പാനൂരിനടുത്ത് മദ്‌റസാ അധ്യാപകര്‍ക്ക് നേരേ ആര്‍എസ്എസ് ആക്രമണം; കല്ലേറും ഭീഷണിയും
കണ്ണൂര്‍: പാനൂരിനടുത്ത് പൊയിലൂരില്‍ മദ്‌റസാ അധ്യാപകര്‍ക്ക് നേരേ ആര്‍എസ്എസ് ആക്രമണവും ഭീഷണിയും അസഭ്യവര്‍ഷവും. പൊയിലൂര്‍ തഅ്‌ലീ മുസ്വീബ് യാന്‍ മദ്‌റസയിലെ അധ്യാപകരായ കോഴിക്കോട് കൊടുവള്ളിയിലെ ജുറൈജ് റഹ്മാനി, കൊണ്ടോട്ടിയിലെ ഷബീര്‍ ഹുദവി, ഹമീദ് കോയ എന്നിവര്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. ബുധനാഴ്ച രാത്രി മദ്‌റസയില്‍നിന്ന് ഭക്ഷണം കഴിക്കാന്‍ പോവുകയായിരുന്നു മൂന്നുപേരും. ഇതിനിടെയാണ് ആക്രമണമുണ്ടായത്. വിവരമറിഞ്ഞയുടന്‍ കൊളവല്ലൂര്‍ പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
പൊയിലൂര്‍ മഹല്ല് സെക്രട്ടറി മത്തത്ത് അബാസ് ഹാജി ആക്രമണം സംബന്ധിച്ച് കൊളവല്ലൂര്‍ പോലിസില്‍ പരാതിയും നല്‍കി. സമാനമായ സംഭവം ഇതിന് മുമ്പും ഈ മേഖലയിലുണ്ടായിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുസ്‌ലിം ലീഗ്, സിപിഎം നേതാക്കള്‍ ആക്രമണത്തിനിരയായ മദ്‌റസാ അധ്യാപകരെ സന്ദര്‍ശിച്ചു. പാനൂരിനടുത്ത പൊയിലൂരില്‍ മദ്‌റസാ അധ്യാപകര്‍ക്ക് നേരേ കല്ലേറ് നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതികളെ അടിയന്തരമായും പിടികൂടണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടരി അഡ്വ.അബ്ദുല്‍ കരീം ചേലേരി ആവശ്യപ്പെട്ടു.
സ്ഥലത്തെ പ്രധാന ആര്‍എസ്എസ് ക്രിമിനലുകളുടെ നേതൃത്വത്തിലാണ് കല്ലേറും അസഭ്യവര്‍ഷവുമുണ്ടായത്. പ്രതികളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പോലിസിന് നല്‍കിയിട്ടും ഇതുവരെയും പ്രതികളെ അറസ്റ്റുചെയ്യാന്‍ പോലിസ് തയ്യാറായിട്ടില്ല. പോലിസ് ആര്‍എസ്എസ് ഒത്തുകളിയുടെ ഭാഗമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കരീം ചേലേരി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പൊയിലൂരില്‍ മദ്‌റസാ അധ്യാപതര്‍ക്ക് നേരെ ഉണ്ടായ ആര്‍എസ്എസ് ആക്രമണങ്ങളില്‍ സിപിഎം പ്രതിഷേധം രേഖപ്പെടുത്തി. സംഭവ സ്ഥലം സിപിഎം പാനൂര്‍ ഏരിയാ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുല്ല സന്ദര്‍ശിച്ചു. പൊയിലൂര്‍ ലോക്കല്‍ സെക്രട്ടറി വി എം ചന്ദ്രന്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ കുഞ്ഞിരാമന്‍, വി കെ റഫീഖ് എന്നിവരും ഒപ്പമുണ്ടായിരുന്നു. നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ആര്‍എസ്എസ് ശ്രമങ്ങള്‍ക്കെതിരേ മുഴുവന്‍ മതേതര ജനാധിപത്യ വിശ്വാസികളും ഒന്നിക്കണമെന്ന് സിപിഎം ആഹ്വാനം ചെയ്തു.