ഒരു കോടി രൂപയുടെ ഫണ്ട് തിരിമറി: പേരിനു മാത്രം നടപടിയെടുത്ത് തടിയൂരാന്‍ സിപിഎം നീക്കം
ആരോപണ വിധേയരായ നേതാക്കള്‍ക്ക് ഉണ്ടായത് ജാഗ്രതക്കുറവാണെന്നും നേതാക്കളുടെ നിര്‍ദേശമനുസരിച്ചു പ്രവര്‍ത്തിച്ചവരുടേതു വീഴ്ചയാണെന്നും വിലയിരുത്തി പേരിനു നടപടിയെടുക്കാനാണ് ആലോചന.
കണ്ണൂര്‍: സിപിഎം പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയില്‍ ഉണ്ടായ ഒരു കോടി രൂപയുടെ ഫണ്ട് തിരിമറിയില്‍ പാര്‍ട്ടിയുടെ പ്രതിഛായ സംരക്ഷിക്കാന്‍ പേരിനു മാത്രം നടപടിയെടുത്ത് സിപിഎം തടിയൂരി.ആരോപണ വിധേയരായ നേതാക്കള്‍ക്ക് ഉണ്ടായത് ജാഗ്രതക്കുറവാണെന്നും നേതാക്കളുടെ നിര്‍ദേശമനുസരിച്ചു പ്രവര്‍ത്തിച്ചവരുടേതു വീഴ്ചയാണെന്നും വിലയിരുത്തി പേരിനു നടപടിയെടുക്കാനാണ് ആലോചന. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ കണ്ടെത്തലില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ എല്ലാവര്‍ക്കുമെതിരെ കര്‍ശന നടപടി ഉണ്ടാകില്ലെന്നാണു വിവരം.
ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏരിയ കമ്മിറ്റി അംഗത്തെക്കൊണ്ട് ഏറ്റെടുപ്പിച്ചു നേതാക്കളെ സംരക്ഷിച്ചെടുക്കാനും ശ്രമം നടക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ജില്ലയില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ വിവാദ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അന്വേഷണ കമ്മിഷന്‍ അംഗങ്ങളെയും ആരോപണ വിധേയരായ 2 നേതാക്കളെയും ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയ ഉന്നത നേതാക്കള്‍ പ്രത്യേകമായി വിളിച്ചു സംസാരിച്ചതായാണു വിവരം. അണികളെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. പെരിങ്ങോം, പേരാവൂര്‍ ഏരിയ കമ്മിറ്റികള്‍ക്കു കീഴിലും പാര്‍ട്ടിയുടെ പ്രതിഛായയ്ക്കു മങ്ങലേല്‍പിക്കുന്ന വിവാദ വിഷയങ്ങള്‍ പുകയുന്നുണ്ട്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പു ഫണ്ട്, പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫിസ് കെട്ടിട നിര്‍മാണ ഫണ്ട് എന്നിവയില്‍ തിരിമറി നടന്നതായാണ് ആരോപണം. അന്വേഷിക്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി വി ഗോപിനാഥ് എന്നിവരെ നിയോഗിച്ചിരുന്നു.
ഏരിയ കമ്മിറ്റി ഓഫിസ് നിര്‍മാണ ധനസമാഹരണത്തിനു വേണ്ടി സിപിഎം നടത്തിയ ചിട്ടിയില്‍ 80 ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നതായും ഒരു നറുക്കിനു വേണ്ടി പിരിച്ചെടുത്ത തുക പൂര്‍ണമായി ചിട്ടിക്കണക്കില്‍പ്പെടുത്തിയില്ലെന്നുമാണ് ആരോപണം. 2 രസീത് ബുക്കുകളുടെ കൗണ്ടര്‍ ഫോയിലുകള്‍ തിരിച്ചെത്താതിരുന്നതോടെയാണു തിരഞ്ഞെടുപ്പു ഫണ്ട് പിരിവിലെ തിരിമറി ശ്രദ്ധയില്‍ വന്നത്. കൗണ്ടര്‍ ഫോയിലുകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചപ്പോള്‍, 2 രസീത് ബുക്കുകള്‍ ഹാജരാക്കിയെങ്കിലും അവ പ്രത്യേകമായി അച്ചടിച്ചത് ആണെന്നു കണ്ടെത്തിയിരുന്നു.