'ഉത്തരേന്ത്യയില്‍ ഒരു സ്ത്രീക്ക് പത്ത് ഭര്‍ത്താക്കന്‍മാരെന്ന് ഡിഎംകെ മന്ത്രി; തമിഴരെ അധിക്ഷേപിച്ചാല്‍ നാവരിയുമെന്നും പരാമര്‍ശം
ചെന്നൈ: സ്ത്രീ പുരുഷ ബന്ധത്തില്‍ ഉത്തരേന്ത്യക്കാരെ അധിക്ഷേപിച്ച് തമിഴ്നാട് മന്ത്രി. തമിഴരെ അധിക്ഷേപിക്കുന്നവന്റെ നാവരിയുമെന്നും മുതിര്‍ന്ന ഡിഎംകെ നേതാവും മന്ത്രിയുമായ ദുരൈ മുരുകന്‍ പറഞ്ഞു. ജനസംഖ്യ അടിസ്ഥാനത്തിലുള്ള അതിര്‍ത്തി നിര്‍ണയം, ത്രിഭാഷാ വിവാദം തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പരാമര്‍ശം.
തമിഴ് ആചാരങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഉത്തരേന്ത്യന്‍ പാരമ്പര്യങ്ങള്‍ ബഹുഭാര്യത്വത്തെ അംഗീകരിക്കുന്നതാണെന്ന് ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ മന്ത്രി പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്‌കാരം ഒരു സ്ത്രീക്ക് അഞ്ചോ പത്തോ പുരുഷന്മാരെ വിവാഹം കഴിക്കാന്‍ അനുവദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'നമ്മുടെ സംസ്‌കാരത്തില്‍ ഒരു പുരുഷന്‍ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നു. എന്നാല്‍ വടക്കേ ഇന്ത്യയില്‍ ഒരു സ്ത്രീക്ക് അഞ്ചോ പത്തോ പുരുഷന്മാരെ വിവാഹം കഴിക്കാം. കൂടാതെ, അഞ്ച് പുരുഷന്മാര്‍ക്ക് ഒരു സ്ത്രീയെ വിവാഹം കഴിക്കാം. ഇതാണ് അവരുടെ സംസ്‌കാരം. ഒരാള്‍ പോയാല്‍ മറ്റൊരാള്‍ വരും,' മുരുകന്‍ പറഞ്ഞു.
'കോണ്‍ഗ്രസും കേന്ദ്രം ഭരിക്കുന്നവരും ഞങ്ങളോട് ജനസംഖ്യ നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടു. അത് നടപ്പിലാക്കി. എന്നാല്‍ വടക്കേ ഇന്ത്യയില്‍ ജനസംഖ്യ കുറഞ്ഞില്ല. അവര്‍ 17, 18 കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്നും മന്ത്രി പറഞ്ഞു. ധര്‍മേന്ദ്ര പ്രധാന്റെ അപകീര്‍ത്തികരമായ പരാമര്‍ശത്തെ വിമര്‍ശിച്ചുകൊണ്ട് തമിഴരെ അപമാനിക്കുന്നവര്‍ക്ക് മന്ത്രി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. 'ഈ ദുര്‍ഗന്ധം വമിക്കുന്ന സംസ്‌കാരത്തില്‍ നിന്ന് വരുന്ന നിങ്ങള്‍ ഞങ്ങളെ അപരിഷ്‌കൃതരെന്ന് വിളിക്കുകയാണോ? ഞങ്ങള്‍ നിങ്ങളുടെ നാവരിയും. സൂക്ഷിക്കുക,' മന്ത്രി പറഞ്ഞു.