മരിയുപോള്‍ തിയറ്ററിലെ റഷ്യന്‍ ബോംബാക്രമണം: 300 ഓളം പേര്‍ മരിച്ചതായി റിപോര്‍ട്ട്
കീവ്: ആയിരക്കണക്കിന് പേര്‍ രക്ഷയ്ക്കായി അഭയം തേടിയ മരിയുപോളിലെ തിയറ്ററിനുനേരെ റഷ്യന്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ 300 ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. റഷ്യന്‍ വ്യോമാക്രമണത്തെത്തുടര്‍ന്ന് മരിയുപോളിലെ നാടക തിയറ്ററിലുണ്ടായിരുന്ന 300 ഓളം പേര്‍ മരിച്ചതായി ദൃക്‌സാക്ഷികളില്‍ നിന്ന് വിവരം ലഭിച്ചു- മരിയുപോള്‍ സിറ്റി ഹാള്‍ ടെലഗ്രാമില്‍ കുറിച്ചു. തന്ത്രപ്രധാനമായ തുറമുഖ നഗരമായ മരിയുപോളില്‍ നൂറുകണക്കിനാളുകള്‍ അഭയം തേടിയ തിയറ്ററില്‍ കഴിഞ്ഞയാഴ്ചയാണ് റഷ്യന്‍ സൈന്യം അക്രമണം നടത്തിയത്.
യുക്രേനിയന്‍ ഉദ്യോഗസ്ഥരാണ് റഷ്യന്‍ ആക്രമണത്തിന്റെ വിവരം പുറത്തുവിട്ടത്. റഷ്യന്‍ ബോംബാക്രമണത്തില്‍ നാടക തിയറ്ററിന്റെ മധ്യഭാഗം തകര്‍ന്നെന്ന് മരിയുപോള്‍ സിറ്റി കൗണ്‍സിലര്‍ പറഞ്ഞിരുന്നു. ആയിരങ്ങള്‍ക്ക് രക്ഷയായിരുന്ന ഈ കെട്ടിടം തകര്‍ക്കാനുള്ള റഷ്യയുടെ മനപൂര്‍വമായ ശ്രമം അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്ന് കൗണ്‍സിലര്‍ ആരോപിച്ചു. കിഴക്കന്‍ നഗരമായ ഖാര്‍കിവില്‍ മാനുഷിക സഹായ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്ലിനിക്കില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക പോലിസ് വെള്ളിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. ഒന്നിലധികം റോക്കറ്റ് ലോഞ്ചറുകളില്‍ നിന്ന് സിവിലിയന്‍ ഇന്‍ഫ്രാസ്ട്രക്ചറിന് നേരെയുള്ള ഷെല്ലാക്രമണത്തിന്റെ ഫലമായി 7 സിവിലിയന്‍മാര്‍ക്ക് പരിക്കേറ്റു.
അതില്‍ 4 പേര്‍ മരിച്ചു. സമീപത്ത് സൈനിക സൗകര്യങ്ങളൊന്നുമില്ല. യുക്രെയ്‌നില്‍ അവശേഷിക്കുന്ന ഏറ്റവും വലിയ സൈനിക ഇന്ധന സംഭരണകേന്ദ്രം വെള്ളിയാഴ്ച ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ത്തതായി റഷ്യ അറിയിച്ചു. മാര്‍ച്ച് 24 ന് വൈകുന്നേരം കലിബര്‍ ഹൈപ്രിസിഷന്‍ കടല്‍ അധിഷ്ഠിത ക്രൂയിസ് മിസൈലുകള്‍ കീവിനടുത്തുള്ള കലിനിവ്ക ഗ്രാമത്തിലെ ഇന്ധന ബേസ് ആക്രമിച്ചു- റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. കിഴക്കന്‍ നഗരമായ ഖാര്‍ക്കീവിലെ ജനസംഖ്യയുടെ പകുതിയോളം പേര്‍ പലായനം ചെയ്തു. അവിടെ താമസിക്കുന്നവര്‍ക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും കുറഞ്ഞുവരികയാണ്.