പൗരത്വം കിട്ടാന്‍ ഫെബ്രുവരി 20ന് മുമ്പ് പ്രസവിക്കണം; യുഎസിലെ മറ്റേണിറ്റി ക്ലിനിക്കുകളില്‍ ഇന്ത്യക്കാരുടെ തിരക്ക്

ന്യൂജഴ്‌സി: ഫെബ്രുവരി 20ന് മുമ്പ് രാജ്യത്ത് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മാത്രമേ പൗരത്വം നല്‍കൂയെന്ന യുഎസ് ഭരണകൂടത്തിന്റെ തീരുമാനത്തോടെ പ്രതിസന്ധിയിലായി ഇന്ത്യന്‍ കുടുംബങ്ങള്‍. എട്ടും ഒമ്പതും മാസം ഗര്‍ഭമുള്ള നിരവധി ഇന്ത്യന്‍ സ്ത്രീകള്‍ ഗൈനക്കോളജിസ്റ്റുകളെ കണ്ടുതുടങ്ങിയെന്ന് ടൈംസ് ഓഫ് ഇന്ത്യയിലെ റിപോര്‍ട്ട് പറയുന്നു. പ്രസവം ഫെബ്രുവരി 20ന് മുമ്പ് ആക്കണമെന്നാണ് ആവശ്യം. സിസേറിയന്‍ നടത്തണമെന്ന ആവശ്യം വര്‍ധിച്ചുവരുന്നതായി ന്യൂജഴ്‌സിയില്‍ മറ്റേണിറ്റി ക്ലിനിക്ക് നടത്തുന്ന ഡോ. എസ് ഡി രമ പറഞ്ഞു.
'' ഏഴ് മാസം ഗര്‍ഭിണിയായ ഒരു സ്ത്രീ ഭര്‍ത്താവിനൊപ്പം മാസം തികയാതെയുള്ള പ്രസവത്തിന് രജിസ്റ്റര്‍ ചെയ്യാന്‍ എത്തി. മാര്‍ച്ചിലാണ് അവരുടെ ഡേറ്റ്.''-ഡോ. എസ് ഡി രമ പറഞ്ഞു.
അകാല ജനനം സാധ്യമാണെങ്കില്‍ പോലും അമ്മയ്ക്കും കുഞ്ഞിനും കാര്യമായ അപകടസാധ്യതയുണ്ടെന്ന് ടെക്‌സസിലെ പ്രസവചികിത്സകയും ഗൈനക്കോളജിസ്റ്റുമായ ഡോ. എസ് ജി മുക്കാല പറഞ്ഞു. ''ശ്വാസകോശത്തിന്റെ വികാസക്കുറവ്, ഭക്ഷണ പ്രശ്‌നങ്ങള്‍, തൂക്കക്കുറവ്, നാഡീസംബന്ധമായ സങ്കീര്‍ണതകള്‍ തുടങ്ങിവ ഉണ്ടാവാം. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍, ഞാന്‍ 15 മുതല്‍ 20 വരെ ദമ്പതികളുമായി ഇതിനെക്കുറിച്ച് സംസാരിച്ചു.''-ഡോ. എസ് ജി മുക്കാല വിശദീകരിച്ചു.
തങ്ങളുടെ കുട്ടി യുഎസില്‍ ജനിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് എട്ട് വര്‍ഷം മുമ്പ് എച്ച് 1 ബി വിസയില്‍ ഭാര്യ പ്രിയയോടൊപ്പം യുഎസിലേക്ക് താമസം മാറിയ വരുണ്‍ എന്നയാള്‍ പറഞ്ഞു. '' ആറ് വര്‍ഷമായി ഞങ്ങള്‍ ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുകയാണ്. കുട്ടി വഴി പൗരത്വം നേടാന്‍ ആണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, മാര്‍ച്ച് ആദ്യമാണ് പ്രിയയുടെ ഡേറ്റ്.''-വരുണ്‍ പറയുന്നു.
നാട്ടിലെ സ്വത്തെല്ലാം വിറ്റ് വളരെയധികം പണം ചെലവാക്കിയാണ് യുഎസില്‍ എത്തിയതെന്ന് 28 വയസ്സുള്ള ഒരു ധനകാര്യ വിദഗ്ദ്ധന്‍ പറഞ്ഞു.''-ഫെബ്രുവരി 20ന് ശേഷം ഭാര്യ പ്രസവിച്ചാല്‍ പദ്ധതികളെല്ലാം തെറ്റും.''-അയാള്‍ പറയുന്നു.