അറബ് ലോകത്ത് ആദ്യമായി വനിത പ്രധാനമന്ത്രി;നജ്‌ല ബൗദിന്‍ തുണീസ്യന്‍ പ്രധാനമന്ത്രി

കഴിഞ്ഞ സര്‍ക്കാരിനെ പിരിച്ചുവിട്ട് വിപുലമായ എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ പിടിച്ചെടുത്ത് രണ്ടു മാസങ്ങള്‍ക്കു ശേഷമാണ് തുണീസ്യന്‍ പ്രസിഡന്റ് ഖൈസ് സഈദ് പുതിയ പ്രധാനമന്ത്രിയെ നിയമക്കുന്നത്.

Update: 2021-09-29 15:25 GMT

തുണിസ്: തുണീസ്യന്‍ ചരിത്രത്തിലാദ്യമായി വനിതാ പ്രധാനമന്ത്രിയെ നിയമിച്ച് തുണീസ്യന്‍ പ്രസിഡന്റ് ഖൈസ് സഈദ്. രാഷ്ട്രീയത്തില്‍ അത്രപരിചിതമല്ലാത്ത നജ്‌ല ബൗദിന്‍ റമദാനെന്ന ജിയോളജിസ്റ്റിനെയാണ് പ്രധാനമന്ത്രിയായി നിയമിച്ചത്. ഇതോടെ, അറബ് ലോകത്ത് തന്നെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ വനിതയായി നജ്‌ല ബൗദിന്‍ റമദാന്‍ മാറി.

കഴിഞ്ഞ സര്‍ക്കാരിനെ പിരിച്ചുവിട്ട് വിപുലമായ എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ പിടിച്ചെടുത്ത് രണ്ടു മാസങ്ങള്‍ക്കു ശേഷമാണ് തുണീസ്യന്‍ പ്രസിഡന്റ് ഖൈസ് സഈദ് പുതിയ പ്രധാനമന്ത്രിയെ നിയമക്കുന്നത്.

'തുണീസ്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത ഒരു സര്‍ക്കാരിനെ നയിക്കുന്നത്' എന്ന് നജ്‌ലയുമായുള്ള കൂടിക്കാഴ്ചക്കിടെ ഖൈസ് സഈദ് പറഞ്ഞതായി പ്രസിഡന്റിന്റെ ഓഫിസില്‍ നിന്നുള്ള വീഡിയോ സന്ദേശത്തില്‍ പറയുന്നു. തുണീസ്യയക്കും തുണീസ്യന്‍ വനിതകള്‍ക്കുമുള്ള ബഹുമതിയാണിതെന്നും ഖൈസ് വ്യക്തമാക്കി.

വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ലോക ബാങ്ക് പദ്ധതികള്‍ നടപ്പിലാക്കിയ ജിയോഫിസിക്‌സ് പ്രഫസറായ നജ്‌ലയോട് എത്രയും വേഗം സര്‍ക്കാര്‍ രൂപീകരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

2019ല്‍ അധികാരത്തിലേറിയ ഖൈസ്, പ്രധാനമന്ത്രിയെ പിരിച്ചുവിട്ട്, പാര്‍ലമെന്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ച്, ജൂലൈയില്‍ എക്‌സിക്യൂട്ടീവ് അധികാരം ഏറ്റെടുത്തതിന് ശേഷം പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് രാജ്യത്തിനകത്തും പുറത്തും നിന്ന് സമ്മര്‍ദ്ദം ശക്തമാകുന്നതിനിടെയാണ് പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്.

ഇതോടൊപ്പം തന്റെ ഏറ്റവും അടുത്തതും ശക്തവുമായ സഹായിയായ ചീഫ് ഓഫ് സ്റ്റാഫ് ആയി നാദിയ അകച്ച എന്ന വനിതയേയും ഖൈസ് നിയമിച്ചിട്ടുണ്ട്.

Tags:    

Similar News