ആര്‍എസ്എസിന്റെ നുണപ്രചാരണം പൊളിഞ്ഞു; ജിംനേഷിന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്

'ബലിദാനി'യാക്കി ചിത്രീകരിക്കാനാണ് സംഘപരിവാരം ശ്രമിച്ചത്. രാവിലെ തന്നെ കണ്ണൂരിലെ മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ് ആപ് ഗ്രൂപ്പില്‍ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച അര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മരിച്ചു എന്നു പറഞ്ഞാണ് സന്ദേശം പ്രചരിപ്പിച്ചത്.

Update: 2022-07-25 12:09 GMT

കണ്ണൂര്‍: പിണറായി പാനുണ്ടയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ജിംനേഷ് ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ സംഘപരിവാര നുണക്കഥകള്‍ പൊളിഞ്ഞു. ജിംനേഷിന്റെ മരണകാരണം ഹൃദയാഘാതമാണെന്നും മര്‍ദ്ദനമേറ്റതിന്റെ യാതൊരു അടയാളങ്ങളുമില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തി ഡോക്ടര്‍ നല്‍കിയ പ്രാഥമിക മൊഴിയെന്നും ഇദ്ദേഹത്തിന് നേരത്തെയും ഹൃദയാഘാതം വന്നതിന്റെ ലക്ഷണമുണ്ടെന്നും സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍ ഇളങ്കോ വ്യക്തമാക്കി. ഒരു ഹാര്‍ട്ടില്‍ മുഴുവന്‍ ബ്ലോക്ക് ഉണ്ട്. ശരീരത്തില്‍ സിപിആര്‍ കൊടുത്തപ്പോഴുണ്ടായ അടയാളം മാത്രമാണുള്ളത്. വിഷയത്തില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. അത്തരത്തിലുള്ള യാതൊരു ശാസ്ത്രീയമായ തെളിവും ലഭിച്ചിട്ടില്ലെന്നും പോലിസ് വ്യക്തമാക്കി. ഇതോടെ, ഇന്ന് രാവിലെ മുതല്‍ സംഘപരിവാരം നടത്തുന്ന നുണകളാണ് പൊളിഞ്ഞത്. സിപിഎം അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നതിനിടെയാണ് ജിംനേഷ് മരണപ്പെട്ടതെന്നായിരുന്നു പ്രചാരണം.

സിപിഎം മര്‍ദ്ദിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മരിച്ചു എന്നു പറഞ്ഞ് പ്രചരിപ്പിച്ച വാട്‌സ് ആപ് സന്ദേശം

ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് പിണറായി പാനുണ്ടയിലെ പുതിയ വീട്ടില്‍ ജിംനേഷ് തലശ്ശേരിയിലെ ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചത്. എന്നാല്‍, സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് പരിക്കേറ്റാണ് ആശുപത്രിയില്‍ എത്തിയതെന്നും അവിടെ കുഴഞ്ഞുവീണ് മരണപ്പെട്ടതാണെന്നുമാണ് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ഹരിദാസന്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്. എന്നാല്‍, ജിംനേഷിന് മര്‍ദ്ദനമേറ്റിട്ടില്ലെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. മാത്രമല്ല, സിപിഎം പ്രവര്‍ത്തകരുമായുണ്ടായ സംഘട്ടനത്തില്‍ പരിക്കേറ്റ സഹോദരന്‍ പി വി ജിഷ്ണുവിനോടൊപ്പം ജിംനേഷ് ആശുപത്രിയില്‍ കൂട്ടിരുന്നതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ആശുപത്രിയില്‍ വച്ച് കുഴഞ്ഞുവീണ ജിംനേഷിനെ ഉടന്‍ സിപിആര്‍ ഉള്‍പ്പെടെയുള്ള ചികില്‍സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. എന്നാല്‍, 'ബലിദാനി'യാക്കി ചിത്രീകരിക്കാനാണ് സംഘപരിവാരം ശ്രമിച്ചത്. രാവിലെ തന്നെ കണ്ണൂരിലെ മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ് ആപ് ഗ്രൂപ്പില്‍ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച അര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മരിച്ചു എന്നു പറഞ്ഞാണ് സന്ദേശം പ്രചരിപ്പിച്ചത്. മര്‍ദ്ദനമേറ്റ് ആശുപത്രിയിലെത്തിയ ജിംനേഷ് കുഴഞ്ഞുവീണ് മരിച്ചതാണെന്നും അതില്‍ പറയുന്നുണ്ടായിരുന്നു.

    എന്നാല്‍, ഗ്രൂപ്പില്‍ സന്ദേശം അയച്ചയാള്‍ ഇന്നലെ രാത്രി സിപിഎം അക്രമത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റെന്നു പറഞ്ഞ് നല്‍കിയ വാര്‍ത്തയില്‍ ജിംനേഷിന്റെ പേരുണ്ടായിരുന്നില്ല. ഇയാളുടെ സഹോദരന്‍ ജിഷ്ണു ഉള്‍പ്പെടെ നാലുപേര്‍ക്കാണ് പരിക്കേറ്റതെന്നാണ് വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. ബിജെപി മുഖപത്രത്തിലും സമാനരീതിയിലാണ് വാര്‍ത്ത നല്‍കിയിരുന്നത്. എന്നാല്‍ ഇന്ന് മരണപ്പെട്ടത് സിപിഎം അക്രമത്തിലെന്ന് പ്രചരിപ്പിക്കപ്പെട്ടപ്പോള്‍, ഇന്നലെ പരിക്കേറ്റവരുടെ ലിസ്റ്റില്‍ ജിംനേഷിന്റെ പേരില്ലല്ലോ എന്ന് അന്വേഷിച്ചപ്പോള്‍, മര്‍ദ്ദനമേറ്റിരുന്നുവെന്നും ചികില്‍സ തേടിയിട്ടില്ലെന്നുമായിരുന്നു വിചിത്രമായ മറുപടി.

ഇന്നലെ രാത്രി സിപിഎം-ആര്‍എസ്എസ് സംഘട്ടനത്തെ കുറിച്ച് നല്‍കിയ സന്ദേശം


    ഇന്നലെ രാത്രി ഗുരുദക്ഷിണ ഉല്‍സവത്തിനു വേണ്ടി കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെയാണ് സിപിഎം-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. പരിക്കേറ്റ ആര്‍ എസ് എസ് പ്രവര്‍ത്തകരായ എ ആദര്‍ശ്, പി വി ജിഷ്ണു, ടി അക്ഷയ്, കെ പി ആദര്‍ശ് എന്നിവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരോടൊപ്പം ആശുപത്രിയില്‍ കൂട്ടിരിക്കാനെത്തിയ ജിംനേഷിന് അര്‍ധരാത്രി ഹൃദയാഘാതം അനുഭവപ്പെട്ട് മരണപ്പെടുകയായിരുന്നു. ഇതിനെ സംഘപരിവാരം രാഷ്ട്രീയമുതലെടുപ്പിന് നീക്കം നടത്തിയെങ്കിലും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടും ആശുപത്രി രേഖകളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ തിരിഞ്ഞുകൊത്തുകയായിരുന്നു.






Tags:    

Similar News