വീണ്ടും കൂപ്പുകുത്തി രൂപ; ചരിത്രത്തിലാദ്യമായി 83 കടന്നു
വിനിമയത്തിനിടെ 61 പൈസയുടെ നഷ്ടവുമായി 83.01 എന്ന നിരക്കിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് വര്‍ധനയെ തുടര്‍ന്ന് ഡോളര്‍ സൂചിക 0.33 ശതമാനം ഉയര്‍ന്ന് 112.368 ആയി.
ന്യൂഡല്‍ഹി: യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലേ ഏറ്റവും താഴ്ന്ന നിരക്കില്‍. ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക് 83 കടന്നു. വിനിമയത്തിനിടെ 61 പൈസയുടെ നഷ്ടവുമായി 83.01 എന്ന നിരക്കിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് വര്‍ധനയെ തുടര്‍ന്ന് ഡോളര്‍ സൂചിക 0.33 ശതമാനം ഉയര്‍ന്ന് 112.368 ആയി.
കഴിഞ്ഞ വ്യാപാരത്തില്‍ 82.36 ആയിരുന്നു രൂപയുടെ വിനിമയ നിരക്ക്. ഈ വര്‍ഷം യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ പത്ത് ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്. 2021 ഒക്ടോബറില്‍ ഒരു ഡോളര്‍ എന്നാല്‍ 75 രൂപയായിരുന്നു. രൂപയുടെ മൂല്യം കുറയുന്നതല്ല പകരം ഡോളര്‍ ശക്തിയാര്‍ജ്ജിക്കുകയാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്തി നിര്‍മ്മല സീതാരാമന്‍ അഭിപ്രായപ്പെട്ടിരുന്നു.
ഡോളര്‍ ശക്തി പ്രാപിക്കുമ്പോള്‍, മറ്റ് കറന്‍സികള്‍ക്ക് തിരിച്ചടി തുടരുന്നു. ബ്രിട്ടീഷ് പൗണ്ട് 0.6 ശതമാനം ഇടിഞ്ഞ് 1.1247 ല്‍ എത്തി, അതേസമയം ജാപ്പനീസ് യെന്‍ 149.48 ആയി കുറഞ്ഞു, അതേസമയം, മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി രൂപയുടെ മൂല്യത്തകര്‍ച്ച തടയാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുകള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇന്ന് രൂപയെ സംരക്ഷിക്കാന്‍ ആര്‍ബിഐയുടെ കൈവശം വിദേശനാണ്യ ശേഖരം കുറവാണ്. ഇന്ത്യയുടെ ഫോറെക്‌സ് കരുതല്‍ ശേഖരം 532.66 ബില്യണ്‍ ഡോളറായി കുറഞ്ഞതായി ആര്‍ബിഐ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും നിരക്കുകള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ ഡോളര്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുമ്പോള്‍ രൂപ വീണ്ടും ഇടിഞ്ഞേക്കാം. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യു എസ് ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ മാസം നികുതി നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയിരുന്നു.
അതേസമയം, ബ്രിട്ടനിലെ പണപ്പെരുപ്പം 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ഭക്ഷ്യ വില ഉയര്‍ന്നതാണ് നിരക്ക് ഉയരാന്‍ കാരണമായത്. ഇതോടെ പലിശ നിരക്ക് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിര്‍ബന്ധിതരാകും. ഇങ്ങനെ വക്കേറുമ്പോള്‍, ഫെഡറല്‍ റിസര്‍വ് അതിന്റെ പലിശ നിരക്ക് 4.75 ശതമാനത്തിന് മുകളില്‍ ഉയര്‍ത്തേണ്ടിവരുമെന്ന് ഫെഡറല്‍ റിസര്‍വ് ബാങ്ക് പ്രസിഡന്റ് നീല്‍ കഷ്‌കരി അഭിപ്രായപ്പെട്ടു.
ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതിന് പുറമേ ആഭ്യന്തര വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക്, അസംസ്‌കൃത എണ്ണയുടെ വില വര്‍ധന തുടങ്ങിയ ഘടകങ്ങളും രൂപയെ സ്വാധീനിക്കുന്നുണ്ട്.