നിലയ്ക്കാത്ത ആര്‍എസ്എസ് ബോംബൊച്ചകള്‍

ഇതേ ജില്ലയില്‍ ആറുമാസത്തിനിടെ ഒരു ഡസനോളം തവണ ബോംബ് സ്‌ഫോടനവും, ബോംബ് കണ്ടെത്തലുകളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

Update: 2022-02-03 12:27 GMT

ആര്‍എസ്എസ് കേന്ദ്രങ്ങളിലും നേതാക്കളുടെ വീടുകളിലും ബോംബ് സ്‌ഫോടനമുണ്ടാകുന്നത് പുതിയൊരു കാര്യമല്ല. ഇക്കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള ആലക്കാട് ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം ഉണ്ടാവുകയും കൈപ്പത്തിക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നത്. എന്നാല്‍ ആര്‍എസ്എസ് ബോംബ് സ്‌ഫോടനങ്ങള്‍ നിരന്തരം നടക്കുമ്പോഴും പോലിസ് നിഷ്‌ക്രിയമാണ്.

1993 ലാണ് ആദ്യമായി മലബാര്‍ മേഖലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായി മറ്റൊരു ജില്ലയില്‍ നിന്നുള്ള ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നത്. 1993 സപ്തംബര്‍ 6 നാണ് മലപ്പുറം താനൂര്‍ മൂലക്കലില്‍ പ്രാദേശിക ബിജെപി നേതാവിന്റെ വീട്ടില്‍ ബോംബ് നിര്‍മാണത്തിനിടെ തിരുവനന്തപുരം സ്വദേശിയായ ആര്‍എസ്എസ് നേതാവ് ശ്രീകാന്ത് കൊല്ലപ്പെടുന്നത്.

പൗരത്വ പ്രക്ഷോഭ സമയം മുതല്‍ കേരളത്തില്‍ ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്നുള്ള ബോംബ് സ്‌ഫോടന വാര്‍ത്തകള്‍ പതിവാണ്. നേരത്തെ കണ്ണൂരില്‍ ഉണ്ടായിരുന്ന ആര്‍എസ്എസ്-സിപിഎം സംഘര്‍ഷങ്ങള്‍ ഇന്ന് തുലോം കുറവാണ്. പക്ഷേ ഇതേ ജില്ലയില്‍ ആറുമാസത്തിനിടെ ഒരു ഡസനോളം തവണ ബോംബ് സ്‌ഫോടനവും, ബോംബ് കണ്ടെത്തലുകളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഈ കേസുകളിലൊന്നിലും തന്നെ പോലിസ് ഗൂഡാലോചന കുറ്റം ചുമത്താറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

പയ്യന്നൂരില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ ആര്‍എസ്എസ് പയ്യന്നൂര്‍ ഖണ്ഡ് കാര്യവാഹക് ആലക്കാട് ബുജുവിനെതിരേ സ്‌ഫോടന വസ്തു നിയമം 3, 5 വകുപ്പുകള്‍ ചുമത്തിയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവം നടന്നതറിഞ്ഞ് പോലിസ് എത്തുമ്പോഴേക്കും പരിസരം വൃത്തിയാക്കുകയും ബിജുവിനെ കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പ്രഥമദൃഷ്ട്യാ തെളിവു നശിപ്പിക്കല്‍ അവിടെ നടന്നിട്ടുണ്ടെങ്കിലും ഗൂഡാലോചന കുറ്റം ചുമത്താന്‍ പോലിസ് തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

'ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്ന് ബോംബ് പൊട്ടുന്നതും ആളുകള്‍ കൊല്ലപ്പെടുന്നതും പുതിയ സംഭവമല്ല. ഏറ്റവും ഒടുവില്‍ നടന്നതാണ് പയ്യന്നൂരിലെ സംഭവം. സംഭവത്തിന്റെ തെളിവ് നശിപ്പിക്കുന്നു, പോലിസ് വൈകിയാണ് അവിടെ എത്തുന്നത്. കഴിഞ്ഞ നവംബര്‍ മാസത്തില്‍ മൂന്ന് സ്ഥലങ്ങളില്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ട ബോംബ് സ്‌ഫോടനം നടന്നു, ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഇതില്‍ പ്രതികളാകുന്നവരൊക്കെ വിവിധ ക്രിമിനല്‍ കേസുകളിലും പ്രതികളാണ്. ഇത് ഭീകരമായൊരു അന്തരീക്ഷമാണ്.' പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷിര്‍ പറഞ്ഞു.

'പോലിസ് ഇതിനോട് വളരെ തണുത്ത സമീപനമാണ് പുലര്‍ത്തുന്നത്. അത് യഥാര്‍ത്ഥത്തില്‍ ഇതിന് വളംവെച്ചുകൊടുക്കുകയും പോലിസില്‍ ആര്‍എസ്എസിന്റെ ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുന്നുവെന്ന കാര്യം ശരിവയ്ക്കുന്നതുമാണ്. ഒറ്റപ്പെട്ട ബോംബ് സ്‌ഫോടനമെന്നതിന് അപ്പുറത്തേക്ക് കേരളത്തിലും കേരളത്തിന് വെളിയിലും താഴെതട്ട് വരെ ആര്‍എസ്എസ് ശാഖകളില്‍ ആയുധ പരിശീലനം, ആയുധ ശേഖരണം, ബോംബ് നിര്‍മാണം തുടങ്ങിയ കാര്യങ്ങള്‍ വ്യാപകമായി നടക്കുകയാണ്. ഹരിദ്വാര്‍ മുസ്‌ലിം വംശഹത്യാ ആഹ്വാനത്തെ തുടര്‍ന്ന് താഴെതട്ടിലുള്ള ഇവരുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി എന്നാണ് നാം മനസിലാക്കേണ്ടതെന്ന് സി പി മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് ബിജുവിന്റെ വീടിനു സമീപത്തെ കോഴിക്കൂടിന് സമീപം വച്ച് ബോംബ് സ്‌ഫോടനം ഉണ്ടായത്. പൊട്ടിയത് ബോംബാണെന്ന് അറിഞ്ഞത് വൈകുന്നേരമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. സംഭവം നടന്നത് ഉച്ചയ്ക്ക് 12നായിരുന്നെങ്കിലും വൈകീട്ട് അഞ്ചോടെയാണ് പോലിസ് സംഭവമറിഞ്ഞ് സ്ഥലത്ത് എത്തുന്നത്.

കഴിഞ്ഞ ദിവസം ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയിലാണ് ബോംബ് നിര്‍മാണത്തിനിടെയാണ് അപകടമുണ്ടായതെന്ന് വ്യക്തമായത്. അപകടം നടന്ന സ്ഥലത്തുനിന്ന് ബോംബ് നിര്‍മാണവുമായി ബന്ധപ്പെട്ട അവശിഷ്ടങ്ങള്‍ കണ്ടെടുത്തിരുന്നു. പന്നിപ്പടക്കം കെട്ടുന്നതിനിടെ അപകടമുണ്ടായെന്നാണ് ബിജു പോലിസിന് നല്‍കിയ മൊഴി. ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിരന്തരം ബോംബ് സ്‌ഫോടനം നടക്കുമ്പോഴും പോലിസ് പുലര്‍ത്തുന്ന നിസംഗതയ്‌ക്കെതിരേ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

Similar News