റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം; 470 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൂടെ അതിര്‍ത്തിയിലേക്ക്

Update: 2022-02-25 17:01 GMT

ന്യൂഡല്‍ഹി; യുദ്ധം മൂലം യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 470 പേരെ റുമാനിയയുടെ അതിര്‍ത്തി വഴി ഇന്ത്യയിലെത്തിക്കാനുളള നടപടികള്‍ പൂര്‍ത്തിയായി. യുദ്ധഭീഷണി നിലനില്‍ക്കുന്ന യുക്രെയ്‌നില്‍ നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്.

റൊമാനിയയുടെ പോരുബ്‌നെ-സിററ്റ് അതിര്‍ത്തി വഴിയാണ് ഇവരെ തിരിച്ചെത്തിക്കുക. റൊമാനിയയുടെ ഉള്‍പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടരുന്നുണ്ട്. അവരെ കണ്ടെത്തി സുരക്ഷിതതാവളങ്ങളിലേക്ക് മാറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

റൊമാനിയയുടെ തലസ്ഥാനമായ ബുക്കാറസ്റ്റിലേക്ക് എയര്‍ ഇന്ത്യ രണ്ട് വിമാനങ്ങള്‍ അയക്കുന്നുണ്ട്. ഈ വിമാനങ്ങളില്‍ ഇവരെ നാട്ടില്‍ തിരിച്ചെത്തിക്കും.

യുക്രെയ്ന്‍ അതിര്‍ത്തിയിലെത്തുന്ന വിദ്യാര്‍ത്ഥികളെ അതിര്‍ത്തിയില്‍ നിന്ന് റൊമാനിയയുടെ തലസ്ഥാനത്തേക്ക് വാഹനങ്ങളില്‍ എത്തിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയിലുണ്ട്.

യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുക്രെയ്ന്‍ വ്യോമഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്.

ഇന്ന് രാത്രി 9 മണിക്ക് റൊമാനിയയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടു. രണ്ടാമത്തെ വിമാനം പത്തരയോടെ മുംബൈയില്‍നിന്നും പുറപ്പെടും. ഈ വിമാനങ്ങള്‍ ശനിയാഴ്ച ഇന്ത്യയിലേക്ക് മടങ്ങും.

ഹംഗറിയും റൊമാനിയയും വഴി ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള പദ്ധതികള്‍ ഇന്ത്യന്‍ എംബസി തയ്യാറാക്കുന്നുണ്ട്.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സംഘം സംഘമായിട്ടാണ് അതിര്‍ത്തിയിലെത്തിക്കുക. അതിന് നേതൃത്വം നല്‍കുന്നതിനുള്ള ഉദ്യോഗസ്ഥരെ വിദേശകാര്യമന്ത്രാലയം നേരത്തെത്തന്നെ നിയോഗിച്ചിട്ടുണ്ട്. 

Tags:    

Similar News