സബ് കലക്ടര്‍ക്കെതിരേ അധിക്ഷേപം: എസ് രാജേന്ദ്രന്‍ എംഎല്‍എ ഖേദം പ്രകടിപ്പിച്ചു
താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും 'അവള്‍' എന്നത് നമ്മുടെ നാട്ടില്‍ അത്ര മോശം വാക്കല്ലെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തം നിറവേറ്റുകയാണ് ഞാന്‍ ചെയ്തത്. തന്റെ സംസാരം ആര്‍ക്കെങ്കിലും വേദന ഉണ്ടാക്കിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി: ദേവികുളം സബ് കലക്ടര്‍ ഡോ. രേണുരാജിനെ അധിക്ഷേപിച്ച സംഭവത്തില്‍ സിപിഎമ്മും സിപി ഐയും നിലപാട് കടുപ്പിച്ചതോടെ എസ് രാജേന്ദ്രന്‍ എംഎല്‍എ ഖേദം പ്രകടിപ്പിച്ചു. എന്നാല്‍, താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും 'അവള്‍' എന്നത് നമ്മുടെ നാട്ടില്‍ അത്ര മോശം വാക്കല്ലെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തം നിറവേറ്റുകയാണ് ഞാന്‍ ചെയ്തത്. തന്റെ സംസാരം ആര്‍ക്കെങ്കിലും വേദന ഉണ്ടാക്കിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാറിലെ അനധികൃത നിര്‍മാണം തടഞ്ഞത് ചോദ്യം ചെയ്തപ്പോള്‍ ദേവികുളം സബ് കലക്്ടര്‍ ഡോ. രേണുരാജ് തന്നോട് താന്‍ തന്റെ പണി നോക്ക് എന്നു പറഞ്ഞെന്ന എംഎല്‍എയുടെ വിശദീകരണത്തോടെയാണ് വിവാദത്തിനു തുടക്കമായത്. ഇതിനു മറുപടിയെന്നോളം സബ് കലക്്ടര്‍ ബോധമില്ലാത്തവളാണെന്നും ബുദ്ധിയില്ലാത്തവളെന്നും വിളിച്ചെന്നാണ് ആരോപണം. എംഎല്‍എയെ ആക്ഷേപിച്ചിട്ടില്ലെന്നു വാര്‍ത്താസമ്മേളനത്തിലൂടെ വ്യക്തമാക്കിയ സബ് കലക്്ടര്‍ അനധികൃത നിര്‍മാണം സംബന്ധിച്ച വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതിനുപുറമെ, റവന്യൂ മന്ത്രിയും സിപിഎം, സിപി ഐ ജില്ലാ സെക്രട്ടറിമാരും രാജേന്ദ്രനെതിരേ രംഗത്തെത്തിയതോടെയാണ് ക്ഷമാപണം നടത്തിയത്. സംഭവത്തില്‍ സിപിഎം ജില്ലാ കമ്മിറ്റി വിശദീകരണം തേടുമെന്നും അറിയിച്ചിരുന്നു.
പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പഴയ മൂന്നാറിലെ മുതിരപ്പുഴയാറിനോടു ചേര്‍ന്ന സ്ഥലത്താണു വനിതാ വ്യാവസായ കേന്ദ്രം നിര്‍മിക്കുന്നത്. 2010ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം കലക്ടറുടെ അനുമതിയില്ലാതെയാണു നിര്‍മാണം. പുഴയാറിന്റെ തീരം കൈയേറിയാണു നിര്‍മാണമെന്നാണ് ആരോപണം. പരാതിയെ തുടര്‍ന്ന് നിര്‍മാണം തടയാനെത്തിയ തഹസില്‍ദാര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ ദേവികുളം എംഎല്‍എയുടെ നേതൃത്തില്‍ തിരിച്ചയച്ചു. പിന്നീടാണു സബ് കലക്ടര്‍ രേണു രാജിനെ എസ് രാജേന്ദ്രന്‍ എംഎല്‍എ പരസ്യമായി അധിക്ഷേപിച്ചത്. പ്രശ്‌നം കൂടുതല്‍ വഷളാവുന്നതിനു മുമ്പ് ഒതുക്കാനാണ് ക്ഷമാപണമെന്നാണു വിലയിരുത്തല്‍.