനുവദിച്ചിരുന്നില്ല. ഇതിനുപിന്നാലെയാണ് ബുള്‍ഡോസറുമായി പൊളിച്ചുനീക്കാന്‍ തുടങ്ങിയത്. കേസ് ഫെബ്രുവരി 14ന് വീണ്ടും പരിഗണിക്കുന്നുണ്ട്. സര്‍ക്കാര്‍ ഭൂമി കൈയേറ്റം ആരോപിച്ച് പ്രദേശത്തെ മൂന്ന് ഏക്കറോളം ഭൂമി പിടിച്ചെടുക്കുകയും കെട്ടിടങ്ങള്‍ സീല്‍ ചെയ്യുകയും ചെയ്തിരുന്നു. ഫെബ്രുവരി ഒന്നിനു മുമ്പ് ഒഴിയണമെന്ന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. പൊളിച്ചുമാറ്റരുതെന്ന് ആവശ്യപ്പെട്ട് മത-രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതര്‍ തള്ളിക്കളഞ്ഞു. പ്രദേശവാസികള്‍ നമസ്‌കാരത്തിനു വേണ്ടി ഉപയോഗിച്ച കെട്ടിടവും വ്യാഴാഴ്ച പൊളിച്ചുമാറ്റിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ ഏകസിവില്‍കോഡ് പാസാക്കിയതിനെതിരേ പ്രതിഷേധം ഉയരുന്നതിനിടെയാണ് മുസ് ലിം ഭൂരിപക്ഷപ്രദേശമായ ഹല്‍ദ്വാനില്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ മദ്‌റസ തകര്‍ത്തത്. ഇതിനെതിരേ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ ചെറുത്തതോടെ പോലിസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചതാണ് സംഘര്‍ഷത്തിനു കാരണം.

    വികസനത്തിന്റെ പേരില്‍ കഴിഞ്ഞവര്‍ഷം ഹല്‍ദ്വാനില്‍ ആയിരക്കണക്കിന് കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ നീക്കം നടന്നിരുന്നെങ്കിലും സുപ്രിംകോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. റെയില്‍വേ പുറമ്പോക്ക് ഭൂമിയാണെന്നു പറഞ്ഞ് 4,500 ഓളം കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് ഉത്തരാഖണ്ഡ് ഹൈക്കോടതി അനുമതി നല്‍കിയെങ്കിലും സുപ്രിംകോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. 95 ശതമാനത്തിലേറെ മുസ് ലിംകള്‍ താമസിക്കുന്ന പ്രദേശമാണ് ഹല്‍ദ്വാനി.

Tags:    

Similar News