ആര്‍എസ്എസ് ഇന്ത്യയെ വരുതിയിലാക്കി, ആരു ഭരിച്ചാലും അതിനെ മറികടക്കാനാവില്ല: അസീമാനന്ദയുമായി അഭിമുഖം നടത്തിയ മലയാളി മാധ്യമപ്രവര്‍ത്തക ലീന ഗീത രഘുനാഥ്
ഹിന്ദുരാഷ്ട്രം എന്ന ആര്‍എസ്എസിന്റെ ലക്ഷ്യത്തില്‍ നിന്നു പിറകോട്ട് കൊണ്ടുപോവാനുള്ള ശക്തമായ ഒരു ജനാധിപത്യ ചിന്ത ഇന്ന് നമ്മുടെ രാജ്യത്തില്ലെന്ന് അവര്‍ പറഞ്ഞു
ഹിന്ദുത്വ സംഘടനകള്‍ക്കു പങ്കുള്ള മക്കാ മസ്ജിദ്, മലേഗാവ്, സംഝോത സ്‌ഫോടനങ്ങള്‍ എന്തുകൊണ്ട് ഉയര്‍ത്തിക്കൊണ്ടു വന്നുകൂട എന്ന ചര്‍ച്ചയില്‍ നിന്നാണ് ഇത്തരമൊരു ഇന്റര്‍വൂ നടത്താന്‍ തീരുമാനിച്ചത്. കേസ് പഠിക്കാന്‍ തന്നെ ബുദ്ധിമുട്ടി. കാരണം ഹരിയാന പഞ്ച്കുളയില്‍ ഒരു കേസ്. ഹൈദരാബാദില്‍ ഒരു കേസ്. ആദ്യം അന്വേഷിച്ചത് തുടങ്ങിയത റെയില്‍വേ സ്‌പെഷ്യല്‍ സ്‌ക്വാഡ്. പിന്നീട് എന്‍ഐഎ ഏറ്റെടുത്തു. പിന്നെ സിബിഐ, എടിഎസ്. നിരവധി കുറ്റപത്രങ്ങള്‍. എല്ലാം കൂടിയാവുമ്പോള്‍ പഠിച്ചെടുക്കാന്‍ തന്നെ നല്ല സമയം വേണ്ടിവന്നു. എല്ലാ പ്രതികളെയും കൂടി ഒന്നിച്ചെത്തിച്ച് ഭീകരതയുടെ തെളിവുകള്‍ കൊണ്ടുവരാന്‍ കഴിയാഞ്ഞിട്ടല്ല. അതിനു വേണ്ടി തയ്യാറാവാത്തതിനാലാണ്. ആരെ വച്ച് കഥ തുടങ്ങണം എന്നാണ് ആദ്യം ആലോചിച്ചത്. അങ്ങനെയാണ് അസീമാനന്ദയെ കാണാന്‍ തീരുമാനിച്ചത്. ജയിലിലെത്തി കണ്ടപ്പോള്‍ അയാള്‍ വളരെ സന്തോഷവാനായിരുന്നു. ഇതിന്റെ വരും വരായ്കളൊന്നും അറിയാതെയല്ല, അസീമാനന്ദ തുറന്നു സംസാരിക്കുന്നത്. തന്നെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, മോഹന്‍ ഭാഗവതിന്റെ അനുമതിയോടെയാണ് ഭീകരാക്രമണം നടത്തുന്നതെന്ന് ഓണ്‍ റെക്കോഡായി അദ്ദേഹം പറയുകയാണ്. ഒരു കുറ്റപത്രത്തിലും ഇല്ലാത്ത ഈ കഥ തന്നോട് ആദ്യമായി പറയാന്‍ കാരണമെന്തെന്ന് ഞാന്‍ സംശയിച്ചു. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ നേരത്തേ പറഞ്ഞുവെന്നായിരുന്നു മറുപടി. ഇതില്‍ വളരെ വിചിത്രമായത് ഞാനല്ല, റിപോര്‍ട്ട് ചെയ്തതെങ്കില്‍ എനിക്കു തന്നെ വിശ്വസിക്കാനാവാത്ത വിധത്തിലുള്ളതായിരുന്നു അസീമാനന്ദയുടം പ്രതികരണം എന്നതാണ്.
അദ്ദേഹത്തിന് ഇതൊന്നും പുറത്തുപറയാന്‍ യാതൊരു പേടിയുമില്ല. ഞാന്‍ ചെയ്യുന്നത് ശരിയാണ് എന്ന് വിശ്വസിക്കുന്നയാളാണ് അദ്ദേഹം. ഇത്തരത്തിലുള്ള വെറിപ്പിന്റെ രാഷ്ട്രീയം പ്രയോഗിക്കുന്ന ഒരുപാട് പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. അതില്‍ ഒരാള്‍ മാത്രമാണ് അസീമാനന്ദ. ജയിലില്‍ കാവല്‍ നില്‍ക്കുന്നയാള്‍ വരെ പറഞ്ഞു. പാവം മനുഷ്യനാണ്്. ഇറങ്ങിവരണമെന്ന്. കുറ്റം ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. പക്ഷേ, അതെല്ലാം നല്ല കാര്യമാണ് എന്ന ചിന്തയോടെയാണ് പറയുന്നത്. അല്ലാതെ തെറ്റ് ചെയ്തിട്ടില്ല എന്ന വിധത്തിലല്ല. അത്തരം പിന്തുണ അസീമാനന്ദയ്ക്ക് പൊതുജനങ്ങളില്‍ നിന്നു മാത്രമല്ല, രാജ്യത്തെ ഓരോ ഭരണഘടനാ സ്ഥാപനത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്. അതിനാലാണ് അദ്ദേഹത്തിന് ഇന്ന് പുറത്തിറങ്ങി നടക്കാന്‍ കഴിയുന്നതും. അതാണ് ഇന്നത്തെ ജനാധിപത്യം.
വളരെ സംഘര്‍ഷഭരിതമായ റിപോര്‍ട്ടിങായിരുന്നുവെങ്കിലും ജയിലിലേക്ക് കടക്കുമ്പോള്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല, ഇത്രയേറെ സ്‌ഫോടനാത്മകമായ ഒരു കാര്യമാണ് അദ്ദേഹം പറയാന്‍ പോവുന്നതെന്ന്. അയാള്‍ പറഞ്ഞ കാര്യങ്ങള്‍ നമ്മുടെ ജനാധിപത്യത്തിലുള്ള വിശ്വാസത്തെയും ജീവിത സത്യങ്ങളെയും പിടിച്ചുകുലുക്കുന്നതായിരുന്നു. ഞാനൊരു ഹിന്ദു മത വിശ്വാസിയാണ്. എനിക്ക് എന്റെ സ്വന്തം മതത്തില്‍ നിന്നുള്ള ഒരാള്‍ ഇങ്ങനെ ഒരു കാര്യം ചെയ്യുമെന്ന് കരുതുമ്പോള്‍ വല്ലാതെ ഞെട്ടലാണുണ്ടായത്. അത് എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. എന്നെ കുറിച്ചും എന്റെ മതത്തെ കുറിച്ചും എന്റെ രാജ്യത്തെ കുറിച്ചുമെല്ലാം കുറേ പഠിപ്പിച്ചു. വല്ലാത്ത അനുഭവമാണ്. ഒറ്റയ്ക്കിരുന്ന് കുറേ കരഞ്ഞു മാത്രമേ വാര്‍ത്ത തയ്യാറാക്കാന്‍ കഴിഞ്ഞുള്ളൂ. കാരണം ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്നു സംശയമുണ്ടായിരുന്നു. വീട്ടുകാരോടും സഹപ്രവര്‍ത്തകരോടും കൂട്ടുകാരോടും പോലും പറയാന്‍ പാടില്ല. മാനസികമായി ഒരുപാട് ഒറ്റപ്പെട്ടു പോയി. എന്നാല്‍, ഈ സമയത്ത്, ഏറ്റവും ആവശ്യമായ സമയത്ത് പറഞ്ഞിരിക്കേണ്ട ഒരു കഥ പറയാന്‍ എന്നെ തിരഞ്ഞെടുത്തതില്‍ ഒരുപാട് അഭിമാനിക്കുന്നു. അത് അതിജീവിക്കാനുള്ള ധൈര്യം എവിടുന്നെക്കെയോ കിട്ടി. അസീമാനന്ദ അറിയാതെ പറഞ്ഞുപോയതല്ല, ഒരു ജേണലിസ്റ്റിനോടാണ് പറയുന്നതെന്ന കൃത്യമായ ബോധത്തോടെയാണ് പറയുന്നത്. ഓഫ് റെക്കോഡ് പറയണമെന്നു പറഞ്ഞ കാര്യങ്ങളൊക്കെ ഓഫ് റെക്കോഡാണ്. ഇത് പ്രസിദ്ധീകരിക്കാനുള്ളതാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് എല്ലാം തുറന്നുപറയുന്നത്. അതിലെ ഓരോ വരികളും എന്നെ പിടിച്ചുകുലുക്കിയിട്ടുണ്ട്. ദിവസങ്ങളോളം മനസ്സിലെ അലട്ടിയിട്ടുണ്ട്. ഞാന്‍ വളര്‍ന്ന സാഹചര്യത്തിലും മൂല്യങ്ങളിലും ഒരുപാട് വ്യതിചലിച്ച കാര്യങ്ങളാണ്. അത് മനസ്സിലാക്കി എഴുതുക എന്നത് വല്ലാത്തൊരു യാത്രയാണ്. ഇന്ത്യയിലെ ഓരോ സ്ഥാപനവും ഭീകരാക്രമം നടത്താന്‍ അയാളെ സഹായിച്ചു. അദ്ദേഹത്തെ പുറത്തിറക്കാനും സഹായിച്ചു. ഒരു സ്ഥാപനവുമില്ല, കറപുരളാത്തത്. ജനാധിപത്യത്തിനു വേണ്ടി നിലനില്‍ക്കുന്നതായിട്ട്. എല്ലാം ഭീകരത ചെയ്യാന്‍ സഹായിച്ചു. ഒരു സ്ഥാപനവും അതില്‍നിന്നു വ്യത്യസ്തമല്ല. ഞാന്‍ അകത്തായാലും പുറത്തായാലും നടത്തേണ്ട കാര്യങ്ങള്‍ കൃത്യമായി നടക്കും. അതിനുള്ള ആള്‍ക്കാര്‍ പുറത്തുണ്ട് എന്നാണ് അസീമാനന്ദ പറഞ്ഞത്. അത് നടന്നുകൊണ്ടേയിരിക്കും. സാധാരണയായി അമേരിക്കയുമായാണല്ലോ നമ്മള്‍ നമ്മുടെ രാജ്യത്തെ കാര്യങ്ങളെ താരതമ്യം ചെയ്യുക. എന്നാല്‍ അവിടെ, സ്ഥാപനങ്ങള്‍ക്ക് എഴുന്നേറ്റുനില്‍ക്കാന്‍ കഴിവുണ്ട്. ഇവിടുത്തെ പോലെ എല്ലാം നടുവൊടിഞ്ഞു കിടക്കുകയല്ല. ഇവിടെ എല്ലാ സ്ഥാപനങ്ങളെയും ആര്‍എസ്എസ് കൃത്യമായി വരുതിയിലാക്കിയിരിക്കുകയാണ്. അവരുടെ അജണ്ടയ്ക്കു വേണ്ടി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. അതില്‍ കോണ്‍ഗ്രസ് ഭരിച്ചതു കൊണ്ടോ ബിജെപി ഭരിച്ചതു കൊണ്ടോ പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടാവാന്‍ പോവുന്നില്ല. ഹിന്ദു രാഷ്ട്രത്തിനു വേണ്ടിയുള്ള നീക്കങ്ങളെ ഇല്ലാതാക്കാനോ പിന്നോട്ടടിപ്പിക്കാനോ കഴിയുന്ന ഒരു സ്ഥാപനങ്ങളും നമ്മുടെ രാജ്യത്ത് ഇന്നില്ല. മോദി വന്നോ, ഇല്ലയോ, കോണ്‍ഗ്രസ് വന്നോ ഇല്ലയോ ബിജെപി വന്നോ ഇല്ലയോ എന്നതൊന്നും അവര്‍ക്ക് ഒരു പ്രശ്‌നമല്ലാത്ത വിധം കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ്. സംഝോത സ്‌ഫോടനക്കേസിന്റെ ഫയലുകളും മറ്റും കാണാതാവുന്നതും എന്‍ഐഎ പ്രോസിക്യൂട്ടര്‍ രോഹിണി സാല്യനെതിരായ നീക്കങ്ങളുമെല്ലാം കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ സംഭവിച്ചതാണ്. അസീമാനന്ദ പറഞ്ഞതു പോലെ എല്ലാം നടക്കും. അതിനെ പിടിച്ചുനിര്‍ത്താനുള്ള ശക്തികളൊന്നും ഇന്നു രാജ്യത്ത് കാണുന്നില്ലെന്നും അവര്‍ പറഞ്ഞു.