137 പേര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍; ചെര്‍ണോബില്‍ പിടിച്ചെടുത്ത് റഷ്യ

യുക്രൈന്‍ തലസ്ഥാനമായ കിയേവിന്റെ ദിശയിലേക്ക് റഷ്യന്‍ സൈനികര്‍ മുന്നേറുകയാണെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Update: 2022-02-25 01:19 GMT

കിയേവ്: റഷ്യന്‍ ആക്രമണങ്ങളില്‍ ഇതുവരെ 137 സിവിലിയന്മാരും സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. യുക്രൈന്‍ തലസ്ഥാനമായ കിയേവിനെ ലക്ഷ്യമാക്കി റഷ്യന്‍ സൈനികര്‍ മുന്നേറുകയാണെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മോസ്‌കോ രാജ്യത്തേക്ക് സൈന്യത്തെ ഒഴുക്കുന്നത് തുടരുകയാണ്. ഏകദേശം 100,000 ഉക്രൈനികള്‍ വീടുവിട്ട് പലായനം ചെയ്തതായി യുഎന്‍ അഭയാര്‍ഥി ഏജന്‍സി പറയുന്നു. പാശ്ചാത്യ ശക്തികള്‍ മോസ്‌കോയുടെ നീക്കത്തെ അപലപിക്കുമ്പോള്‍ യുക്രൈന്‍ അധിനിവേശത്തിന്റെ പേരില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യയ്‌ക്കെതിരേ പുതിയ ഉപരോധം പ്രഖ്യാപിച്ചു.

ചെര്‍ണോബിലും റഷ്യന്‍ സേന പിടിച്ചെടുത്തു. അതിനിടെ യുക്രൈനിലെ സൈനിക നടപടിയുടെ ആദ്യ ദിനം വിജയകരമെന്ന് റഷ്യന്‍ സൈന്യം അറിയിച്ചു.

യുക്രൈന്റെ സൈനിക താവളങ്ങളും വിമാനത്താവളങ്ങളുമടക്കം 203 കേന്ദ്രങ്ങളിലാണ് റഷ്യ ആക്രമണം നടത്തിയത്. സൈനികര്‍ ഉള്‍പ്പെടെ 100ലധികം പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ സ്ഥിരീകരിച്ചു. റഷ്യക്ക് തിരിച്ചടി നല്‍കിയെന്നും 50 റഷ്യന്‍ സൈനികരെ വധിച്ചെന്നും

യുക്രൈന്‍ അവകാശപ്പെട്ടു. ചെര്‍ണോബില്‍ ആണവ നിലയം ഉള്‍പ്പെടുന്ന മേഖലയും റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. യുക്രൈന്റെ ഔദ്യോഗിക ഉപദേശകനായ മിഖായിലോ പൊഡോലിയാക്കാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആണവ നിലയത്തിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന യുക്രൈന്‍ സൈന്യത്തെ ബന്ദികളാക്കിയെന്നും അദ്ദേഹം പറഞ്ഞു. യുക്രൈന്‍ തലസ്ഥാനമായ കിയേവിലേക്ക് കൂടുതല്‍ റഷ്യന്‍ സൈന്യത്തെ വിന്യസിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. അതിനിടെ യുെ്രെകനിലെ സൈനിക നടപടിയുടെ ആദ്യ ദിനം വിജയകരമെന്നും ലക്ഷ്യം നിര്‍വഹിച്ചെന്നും റഷ്യന്‍ സൈന്യം അറിയിച്ചു. റഷ്യയെ സംരക്ഷിക്കാന്‍ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ലെന്നാണ് പുടിന്റെ വിശദീകരണം. എന്നാല്‍ സ്വാതന്ത്യം ഇല്ലാതാക്കി ജീവിതം നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ പ്രതിരോധിക്കുമെന്നും പിന്തിരിഞ്ഞോടില്ലെന്നും യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി മുന്നറിയിപ്പ് നല്‍കി.

അംഗരാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നാറ്റോ ഇന്ന് യോഗം ചേരും. അതേസമയം, യുക്രെയ്‌നില്‍ സൈനിക അധിനിവേശത്തിന് തുടക്കമിട്ട റഷ്യയ്‌ക്കെതിരെ ഉപരോധ നടപടികള്‍ കടുപ്പിച്ച് അമേരിക്ക. പുടിനെ അതിക്രമിയെന്ന് വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുദ്ധം തിരഞ്ഞെടുത്ത പുടിനു അദ്ദേഹത്തിന്റെ രാജ്യവും പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി.അതേ സമയം, യുക്രൈനിലേക്ക് യുഎസ് സൈന്യത്തെ അയക്കില്ലെന്നും എന്നാല്‍ നാറ്റോ രാജ്യങ്ങളുടെ ഓരോ ഇഞ്ച് പ്രദേശവും പ്രതിരോധിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി. അന്താരാഷ്ട്ര വേദിയില്‍ പുടിന്‍ പരിഹാസ്യനാകുമെന്നും ബൈഡന്‍ പറഞ്ഞു. യുക്രൈനെതിരേ ന്യായീകരിക്കാനാവാത്ത യുദ്ധം നടത്താനുള്ള പുതിന്റെ നടപടി റഷ്യയെ ദുര്‍ബലമാക്കുകയും ലോകത്തെ മറ്റ് രാജ്യങ്ങളെ ശക്തമാക്കുകയും ചെയ്യുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.

Tags:    

Similar News