നാലാം ദിനവും ഏറ്റുമുട്ടല്‍ തുടരുന്നു; കീവിനെ വളഞ്ഞാക്രമിച്ച് റഷ്യ, ഖര്‍ക്കീവിലെ വാതക പൈപ്പ് ലൈനിലും സ്‌ഫോടനം

Update: 2022-02-27 02:01 GMT

കീവ്: യുക്രെയ്‌നെതിരായ റഷ്യന്‍ അധിനിവേശം നാലാം ദിവസവും തുടരുന്നു. യുക്രെയ്‌നെ നാലുഭാഗത്തുനിന്നും വളഞ്ഞിട്ടാക്രമിക്കുകയാണ് റഷ്യ. ഏതുവിധേനയും കീവ് പിടിച്ചെടുക്കാനുള്ള നിര്‍ദേശമാണ് റഷ്യ സൈന്യത്തിന് നല്‍കിയിരിക്കുന്നത്. അതേസമയം, കീവില്‍ ശക്തമായ ചെറുത്തുനില്‍പ്പാണ് യുക്രെയ്ന്‍ നടത്തുന്നത്. വാസില്‍കീവിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരേ റഷ്യ മിസൈല്‍ ആക്രമണം നടത്തി. തീ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. യുക്രെയ്ന്‍ തലസ്ഥാനമായ കീവിന് സമീപപ്രദേശമാണിത്. ഖര്‍ക്കീവില്‍ വാതക പൈപ്പ് ലൈന് നേരെയും ആക്രമണമുണ്ടായി. ഇവിടേയും വന്‍ തീപ്പിടിത്തമാണുണ്ടായിരിക്കുന്നത്.

യുക്രെയ്‌നെ തകര്‍ക്കാന്‍ സര്‍വമേഖലകളിലും കടന്നാക്രമണം തുടരുകയാണ് റഷ്യ. ഖര്‍കീവില്‍ യുക്രെയ്ന്‍- റഷ്യന്‍ സേനകള്‍ തമ്മില്‍ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്. കീവ് പൊരുതി നില്‍ക്കുകയാണെന്നാണ് രാജ്യത്തെ അഭിസംബോധന ചെയ്ത യുക്രെയ്ന്‍ പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കി പറഞ്ഞത്. യുക്രെയ്ന്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുന്നില്ലെന്ന് റഷ്യ കുറ്റപ്പെടുത്തി. വടക്ക് കിയവിലും ഖര്‍കീവിലും തെക്ക് ഖേഴ്‌സണിലുമാണ് റഷ്യ ആക്രമണം കടുപ്പിച്ചത്. കീവിന്റെ ഹൃദയഭാഗമായ മെയ്ഡന്‍ ചതുരത്തില്‍നിന്ന് 400 അടി അകലെ വരെ പോരാട്ടം നടക്കുന്നതായാണ് റിപോര്‍ട്ടുകള്‍.

സുരക്ഷാ, പ്രതിരോധ മേഖലകളില്‍ വിവിധ രാജ്യങ്ങള്‍ പിന്തുണ അറിയിച്ചെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് അറിയിച്ചു. യുദ്ധത്തിനെതിരായ കൂട്ടായ്മ ലക്ഷ്യം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഭീകരമായ ബോംബാക്രമണങ്ങള്‍ക്കിടയിലും കുഞ്ഞുങ്ങള്‍ ജന്‍മമെടുത്തിട്ടുണ്ടെങ്കില്‍ നമ്മളെ തോല്‍പ്പിക്കാന്‍ ശത്രുവിനാവില്ലെന്നും സെലന്‍സ്‌കി പറഞ്ഞു. രാജ്യം സ്വതന്ത്രമാവുന്നതുവരെ പോരാടും. തലസ്ഥാനമായ കീവ് ഉക്രേനിയന്‍ കൈകളില്‍തന്നെ തുടരുകയാണെന്നും പ്രസിഡന്റ് പറഞ്ഞു.

യുക്രെയ്‌ന് സഹായവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. ബെല്‍ജിയം യുക്രെയ്ന്‍ സൈന്യത്തിന് 2,000 മെഷീന്‍ ഗണ്ണുകളും 3,800 ടണ്‍ ഇന്ധനവും നല്‍കും. യുക്രെയ്‌നിന് ആയുധങ്ങള്‍ വിതരണം ചെയ്യാമെന്ന് ജര്‍മനിയും അറിയിച്ചിട്ടുണ്ട്. ജര്‍മ്മനിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന 400 റോക്കറ്റ് പ്രോപ്പല്‍ഡ് ഗ്രനേഡ് ലോഞ്ചറുകള്‍ യുക്രെയ്‌ന് അയക്കാന്‍ രാജ്യം നെതര്‍ലാന്‍ഡിന് അനുമതി നല്‍കി. റഷ്യ ആക്രമണം അവസാനിപ്പിക്കണമെന്ന് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. സുമിയില്‍ ഷെല്ലാക്രമണം തുടരുകയാണ്.

ആക്രമണത്തില്‍ റഷ്യയുടെ എസ്‌യു യുദ്ധവിമാനം കരിങ്കടലില്‍ തകര്‍ന്നുവീണതായി യുക്രെയ്ന്‍ അവകാശപ്പെട്ടു. തിങ്കളാഴ്ച രാവിലെ വരെ കീവ് നഗരത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കീവ് നഗരത്തില്‍ രാത്രിയും പകലുമാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. റഷ്യന്‍ സേന നഗരത്തില്‍ കടന്നതിനാലാണ് പുതിയ തീരുമാനം. അതേസമയം, ചെച്‌നിയന്‍ സൈന്യവും റഷ്യയ്‌ക്കൊപ്പം ചേര്‍ന്നു. യുക്രെയ്ന്‍ സൈനിക കേന്ദ്രം പിടിച്ചെടുത്തെന്ന് ചെയ്‌നിയന്‍ പ്രസിഡന്റ് അറിയിച്ചു. സംഘര്‍ഷത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 198 സിവിലിയന്മാര്‍ കൊല്ലപ്പെടുകയും 1,115 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഉക്രേനിയന്‍ ആരോഗ്യമന്ത്രി വിക്ടര്‍ ലിയാഷ്‌കോ പറഞ്ഞു. ആക്രമണത്തില്‍ ഇതുവരെ 3,500 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായി ഉക്രേനിയന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുടെ ഉപദേശകന്‍ പറഞ്ഞു.

Tags:    

Similar News