ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച പ്രതി പ്രധാനമന്ത്രിക്കൊപ്പം വേദിയില്‍; പോലിസിനെതിരേ ആക്ഷേപം
തൃശ്ശൂര്‍: ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിനെത്തിയ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ അക്രമം അഴിച്ചുവിട്ട മുഖ്യപ്രതി പ്രധാനമന്ത്രിക്കൊപ്പം ഒരേവേദിയില്‍. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. കെ പി പ്രകാശ് ബാബുവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം തൃശൂരില്‍ യുവമോര്‍ച്ചാ സംസ്ഥാനസമ്മേളനത്തിന്റെ പൊതുവേദിയിലെത്തിയത്. പോലിസിന്റെ മൂക്കിനുതാഴെ ജാമ്യമില്ലാ വകുപ്പുകളടക്കം ഉള്‍പ്പെട്ട ഏഴ് ക്രിമിനല്‍ കേസുകളില്‍ പ്രതികൂടിയായ പ്രകാശ് ബാബു എത്തിയപ്പോള്‍ പിടികൂടുന്നതടക്കമുള്ള കാര്യങ്ങളില്‍ പോലിസ് വീഴ്ച വരുത്തിയത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. വധശ്രമം, പ്രേരണ, ഗൂഢാലോചനക്കുറ്റങ്ങള്‍ എന്നിവ ചുമത്തി ഇയാള്‍ക്കെതിരേ പോലിസ് ലുക്കൗട്ട് നോട്ടിസും പുറത്തിറക്കിയിരുന്നു. ശബരിമല വിഷയത്തില്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ അറസ്റ്റിലായെങ്കിലും പ്രകാശ് ബാബുവിനെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പ്രകാശ് ബാബു പൊതുവേദിയിലെത്തിയത്. ശബരിമലയിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ പോലിസ് മെല്ലപ്പോക്ക് നടത്തുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രിക്കൊപ്പം വരെ പ്രധാനപ്രതികള്‍ പൊതുവേദിയിലെത്തുന്നത്.