ബെംഗളൂരു 'തീവ്രവാദ കേന്ദ്ര'മെന്ന പരാമര്‍ശം; തേജസ്വി സൂര്യയെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ്
ബെംഗളൂരു: തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രമായി ബെംഗളൂരു മാറിയെന്ന ഭാരതീയ യുവമോര്‍ച്ചയുടെ പുതിയ ദേശീയ പ്രസിഡന്റ് തേജസ്വി സൂര്യ എംപിയുടെ പ്രസ്താവനയ്‌ക്കെതിരേ കോണ്‍ഗ്രസ് രംഗത്ത്. കര്‍ണാടക ഭരിക്കുന്നത് ബിജെപിയാണെന്നും പുതിയ യുവനേതാവിനെ ബിജെപി പുറത്താക്കണമെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയ ട്വീറ്റിനെതിരേയും സാമൂഹിക മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമാണുയര്‍ന്നിട്ടുള്ളത്. 'ബിജെപി അദ്ദേഹത്തെ പുറത്താക്കണം. അദ്ദേഹം ബെംഗളൂരുവിനെ കൊല്ലുകയാണ്. ഇത് ബിജെപിക്കു നാണക്കേടാണെന്നും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാര്‍ പറഞ്ഞു. യുവമോര്‍ച്ചയുടെ ദേശീയ അധ്യക്ഷനായി നാമനിര്‍ദേശം ചെയ്ത ശേഷം ആദ്യമായി നടത്തിയ പ്രസ്താവനയിലാണ് ബെംഗളൂരുവിനെ അധിക്ഷേപിച്ചത്. 'കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഇന്ത്യയുടെ സിലിക്കണ്‍ വാലിയായ ബെംഗളൂരു തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രമായി മാറിയിരിക്കുന്നു. അന്വേഷണ ഏജന്‍സി കണ്ടെത്തിയ നിരവധി അറസ്റ്റുകളിലൂടെയും സ്ലീപ്പര്‍ സെല്ലുകളിലൂടെയും ഇക്കാര്യം തെളിഞ്ഞുവെന്നായിരുന്നു തേജസ്വി സൂര്യയുടെ പരാമര്‍ശം.
നഗരത്തിലെ കെജെ ഹള്ളി, ഡിജെ ഹള്ളി പ്രദേശങ്ങളില്‍ ഈയിടെയുണ്ടായ സംഘര്‍ഷത്തെ ഉദ്ധരിച്ചായിരുന്നു തേജസ്വി സൂര്യയുടെ വിവാദ പരാമര്‍ശം. എന്‍ഐഎ അന്വേഷണത്തില്‍ പല ഭീകര സംഘടനകളും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രഭവ കേന്ദ്രമായി ബെംഗളുരുവിനെ ഉപയോഗിക്കുന്നതായാണ് സൂചിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധു പ്രവാചകനെ നിന്ദിച്ച് ഫേസ്ബുക്കില്‍ പ്രകോപന പോസ്റ്റിട്ടതിനു പിന്നാലെ നടപടിയാവശ്യപ്പെട്ട് പ്രദേശവാസികള്‍ രംഗത്തെത്തിയെങ്കിലും പോലിസ് നടപടിയെടുത്തിരുന്നില്ല. തുടര്‍ന്ന് പ്രതിഷേധവുമായെത്തിയ പ്രദേശവാസികള്‍ക്കു നേരെ പോലിസ് നടത്തിയ വെടിവയ്പില്‍ നാലു പേര്‍ കൊല്ലപ്പെടുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെയാണ് ലോക്‌സഭയില്‍ ബെംഗളൂരു സൗത്തിനെ പ്രതിനിധീകരിക്കുന്ന എംപിയായ തേജസ്വി സൂര്യ തീവ്രവാദമായി ചിത്രീകരിച്ചത്. നഗരത്തില്‍ എന്‍ഐഎയുടെ ഒരു സെല്‍ തുറക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് തേജസ്വി സൂര്യ ആവശ്യപ്പെട്ടിട്ടുണ്ട്. 'കര്‍ണാടകയില്‍ ഒരു സമ്പൂര്‍ണ എന്‍ഐഎ ഓഫിസ് വേണമെന്ന ആവശ്യം വളരെക്കാലമായി ഉണ്ടായിരുന്നു. കേന്ദ്ര ഏജന്‍സിക്ക് നിലവില്‍ ഹൈദരാബാദില്‍ താവളമുണ്ട്. കര്‍ണാടകയില്‍ ഉടന്‍ എന്‍ ഐഎ ഓഫിസ് സ്ഥാപിക്കുമെന്ന് അമിത് ഷാ ഉറപ്പുനല്‍കിയതായും തേജസ്വി സൂര്യ എംപി പറഞ്ഞു. നേരത്തേ മുസ് ലിം വിദ്വേഷ പരാമര്‍ശങ്ങളിലൂടെയും അറബ് വനിതകള്‍ക്കെതിരായ പ്രസ്താവനകളിലൂടെയും കുപ്രസിദ്ധി നേടിയയാളാണ് തേജസ്വി സൂര്യ.
Sack Him: Congress To BJP On Tejasvi Surya's Bengaluru Terror Hub Remark