ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വല്‍സരാജ് വധക്കേസിലെ പ്രതികളെ വെറുതെ വിട്ടു
സിപിഎം പ്രവര്‍ത്തകരായ സജീവന്‍, കെ ഷാജി, മനോജ്, സതീശന്‍, പ്രകാശന്‍, ശരത് ,കെ വി രാഗേഷ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്
കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വല്‍സരാജ് വധക്കേസിലെ പ്രതികളായ ഏഴ് സിപിഎം പ്രവര്‍ത്തകരെ വെറുതേവിട്ടു.സിപിഎം പ്രവര്‍ത്തകരായ സജീവന്‍, കെ ഷാജി, മനോജ്, സതീശന്‍, പ്രകാശന്‍, ശരത് ,കെ വി രാഗേഷ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.തലശ്ശേരി അഡി. ജില്ലാ സെക്ഷന്‍ കോടതിയുടേതാണ് വിധി.
2007 മാര്‍ച്ച് നാലിനാണ് വല്‍സരാജ് കൊല്ലപ്പെട്ടത്.ആര്‍എസ്എസ് പ്രവര്‍ത്തകനും,ജില്ലാ കോടതി ബാറിലെ അഭിഭാഷകനുമായ തെക്കേ പാനൂരിലെ കെ വല്‍സരാജ കുറുപ്പിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി തലക്കടിച്ച് കൊല്ലപ്പെടുത്തിയെന്നാണ് കേസ്.
ഫസല്‍ വധ കേസില്‍ പിന്നീട് പ്രതി ചേര്‍ക്കപ്പെട്ട സിപിഎം പ്രവര്‍ത്തകരെ കുറിച്ചുള്ള ചില നിര്‍ണായകമായ വിവരങ്ങള്‍ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ സിഐ സുകുമാരന് വല്‍സരാജ് കുറുപ്പ് കൈ മാറിയതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതു കൂടാതെ കൊല്ലം സ്വദേശിയായ ഒരു വ്യാപാരിയുടെ സാമ്പത്തിക തര്‍ക്കത്തില്‍ അനുകൂലമായി നിലപാട് സ്വീകരിച്ചതിന്റെ വൈരാഗ്യവും വല്‍സരാജ കുറുപ്പിനെ വധിക്കാന്‍ കാരണമായെന്നും ആരോപണമുയര്‍ന്നിരുന്നു.
ലോക്കല്‍ പോലിസിന്റെ അന്വേഷണത്തില്‍ കേസിന് തുമ്പുണ്ടാകാതെ വന്നതിനാല്‍ തുടരന്വേഷണം ക്രൈംബ്രഞ്ച് ഏറ്റെടുത്ത് പ്രതികളെ പിടികൂടുകയായിരുന്നു.നേരത്തേ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ഭാര്യ ബിന്ദു ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ജില്ലാ ഗവ. പ്ലീഡര്‍ ആയിരുന്ന അഡ്വ.ബി പി ശശീന്ദ്രനും, പിന്നീട് അഡീഷണല്‍ ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ.സി കെ രാമചന്ദ്രനുമാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. കേസ് വിചാരണ വേളയില്‍ ഏക ദൃക്‌സാക്ഷിയും, അഡ്വ.വല്‍സരാജ് കുറുപ്പിന്റെ ഭാര്യയുമായിരുന്ന അഡ്വ.ബിന്ദു വിചാരണ കോടതി മുമ്പാകെ മൊഴി മാറ്റിയിരുന്നു. നിരവധി തവണ കോടതി സമന്‍സ് അയച്ചിട്ടും പരാതിക്കാരി വിചാരണ കോടതി മുമ്പാകെ ഹാജരായി മൊഴി നല്‍കാന്‍ വീഴ്ച വരുത്തുകയും ചെയ്തിരുന്നു.