അന്താരാഷ്ട്ര മത ഉച്ചകോടിയില്‍ നുഴഞ്ഞുകയറി ആര്‍എസ്എസ്

ഇന്തോനേസ്യയില്‍ നടക്കുന്ന അന്താരാഷ്ട്ര മത ഉച്ചകോടിയില്‍ തങ്ങള്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ടെന്നും ഇസ്‌ലാമിക മതതീവ്രവാദത്തിനെതിരേ പ്രവര്‍ത്തിക്കുക എന്നതാണ് ഉച്ചകോടി ലക്ഷ്യമിടുന്നതെന്നും ആര്‍എസ്എസ് വക്താവ് പറഞ്ഞു.

Update: 2022-09-07 15:11 GMT

ജക്കാര്‍ത്ത: തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ഇന്തോനേസ്യയില്‍ നടക്കുന്ന അന്താരാഷ്ട്ര മത ഉച്ചകോടിയില്‍ നുഴഞ്ഞുകയറി തീവ്രഹിന്ദുത്വ സംഘടനയായ ആര്‍എസ്എസ്. സംഘടന വക്താവാണ് തങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത്. ഇന്തോനേസ്യയില്‍ നടക്കുന്ന അന്താരാഷ്ട്ര മത ഉച്ചകോടിയില്‍ തങ്ങള്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ടെന്നും ഇസ്‌ലാമിക മതതീവ്രവാദത്തിനെതിരേ പ്രവര്‍ത്തിക്കുക എന്നതാണ് ഉച്ചകോടി ലക്ഷ്യമിടുന്നതെന്നും ആര്‍എസ്എസ് വക്താവ് പറഞ്ഞു.

ജി 20 ഗ്രൂപ്പിന്റെ മാതൃകയില്‍ മതനേതാക്കളുടെ ആഗോള ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാജ്യമായ ഇന്തോനേസ്യ. ഇതിനെ 'G20 Religion Forum' അല്ലെങ്കില്‍ ചുരുക്കത്തില്‍ R20 എന്നാണ് പേരിട്ടിരിക്കുന്നത്. ഈ വര്‍ഷം ഇന്തോനേഷ്യ ആതിഥേയത്വം വഹിക്കുന്ന വാര്‍ഷിക G20 ഉച്ചകോടിക്ക് സമാന്തരമായ ഒരു ഉച്ചകോടിയാണിതെന്നാണ് റിപ്പോര്‍ട്ട്.

'തീവ്ര ഇസ്‌ലാമിന്റെയും തീവ്രവാദത്തിന്റെയും ആശയങ്ങള്‍ അടിച്ചമര്‍ത്തുന്നതിനും മിതവാദം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള' ശ്രമമായാണ് ഇതിനെ കാണുന്നത്. നഹ്ദത്തുല്‍ ഉലമയുടെ നേതൃത്വത്തിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. അതേസമയം, മുസോളിനിയുടെ അധ്യാപനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട, അഹിംസയുടെ അപ്പോസ്തലനായ മഹാത്മാഗാന്ധിയുടെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട, അക്രമാസക്തമായ തീവ്ര ദേശീയ, തീവ്രമത സംഘടനയായ ആര്‍എസ്എസിനെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധമുയരുന്നുണ്ട്.


മതതീവ്രവാദം ഇസ്‌ലാമിന് മാത്രമുള്ളതല്ലെന്നും മ്യാന്‍മറിലും ശ്രീലങ്കിയിലും തീവ്ര ബുദ്ധമതക്കാര്‍ മുസ്‌ലിംകളെ വംശഹത്യകള്‍ക്കും കൂട്ടക്കൊലകള്‍ക്കും വിധേയമാക്കിയതുപോലുള്ള നിരവധി സംഭവങ്ങള്‍ ഇതര മതങ്ങളിലുണ്ടെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

സിറിയ, ഇറാഖ്, ലെബനന്‍, പാകിസ്താന്‍ പോലുള്ള രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ തന്നെ ഇത്തരം തീവ്രചിന്താഗതിക്കാര്‍ക്കെതിരേ ആശയപരമായും മറ്റു വിതത്തിലും പ്രതിരോധം തീര്‍ക്കുകയും മുസ്‌ലിം ഗവണ്‍മെന്റുകളും അവരുടെ സൈന്യവും ഐസിസ്, ബോക്കോ ഹറാം പാക് താലിബാന്‍ പോലുള്ള സായുധ സംഘടനകള്‍ക്കെതിരേ സൈനിക നടപടിയും സ്വീകരിക്കുന്നുണ്ട്.

എന്നാല്‍, ആര്‍എസ്എസിനെയോ മ്യാന്‍മറിലെ മാ ഭാതയെയോ നേരിടാന്‍ ഇന്ത്യയിലെ ഹിന്ദു സമൂഹത്തില്‍ നിന്നോ ബര്‍മ്മയിലെ ബുദ്ധ സമൂഹത്തില്‍ നിന്നോ സമാനമായ പ്രതിരോധങ്ങളൊന്നും തങ്ങള്‍ കാണുന്നില്ലെന്നും ഈ രാജ്യങ്ങളിലെ പോലിസ് സേന ഈ സംഘങ്ങളെ സജീവമായി സഹായിക്കുന്നതാണ് കാണുന്നതെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.

Tags:    

Similar News