ആര്‍എസ്എസ് പരിപാടി: കെ എന്‍ എ ഖാദറിനോട് വിശദീകരണം തേടിയതായി മുസ്‌ലിം ലീഗ്
ഇന്നലെയാണ് കേസരി ആസ്ഥാനത്ത് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കെ.എന്‍.എ ഖാദര്‍ പങ്കെടുത്തത്. സംഭവം വിവാദമായതിനു പിന്നാലെ പരിപാടിയില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് കെ എന്‍ എ ഖാദര്‍ രംഗത്തെത്തിയിരുന്നു.
മലപ്പുറം: ആര്‍എസ്എസ് നേതാക്കള്‍ കേസരി ഓഫിസില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുത്ത മുസ്‌ലിം ലീഗിന്റെ ദേശീയ സമിതി അംഗവും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും മുന്‍ എംഎല്‍എയുമായ കെ എന്‍ എ ഖാദറിനോട് വിശദീകരണം തേടിയെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. പി എം എ സലാം. ഇന്നലെയാണ് കേസരി ആസ്ഥാനത്ത് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കെ.എന്‍.എ ഖാദര്‍ പങ്കെടുത്തത്. സംഭവം വിവാദമായതിനു പിന്നാലെ പരിപാടിയില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് കെ എന്‍ എ ഖാദര്‍ രംഗത്തെത്തിയിരുന്നു.
സാംസ്‌കാരിക പരിപാടിയെന്ന നിലയിലാണ് പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ദുഷ്പ്രചാരണം നടത്തുന്നത് ശരിയല്ല. പരിപാടിയില്‍ പങ്കെടുത്തത് തെറ്റാണെന്ന് തനിക്ക് തോന്നുന്നില്ല. സാദിഖലി ശിഹാബ് തങ്ങളും മുസ്‌ലിം ലീഗും സ്വീകരിക്കുന്ന നിലപാടാണ് തന്റേതെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, കെ എന്‍ കെ ഖാദറിനെതിരേ പരോക്ഷ വിമര്‍ശനവുമായി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ രംഗത്ത് വന്നിരുന്നു.
കെഎന്‍എ ഖാദര്‍ ആര്‍എസ്എസ് വേദി പങ്കിട്ടതിനെ വിമര്‍ശിച്ച് ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മുന്നോട്ട് വന്നിരുന്നു. വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ ഖാദറിനെ വിളിച്ചു. അദ്ദേഹം വിശദീകരണം നല്‍കി. തൃപ്തികരമാണോ എന്ന് പരിശോധിക്കുമെന്നുമാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നത്. ആര്‍എസ്എസ് വേദിയില്‍ ലീഗ് നേതാക്കള്‍ പോവാറില്ല. ഈ വിഷയത്തില്‍ കൂടുതലൊന്നും പറയാനില്ല. കൂടുതല്‍ ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ലീഗ് നയത്തിന് എതിരായ പ്രവൃത്തിയാണ് കെ എന്‍ എ ഖാദര്‍ ചെയ്തതെന്ന് എം കെ മുനീര്‍ എംഎല്‍എയും വ്യക്തമാക്കിയിരുന്നു.