രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍; ഡോളറിനെതിരേ രൂപയുടെ വിനിമയനിരക്ക് 81 കടന്നു
81.18 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്. ഇന്നലെ 80.86 എന്ന റെക്കോര്‍ഡ് താഴ്ചയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്.
ന്യൂഡല്‍ഹി: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. ആദ്യമായി ഡോളറിനെതിരേ രൂപയുടെ വിനിമയനിരക്ക് 81 കടന്നു. ഇന്ന് വിനിമയത്തിന്റെ തുടക്കത്തില്‍ 39 പൈസയുടെ നഷ്ടം നേരിട്ടതോടെയാണ്, രൂപയുടെ മൂല്യം 81 കടന്നത്. 81.18 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്. ഇന്നലെ 80.86 എന്ന റെക്കോര്‍ഡ് താഴ്ചയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്.
പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്താന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വീണ്ടും ഉയര്‍ത്തിയതാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണം. ഫെഡറല്‍ റിസര്‍വിന്റെ തീരുമാനത്തിന്റെ ചുവടുപിടിച്ച് ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതാണ് രൂപയെ ബാധിച്ചത്.