ആര്‍എസ്എസ് ഫാഷിസ്റ്റ് സംഘടന; എബിവിപിയുടെ പരാതിയില്‍ അസിസ്റ്റന്റ് പ്രഫസര്‍ക്ക് സസ്‌പെന്‍ഷന്‍
ഫാഷിസവും നാസിസവും എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതിനിടെയായിരുന്നു അധ്യാപകന്‍ ലോകത്തെമ്പാടുമുള്ള ഫാഷിസ്റ്റ് സംഘടനകളെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തിയത്.
കാസര്‍കോട്: ആര്‍എസ്എസ് ഫാഷിസ്റ്റ് സംഘടനയാണെന്ന് പറഞ്ഞ അസിസ്റ്റന്റ് പ്രഫസര്‍ ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെ സസ്‌പെന്‍ഡ് ചെയ്ത് കേരള കേന്ദ്ര സര്‍വകലാശാല. ഓണ്‍ലൈന്‍ ക്ലാസ് എടുക്കുമ്പോഴായിരുന്നു പ്രൊഫസര്‍ ഗില്‍ബര്‍ട്ട് ബിജെപി-ആര്‍എസ്എസ് സംഘടനകള്‍ പ്രോ ഫാഷിസ്റ്റ് സംഘടനകളാണെന്ന് പറഞ്ഞത്. എന്നാല്‍ ഇതിനെതിരെ എബിവിപി രംഗത്തെത്തുകയായിരുന്നു.
ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്ക് ഫാഷിസവും നാസിസവും എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതിനിടെയായിരുന്നു അധ്യാപകന്‍ ലോകത്തെമ്പാടുമുള്ള ഫാഷിസ്റ്റ് സംഘടനകളെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തിയത്. ആര്‍എസ്എസ് അത്തരമൊരു ഫാഷിസ്റ്റ് പ്രസ്ഥാമാണെന്ന് വിദഗ്ധരുടെ ഉദ്ധരണി ഉപയോഗിച്ചുകൊണ്ട് അധ്യാപകൻ ക്ലാസെടുത്തിരുന്നു.
ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സ് വകുപ്പിലെ അസിസ്റ്റന്റ് പ്രഫസറാണ് ഗില്‍ബര്‍ട്ട്. സംഘപരിവാര വിദ്യാർഥി സംഘടനകളും അധ്യാപക സംഘടനകളും കാസർകോട് കേന്ദ്ര സർവകലാശാലയിൽ പിടിമുറുക്കിയതോടെയാണ് അധ്യാപകർക്കും മറ്റു വിദ്യാർഥികൾക്കും എതിരേ ഇത്തരത്തിലുള്ള നീക്കങ്ങൾ നിർബാധം നടക്കുന്നത്.
എബിവിപി പ്രഫസര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെ വൈസ് ചൈന്‍സലര്‍ പ്രഫസര്‍ക്കെതിരേ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. എബിവിപിയുടെ ആവശ്യപ്രകാരം യുജിസിയും എംഎച്ച്ആര്‍ഡിയും നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് സര്‍വകലാശാല അധികാരികള്‍ ഇത്തരമൊരു നടപടിയിലേക്ക് കടന്നതെന്ന് ഗില്‍ബര്‍ട്ടിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് രംഗത്തെത്തിയ അധ്യാപകര്‍ പറഞ്ഞിരുന്നു.
ലോക പ്രശസ്ത ചിന്തകൻ ബാർബറ ഹാരിസ് വൈറ്റ് 2003ൽ ആർഎസ്എസിനെ പ്രോട്ടോ ഫാഷിസ്റ്റ് എന്ന് പരാമർശിച്ചിരുന്നു. ഈ പ്രയോഗം ഉന്നത വിദ്യാഭ്യാസ രംഗത്തെ അക്കാദമിക് ചർച്ചയായി മാറിയിരുന്നു. ഇത് ക്ലാസിൽ പരാമർശവിധേയമായി. നരേന്ദ്ര മോദിയുടെ ഒന്നാം സർക്കാറിനെക്കുറിച്ച് ലോകത്ത് ഉയർന്ന അഭിപ്രായവും ക്ലാസിൽ അവതരിപ്പിച്ചിരുന്നു. ഇതിന്റെ ഓൺലൈൻ റെക്കോഡ് ചോർന്ന് എബിവിപിക്ക് ലഭിച്ചതോടെയാണ് വിവാദം ഉടലെടുത്തത്.